ആൾക്കാർക്ക് മര്യാദക്കാരാവാൻ അധികം സമയം വേണ്ടെന്നതിന് അടിവരയിടുകയാണ് ആലപ്പുഴയിലെ രാഷ്ട്രീയക്കാരും മുഖ്യധാരാ രാഷ്ട്രീയത്തിലില്ലാത്ത പൊതുപ്രവർത്തകരുമെല്ലാം. എല്ലാവരുടെയും പെരുമാറ്റത്തിൽ മുമ്പെങ്ങുമില്ലാത്ത ഒരു നൈർമല്യം, വിനയം, പരസ്നേഹം. ഇന്നലെ വരെ കൂടുകെട്ടിയിരുന്ന നെഞ്ചും വിരിച്ച്, മാനത്ത് മേഘത്തിന്റെ സഞ്ചാരം നോക്കിയോ താഴെ കളഞ്ഞുപോയ പൊന്നും സൂചി തിരഞ്ഞോ എന്നൊക്കെയുള്ള മട്ടിൽ നടന്നിരുന്ന പലരും ഇപ്പോൾ മറ്റുള്ളവരെ കണ്ടാൽ കാറ്റത്ത് കമുക് വളയും പോലെയാണ് നില്പ്. വായിൽ നിന്ന് വാക്കുകൾ വരുന്നത് പഞ്ചസാരപാനി ഇറ്രുവീഴും പോലെ. മൺമറഞ്ഞ മൂന്ന് തലമുറയ്ക്ക് മുമ്പുള്ളവരെ കുറിച്ച് വരെ കുശലാന്വേഷണം. കാറിലോ ഇരുചക്ര വാഹനങ്ങളിലോ ഒക്കെ പാറി നടന്നിരുന്നവർ പെട്ടെന്ന് കാൽനട യാത്രികരായി മാറി. പരിചയക്കാരെ കാണുമ്പോൾ പൊടുന്നനെയുള്ള ചിരികണ്ടാൽ, മുഖത്തെ മാസ്ക് രണ്ടായി കീറുമോ എന്നു പോലും തോന്നിപ്പോകും. ഇരുട്ടിവെളുത്തപ്പോഴുള്ള ഈ മാറ്റത്തെക്കുറിച്ച് ചിന്തിച്ചപ്പോഴാണ് സമാഗതമായിരിക്കുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനെക്കുറിച്ച് ഓർത്തത്. പക്ഷെ മുമ്പുള്ള തിരഞ്ഞെടുപ്പുകളിലൊന്നും സ്ഥാനാർത്ഥികളോ, അവരുടെ അനുയായികളോ ഒന്നും ഇത്ര സരസ കോമള വിനയാന്വിത പരിത്യാഗി ശ്രേഷ്ഠന്മാരായി കണ്ടിട്ടില്ല.
വീണ്ടും തലപുകഞ്ഞ് ചിന്തിച്ചപ്പോഴാണ് പ്രചാരണ പ്രവർത്തനങ്ങൾക്ക് കൊവിഡ് ചങ്ങലപ്പൂട്ടിട്ട കാര്യം ഓർത്തത്. പകലന്തിയോളം അനുയായികൾക്കൊപ്പം വീടുകൾ കയറി ഇറങ്ങാനാവില്ല, കവലകൾ തോറും പൊതുയോഗം നടത്തി മൈക്കിലൂടെ തൊണ്ടവലിച്ചു കീറാനാവില്ല, ചെല്ലും ചെലവും കൊടുത്ത് വിളിച്ചുകൂട്ടുന്ന ആൾക്കാരെ കൊണ്ട് ശക്തിപ്രകടനങ്ങൾ നടത്താനാവില്ല. തൊട്ടിലിൽ കിടക്കുന്ന കുട്ടിയെ എടുത്ത് താലോലിക്കാനുമാവില്ല. 'വല്ലഭന് പുല്ലും ആയുധ'മെന്ന് വെറുതെ അങ്ങു വിശ്വസിച്ച് ഇളിച്ചുകൊണ്ട് രംഗത്തിറങ്ങുക തന്നെ ഏക മാർഗം. മല്ലികാബാണൺ മന്ദാരമലർ ശരമാക്കും പോലെ വിനയവും ചിരിയും ഓച്ഛാനിച്ചു നില്പും മുണ്ടിന്റെ കുത്തഴിച്ചിടലും തലചൊറിയലും സന്ദർഭോചിതം മാറിമാറി യഥേഷ്ടം പ്രയോഗിക്കുക തന്നെ പോംവഴികൾ. ഈ തിരിച്ചറിവാണ് ജില്ലയിൽ പെട്ടെന്നൊരു മര്യാദയും ക്ഷമാശീലവുമൊക്കെ പ്രസരിക്കാൻ കാരണം.പൊതു ചടങ്ങുകളിൽ പോലും ഇത് ദൃശ്യമായിതുടങ്ങി.
ശിലാഫലകത്തിൽ പേരില്ലെ ?
എന്തിന് വെറുതെ പൊങ്ങച്ചം
ആലപ്പുഴ നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോന്റെ ക്ഷമയ്ക്കും ലാളിത്യത്തിനുമാണ് ആദ്യം മാർക്ക്കൊടുക്കേണ്ടത്. ആലപ്പുഴയിലെ അതിപുരാതനമായ ഒരു മന്ദിരമാണ് സബ് ജയിൽ മന്ദിരം. സമൂഹത്തിന്റെ നാനാതുറകളിൽ പെട്ട എത്രയോ മഹത്തുക്കൾ ഇവിടെ അന്തി ഉറങ്ങിയിട്ടുണ്ട്. ജനകീയ സമരങ്ങളുമായി ബന്ധപ്പെട്ട് രാഷ്ട്രീയ നേതാക്കൾ, പൊതു പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് സാമൂഹിക പ്രവർത്തകർ തുടങ്ങി എത്രയോ പേർ ഇവിടെ തടവുകാരായി. കള്ളവാറ്ര്, കഞ്ചാവ്, ബലാത്സംഗം, അടിപിടി, കൊലപാതകം തുടങ്ങിയ കേസുകളിൽ ഉൾപ്പെട്ട മറ്റൊരു വിഭാഗവും. ചിലപ്പോഴെങ്കിലും തീപ്പെട്ടിയിൽ കോലു നിറയ്ക്കും പോലെ ഇവിടുത്തെ സ്ഥലപരിമിതിയിൽ തടവുകാരെ പാർപ്പിക്കേണ്ടി വന്നിട്ടുണ്ട്. ഇതിന് ഒരു പരിഹാരമെന്ന നിലയ്ക്കാണ് പുതിയ ജയിൽ മന്ദിരം നിർമ്മിച്ചത്. ആലപ്പുഴ ജില്ലയുടെ പ്രത്യേക ചുമതലയുള്ള മന്ത്രി ജി.സുധാകരനടക്കം പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങ്. നഗരസഭാ ചെയർമാനാണ് അദ്ധ്യക്ഷൻ. ഉദ്ഘാടന ചടങ്ങിൽ ശിലാഫലകത്തിന്റെ തിരശ്ശീല മാറിയപ്പോഴാണ് ഹൃദയം തകർക്കുന്ന ആ കാഴ്ച കണ്ടത്. ഫലകത്തിൽ നഗരസഭാ ചെയർമാന്റെ പേരു മാത്രമില്ല. മനസുകൊണ്ട് അദ്ദേഹത്തെ ഇഷ്ടമല്ലാത്ത, സ്വന്തം പാർട്ടയിലെ ശത്രുക്കൾക്ക് പോലും അതു കണ്ടു സഹിച്ചില്ല. അവർ പ്രതിഷേധിച്ച് ആരോടും പറയാതെ വേദിവിട്ടു.'എന്നോടെന്തിനീ പിണക്കം, എന്നുമെന്തിനാണെന്നോടു പരിഭവം ' എന്ന പാട്ടിന്റെ വരികൾ മനസിൽ മൂളി നഗരസഭാ അദ്ധ്യക്ഷനും വിഷണ്ണനായി സ്ഥലം വിട്ടു. പിന്നീടാണ് സംഘാടകർക്ക് വീഴ്ച ബോദ്ധ്യമായത്. അതോടെ അവർ നഗരസഭാ ചെയർമാനെ വിളിച്ച് സാഷ്ടാംഗം വീണ് ക്ഷമാപണം നടത്തി. മനസിൽ വേദനയുണ്ടെങ്കിലും പരിണതപ്രജ്ഞനായ രാഷ്ട്രീയക്കാരനായി ചെയർമാൻ പെട്ടെന്ന് മാറി.' വിഷമിക്കേണ്ട സുഹൃത്തുക്കളെ, എനിക്കതിലൊന്നും പരിഭവമില്ല,അല്ലെങ്കിൽ തന്നെ ഒരു പേരിലെന്തിരിക്കുന്നു. സൗകര്യം പോലെ നിങ്ങൾ എന്റെ പേരു ചേർത്ത് മറ്റൊരു ഫലകം സ്ഥാപിച്ചാൽ മതി'. ഒരു വടക്കൻ വീരഗാഥ സിനിമയുടെ നിർണായക മുഹൂർത്തത്തിൽ മമ്മൂട്ടി ഡയലോഗ് പറയും പോലെ ചെയർമാനും ഒരു തട്ടുതട്ടി. ആ ക്ഷമാശീലത്തിന് മുന്നിൽ തലകുനിച്ച് , എന്തൊക്കെയോ പിറുപിറുത്ത് സംഘാടകരും പിൻവാങ്ങി.
സ്വയംപ്രഖ്യാപിത സ്ഥാനാർത്ഥികൾ
നേർക്കു നേർ കൂട്ടിയിടിച്ചാലും മിണ്ടാതെ പോയിരുന്ന ചിലരും ചിരിതൂവി ഇറങ്ങിയിരിക്കുന്നു. സോഷ്യൽ മീഡിയയിൽ ഇവരുടെ തലകൾ കണ്ടപ്പോഴാണ് ആ കൊലച്ചിരിയുടെ പൊരുൾ പലർക്കും ബോദ്ധ്യപ്പെട്ടത്. ഞാനും മത്സരിക്കാനുണ്ടേ എന്ന മട്ടിലാണ് ഇവരുടെ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. ആവുന്നത്ര കനത്തിൽ മുഖത്ത് പുട്ടിയിട്ട് വെളുപ്പിച്ചുള്ള ചിത്രങ്ങൾക്കൊപ്പം. പാർട്ടികൾ തീരുമാനിച്ചോ എന്നതൊന്നും വിഷയമല്ല, മത്സരിച്ച് ജയിച്ച് ജനസേവനം നടത്തിയേ അടങ്ങൂ എന്ന വാശിയിലാണ് ഇവരെല്ലാം. മുൻകാലങ്ങളിൽ നാട്ടിലുണ്ടായ പ്രശ്നങ്ങളൊന്നും എന്തേ എന്നെ അറിയിച്ചില്ല എന്ന പരിഭവവും ചിലർ പങ്കു വയ്ക്കുന്നുണ്ട്.
കാൽനട ഭിക്ഷാംദേഹികൾ
വെയിലുകൊണ്ട് വാടിത്തളർന്ന് കാൽനടയായി ചിലരൊക്കെ ഭവന സന്ദർശനം നടത്തുന്നുണ്ട്. ഒറ്റയ്ക്കാണ് വരവെന്നതിനാലും മുഖത്ത് ഫ്ളക്സ് വയ്ക്കുംപോലുള്ള മാസ്ക് ധരിച്ചിട്ടുള്ളതിനാലും വീട്ടുകാർക്ക് ഇവരെ വിലക്കാനും നിർവാഹമില്ല. ദോഷം പറയരുത്, ഇക്കൂട്ടർ വോട്ടു ചോദിക്കുന്നില്ല, വീട്ടുവിശേഷം മാത്രം തിരക്കുന്നു. ഏറെ പാടുപെട്ടു കണക്കു കൂട്ടിയെടുക്കാവുന്ന കുടുംബ ബന്ധത്തെക്കുറിച്ചും ഓർമിപ്പിക്കുന്നു. എങ്ങാനും സ്ഥാനാർത്ഥിയാവേണ്ടി വന്നാൽ തുണയ്‌ക്കണേ എന്ന മട്ടിലാണ് കാര്യങ്ങളുടെ അവതരണം.
ഇതുകൂടി കേൾക്കണേ
എന്തെല്ലാം ദോഷമുണ്ടെന്ന് പറഞ്ഞാലും എത്ര ദിവസം ക്വാറന്റൈനിൽ കഴിയേണ്ടി വന്നാലും കൊറോണ വൈറസിന്റെ ഒരു സംഭാവന അവഗണിക്കാനാവില്ല, തിരഞ്ഞെടുപ്പു കാലത്ത് പതിവ് ബഹളങ്ങൾക്ക് ഒരു ശമനം കിട്ടുമല്ലോ.