ആലപ്പുഴ: പട്ടികജാതി വികസനഫണ്ട് ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിക്കുക, പട്ടിക വിഭാഗങ്ങളെ ദ്രോഹിക്കുന്ന താത്കാലിക ജീവനക്കാരനെ പിരിച്ചുവിടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ആര്യാട് ഗ്രാമപഞ്ചായത്ത് പടിക്കൽ അഖില കേരള ചേരമർ ഹിന്ദു മഹാസഭ നേതൃത്വത്തിൽ നടത്തുന്ന അനിശ്ചിതകാല സമരത്തിനിടെ സംഘർഷം. ഇന്നലെ രാവിലെ ഓഫീസിലേക്കു വന്ന സെക്രട്ടറിയെ ചാണകവെള്ളം ഒഴിക്കാൻ ശ്രമിച്ച സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

ഒക്ടോബർ 19നാണ് സമരം തുടങ്ങിയത്. സമരക്കാരുടെ ആവശ്യങ്ങൾ ചർച്ച ചെയ്യാൻ സെക്രട്ടറിയോ പഞ്ചായത്ത് ഭരണ നേതൃത്വമോ ഇതുവരെ തയ്യാറായിട്ടില്ലെന്ന് സമരസമിതി നേതാക്കൾ ആരോപിക്കുന്നു. ഇതോടെയാണ് സെക്രട്ടറിയെ ചാണകവെള്ളം തളിക്കാൻ തീരുമാനിച്ചത്. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് പൊലീസ് സംഘവും സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. ബഹളത്തിനിടെ സമരസമിതി ചെയർമാൻ അമൃത് രാജിനെ പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സമരക്കാർ ഓഫീസിനു മുന്നിൽ തോർത്തുവിരിച്ച് ഭിക്ഷയെടുക്കൽ സമരം നടത്തി. കഴിഞ്ഞ ദിവസം പഞ്ചായത്തിനു മുന്നിൽ സെക്രട്ടറിയുടെ കോലം കത്തിച്ചിരുന്നു. സമിതി സെക്രട്ടറി ആർ. രതീഷ്, പി. രാജേഷ്, സുധീഷ്, സന്തോഷ്, ഷാജി, സുമേഷ്, മോളമ്മ, യമുന സന്തോഷ്, ഗംഗ സനി, വേണുക്കുട്ടൻ, സുനിൽകുമാർ എന്നിവരും അറസ്റ്റിലായി.