ചേർത്തല: പാലക്കാട് വാളയാർ പീഡനക്കേസിലെ മൂന്നാം പ്രതിയും കഴിഞ്ഞ ദിവസം ജീവനൊടുക്കുകയും ചെയ്ത വയലാർ പഞ്ചായത്ത് 5-ാം വാർഡ് കടപ്പള്ളിയിൽ പ്രദീപ്കുമാറിന്റെ (36) ഫോൺ വിശദാംശങ്ങൾ പൊലീസ് പരിശോധിക്കും. കുടുംബ പ്രശ്‌നമാണ് ആത്മഹത്യയ്ക്കു കാരണമെന്നും ആത്മഹത്യാക്കുറിപ്പ് ലഭിച്ചതായും പൊലീസ് പറഞ്ഞു. നിലവിൽ മ​റ്റു സംശയങ്ങളില്ലെന്നും സാധാരണ നടപടിക്രമത്തിന്റെ ഭാഗമായാണ് ഫോൺ പരിശോധനയെന്നും പൊലീസ് വിശദീകരിച്ചു.

കേസ് നടത്തിപ്പിനായി ഇയാൾ വീണ്ടും അഭിഭാഷകനെ ഏർപ്പാടാക്കിയിരുന്നു. സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. പ്രതീക്ഷിച്ച വായ്പ ലഭിക്കാത്തതിൽ നിരാശയും ഉണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു.

പ്രദീപിന്റെ കൊവിഡ് പരിശോധനാ ഫലം നെഗ​റ്റീവാണ്. ഇന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പൊലീസ് സർജ്ജന്റെ സാന്നിദ്ധ്യത്തിൽ പോസ്​റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം വിട്ടുകൊടുക്കും.

സഹോദരിമാരായ പെൺകുട്ടികൾ പീഡനത്തിന് ഇരയായി ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ പ്രദീപിനെ ഒരു വർഷം മുൻപ് കോടതി വെറുതെ വിട്ടിരുന്നു.