s

നീക്കിയത് 2.64 ലക്ഷം ക്യുബിക് മീറ്റർ

എന്തിനു വിനിയോഗിച്ചെന്ന് വ്യക്തതയില്ല

ആലപ്പുഴ: നഗരത്തിലെ കനാലുകളുടെ നവീകരണത്തിന്റെ ഭാഗമായി നീക്കം ചെയ്ത, 4 കോടിയോളം രൂപ മൂല്യമുള്ള 2.64 ലക്ഷം ക്യുബിക് മീറ്റർ മണൽ (15,500 ടോറസ് ലോഡ്) ഏതൊക്കെ ആവശ്യത്തിന്, എത്ര അളവിൽ ഉപയോഗിച്ചെന്ന് വ്യക്തമാക്കാനാവാതെ ജലസേചന, കൃഷിവകുപ്പ് അധികൃതർ.

മണലും ചെളിയും കോമളപുരം സ്പിന്നിംഗ് മില്ലിലെ താഴ്ന്ന പ്രദേശത്ത് നിക്ഷേപിച്ച് കാർഷിക ആവശ്യത്തിന് വിനിയോഗിക്കാനായിരുന്നു തീരുമാനം. എത്രമാത്രം വിനിയോഗിച്ചു എന്ന് ജലസേചന വകുപ്പിനും കൃഷി വകുപ്പിനും പറയാനാവുന്നില്ല. മണലും ചെളിയും അമ്പലപ്പുഴ, കുട്ടനാട്, ചേർത്തല താലൂക്കുകളിലെ പച്ചക്കറി കൃഷിക്കും റാണി, ചിത്തിര, ആർ ബ്ളോക്ക്, സി ബ്ളോക്ക് കായൽ പാടശേഖരങ്ങളിലെ ബണ്ട് ബലപ്പെടുത്താനും ഉപയോഗിച്ചെന്നാണ് വിശദീകരണം. ബാർജുകളിലാണ് കായൽ പാടശേഖരങ്ങളിലേക്ക് ഇവ കൊണ്ടുപോയത്. അതുകൊണ്ട് അളവ് തിട്ടപ്പെടുത്താൻ കഴിഞ്ഞില്ലെന്നും വിശദീകരണം. എന്നാൽ കൃഷി ആവശ്യത്തിനായി കൊണ്ടുപോയത് ലോറികളിൽ ആയതിനാൽ വ്യക്തമായ കണക്കുണ്ട്. ഈ കണക്ക് വെളിപ്പെടുത്താൻ ജലസേചന, കൃഷി വകുപ്പുകൾ തയ്യാറുമല്ല. കോമളപുരം സ്പിന്നിംഗ് മിൽ ഗ്രൗണ്ടിൽ ഇപ്പോൾ എത്ര ലോഡ് മണൽ ഉണ്ടെന്ന കണക്കും വ്യക്തമല്ല.

89 കോടിയുടെ പദ്ധതി

കിഫ്ബിയിൽ ഉൾപ്പെടുത്തി 9 കനാലുകളിലെ മാലിന്യവും മണലും ചെളിയും നീക്കി ആഴം വർദ്ധിപ്പിക്കാനും സംരക്ഷണ ഭിത്തി നിർമ്മാണത്തിനും ആലപ്പുഴ-ചേർത്തല കനാലിൽ 9 ചെറു പാലങ്ങൾ നിർമ്മിക്കാനുമായി 89 കോടിയാണ് അനുവദിച്ചത്. ആകെ 23.86 കിലോമീറ്റർ നീളമുള്ള കനാലിൽ 20.38 കിലോമീറ്റർ പുനരുദ്ധരിച്ചു. പ്രധാന കനാലുകളുമായി ബന്ധിപ്പിക്കുന്ന രണ്ട് ചെറുകനാലുകളുടെ ഒരു കിലോമീറ്റർ നവീകരിച്ചു.എ-എസ് കനാലിൽ മട്ടാഞ്ചേരി പാലം മുതൽ കൊമ്മാടി പാലത്തിന് വടക്കു വശം വരെയുള്ള ഭാഗം മാത്രമാണ് നവീകരിച്ചത്.

കനാലിന്റെ പേര്, നീളം, നീക്കം ചെയ്ത മണ്ണ്

1. വാടക്കനാൽ: 3.48 കി.മീ, 28000 എംക്യൂബ്

2. കൊമേഴ്സ്യൽ കനാൽ: 4.979 കി.മീ, 45000 എംക്യൂബ്

3. ഈസ്റ്റ് ജംഗ്ഷൻ കനാൽ: 702 മീറ്റർ, 1900 എംക്യൂബ്

4. മുറിഞ്ഞിപുഴ കനാൽ: 600 മീറ്റർ, 3200 എംക്യൂബ്

5. വെസ്റ്റ് ജംഗ്ഷൻ കനാൽ: 8.30 മീറ്റർ, 8100 എംക്യൂബ്

6. ഉപ്പൂറ്റി കനാൽ: 371 മീറ്റർ, 6400 എംക്യൂബ്

7. കൊട്ടാരം തോട്: 780 മീറ്റർ, 3800 എംക്യൂബ്

8. അമ്പലപ്പുഴ കനാൽ: 3.5 കി.മീ, 10000 എംക്യൂബ്

9. എ-എസ് കനാൽ: 8,970 മീറ്റർ, 1.56 ലക്ഷം എംക്യൂബ്

10. കാപ്പിത്തോട്: 750 മീറ്റർ,1500 എംക്യൂബ്

സർക്കാർ തീരുമാനം അനുസരിച്ച് നീക്കം ചെയ്ത മണലും ചെളിയും കോമളപുരം സ്പിന്നിംഗ് മിൽ വളപ്പിൽ നിക്ഷേപിച്ചു. ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ കൃഷി വകുപ്പിന്റെയും തീരുമാനമനുസരിച്ച് കുട്ടനാട്ടിലെ ചില പാടശേഖരങ്ങളുടെ പുറം ബണ്ട് ബലപ്പെടുത്താനും പച്ചക്കറി കർഷകർക്ക് സൗജന്യമായും മണൽ നൽകി. കൃഷിക്കു കൊണ്ടുപോയ മണലിന്റെ അളവ് ഇറിഗേഷൻ വകുപ്പിന്റെ കൈവശമാണ്

കെ.പി. ഹരൻ ബാബു, ഡെപ്യൂട്ടി ജനറൽ മാനേജർ, കെ.ഐ.ഐ.ഡി.ഡി

പാടശേഖരങ്ങളിലെ ബണ്ട് ബലപ്പെടുത്താൻ കനാലുകളിൽ നിന്ന് നീക്കം ചെയ്ത മണൽ ഉപയോഗിക്കുന്നതിന് തീരുമാനിച്ചിട്ടില്ല. പച്ചക്കറി കൃഷിക്ക് മണൽ നൽകിയത് ഇറിഗേഷൻ വകുപ്പായതിനാൽ കണക്ക് അവരുടെ പക്കലാണ്

പ്രിൻസിപ്പൽ കൃഷി ഓഫീസർ

ജില്ലാ ഭരണകൂടത്തിന്റെയും കൃഷി വകുപ്പിന്റെയും നിർദേശമനുസരിച്ച് മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന്റെ പാസ് പ്രകാരമാണ് പച്ചക്കറി കൃഷിക്ക് മണൽ നൽകിയത്. പാടശേഖരങ്ങളുടെ ബണ്ടുമായി ബന്ധപ്പെട്ട കാര്യത്തിൽ വ്യക്തതയില്ല

എക്സിക്യുട്ടീവ് എൻജിനീയർ, ഇറിഗേഷൻ, ആലപ്പുഴ