ക്ഷേത്രം നൽകിയ ഭൂമിയിൽ ആശുപത്രി നിർമ്മിക്കാൻ പഞ്ചായത്തു കമ്മിറ്റി തീരുമാനം
ചേർത്തല:കടക്കരപ്പള്ളി ഗവ.ഹോമിയോ ആശുപത്രിക്ക് സ്വന്തം മന്ദിരം നിർമ്മിക്കുന്നതിനായി കണ്ടമംഗലം ക്ഷേത്ര സമിതി സൗജന്യമായി നൽകിയ ഭൂമിയിൽ കെട്ടിട നിർമ്മാണം നടത്താൻ ഗ്രാമപഞ്ചായത്ത് കമ്മിറ്റി അംഗീകാരം.ബുധനാഴ്ച നടന്ന പഞ്ചായത്ത് കമ്മിറ്റിയിലാണ് തീരുമാനം. തങ്കി സഹകരണബാങ്കിന്റെ കെട്ടിടത്തിലെ മുറിയിലാണ് ആശുപത്രി പ്രവർത്തിച്ചിരുന്നത്. കെട്ടിടംനിർമ്മിക്കുന്നതിന് വകുപ്പു ഫണ്ടോ മന്ത്റി പി.തിലോത്തമന്റെ ആസ്തി വികസനഫണ്ടോ ആവശ്യപ്പെടാനും പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു.
കൈമാറുന്ന സ്ഥലത്തിന്റെ രേഖകൾ ക്ഷേത്രസമിതി പ്രസിഡന്റ് പി.ഡി.ഗഗാറിനിൽ നിന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പത്മിനിപങ്കജാക്ഷൻ ഏറ്റുവാങ്ങി.ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി.ബാബു,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജെ.ജഗദീഷ്,ആർ.ഗീതമ്മ,ബി.ചന്ദ്രിക തുടങ്ങിയവരും ക്ഷേത്രസമിതി സെക്രട്ടറി ഇൻ ചാർജ്ജ് പി.പി.നാരായണൻ കമ്മിറ്റിയംഗങ്ങളായ വിവേക്.വി.പൊന്നപ്പൻ,ഗിരീഷ് എന്നിവരും പങ്കെടുത്തു.ആശുപത്രിക്കായി
തങ്കി പള്ളിയും സ്ഥലം നൽകാൻ സന്നദ്ധത അറിയിച്ച് ഗ്രാമപഞ്ചായത്തംഗത്തിന് കത്തുനൽകിയിരുന്നു.