ആലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തിലെ കൈതവന താനാകുളം മുതൽ പഴയനടക്കാവ് - അമ്പലപ്പുഴ വടക്കേനട വരെയുള്ള റോഡ് മന്ത്രി ജി. സുധാകരൻ ഗതാഗതത്തിന് തുറന്നു കൊടുത്തു.
അമ്പലപ്പുഴ മണ്ഡലത്തിൽ വലിയ തോതിലുള്ള വികസനമാണ് നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ലോകോത്തര നിലവാരത്തിലുള്ള റോഡുകളുമായി താരതമ്യപ്പെടുത്താൻ സാധിക്കുന്ന രീതിയിലുള്ള റോഡ് നിർമ്മാണമാണ് കേരളത്തിൽ നടക്കുന്നത്. കൈതവന താനാകുളം മുതൽ പഴയനടക്കാവ് - അമ്പലപ്പുഴ വടക്കേനട വരെയുള്ള 11.78 കി.മീറ്റർ റോഡ് കിഫ്ബിയിൽ നിന്ന് 19.54 കോടി ചെലവഴിച്ച് ഏറ്റവും നൂതനവും ആധുനികവുമായ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നിർമ്മിച്ചത്. അമ്പലപ്പുഴയുടെ കിഴക്കൻ പ്രദേശത്തുള്ളവർക്കും നെൽകൃഷിക്കാർക്കും ഏറ്റവും ഉപകാരപ്രദമാണ് റോഡ്. ഭൂപ്രകൃതിക്കും പരിസ്ഥിതിക്കും ഇണങ്ങുന്ന ആധുനിക സാങ്കേതിക വിദ്യകളായ സ്വാഭാവിക റബ്ബർ, ഷ്രഡഡ് പ്ലാസ്റ്റിക് എന്നിവ റോഡ് ഉപരിതല പുനർനിർമാണത്തിന് ഉപയോഗിച്ചു. കയർ ഭൂവസ്ത്രവും ഉപയോഗിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കളർകോട് നടന്ന യോഗത്തിൽ എ.എം.ആരിഫ് എം.പി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ, മത്സ്യഫെഡ് ചെയർമാൻ പി.പി.ചിത്തരഞ്ജൻ, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.ജുനൈദ്, പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സുവർണ്ണ പ്രതാപൻ, പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധർമ്മ ഭുവനചന്ദ്രൻ, കെ.ആർ.എഫ്.ബി ചീഫ് എൻജിനീയർ ഡാർലിൻ കർമലിറ്റ ഡിക്രൂസ്, പൊതുമരാമത്തു വകുപ്പ് എക്‌സിക്യുട്ടീവ് എൻജിനീയർ ബി.വിനു, അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനീയർ മോളമ്മ തോമസ് എന്നിവർ പങ്കെടുത്തു.