ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെത്തിയേക്കും
ആലപ്പുഴ: ആലപ്പുഴക്കാരുടെ ചിരകാല സ്വപ്നമായ ബൈപാസ് ഡിസംബർ അവസാനത്തോടെ ഗതാഗതത്തിന് തുറന്നു കൊടുക്കാനാകുമെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു.ബൈപാസിന്റെ നിർമ്മാണ പുരോഗതി വിലയിരുത്താനെത്തിയതായിരുന്നു അദ്ദേഹം.
അവസാനഘട്ട പണികളായ സൈഡ് വാൾ പെയിന്റിംഗ് അടക്കമുള്ളവയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. പുതുവർഷത്തിൽ ആലപ്പുഴക്ക് ലഭിക്കുന്ന സമ്മാനമായി ബൈപാസ് മാറുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ബൈപാസിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കുമെന്ന സൂചനയും മന്ത്രി നൽകി. ബൈപാസ് ഉദ്ഘാടനം ചെയ്യാൻ താത്പര്യം അറിയിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് കത്ത് ലഭിച്ചതായും ഇത് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറിയതായും ജി.സുധാകരൻ പറഞ്ഞു.
ലൈറ്റുകൾ സ്ഥാപിക്കുന്ന ജോലി ഇനി ബാക്കിയുണ്ട്. ഇതിനുള്ള പോസ്റ്റുകൾ ഗുജറാത്തിൽ നിന്ന് എത്തണം. നവംബർ 30 ന് മുമ്പ് ലൈറ്റുകൾ സ്ഥാപിച്ചു തീരുമെന്നാണ് പ്രതീക്ഷ. 412 ലൈറ്റുകളാണ് മൊത്തം സ്ഥാപിക്കുന്നത്. ആദ്യത്തെ എസ്റ്റിമേറ്റിൽ 92 ലൈറ്റുകളേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് തങ്ങളുടെ ഫണ്ടുപയോഗിച്ച് 300 ലൈറ്റുകൾ കൂടി സ്ഥാപിക്കാൻ തീരുമാനിക്കുകയായിരുന്നു. ജംഗ്ഷൻ വികസനവും പൊതുമരാമത്ത് ഫണ്ടുപയോഗിച്ചാണ് നടത്തുന്നത്. പൊതുമരാമത്തു വകുപ്പ് ഉദ്യോഗസ്ഥർക്ക് ഒപ്പമാണ് മന്ത്രി ബൈപാസ് സന്ദർശിച്ചത്.