ആലപ്പുഴ: കൊവിഡ് മൂലം വീട്ടുകാർ വീട്ടിൽ കുടുങ്ങിയതോടെ, കുടുംബശ്രീയുടെ ഹോംഷോപ്പ് പദ്ധതിക്ക് മികച്ച നേട്ടം. തുടങ്ങി ഒരു വർഷം എത്തും മുമ്പേ 35 ലക്ഷം രൂപയുടെ വിറ്റുവരവാണ് സംരംഭത്തിലൂടെ കൈവരിക്കാനായത്.
പ്രാദേശിക ഉത്പന്നങ്ങൾ നേരിട്ട് വീടുകളിലെത്തിക്കുന്നതാണ് കുടുംബശ്രീ ഹോംഷോപ്പ് പദ്ധതി.നിത്യോപയോഗ സാധനങ്ങൾ വീടുകളിലെത്തിക്കാനും ഇതിലൂടെ സ്ത്രീകൾക്ക് വരുമാനം ഉറപ്പാക്കുകയും ലക്ഷ്യമിട്ടാണ് ഹോം ഷോപ്പ് പദ്ധതി തുടങ്ങിയത്. സാധനങ്ങൾ എത്തിക്കുന്നവരെ 'ഹോം ഷോപ്പ് ഓണർ' എന്നാണ് വിളിക്കുന്നത്. ഇവർക്ക് മികച്ച പ്രോത്സാഹനമാണ് ജനങ്ങൾ നൽകുന്നത്. ഹോം ഷോപ്പ് മാനേജ്മെന്റ് ടീമിന് കീഴിലാണ് ഹോം ഷോപ്പ് ഓണർമാർ പ്രവർത്തിക്കുന്നത്. സംരംഭകരുടെ ഉത്പന്നങ്ങൾ എച്ച്.എസ്.ഒമാർ ശേഖരിക്കും. തുടർന്ന് ഹോം ഷോപ്പ് ഓണർമാർ (കുടുംബശ്രീ അയൽക്കൂട്ട വനിതകൾ) തങ്ങൾക്ക് അനുവദിക്കപ്പെട്ടിരിക്കുന്ന പ്രദേശങ്ങളിലെ വീടുകളിൽ ഈ ഉത്പന്നങ്ങൾ നേരിട്ടെത്തിച്ച് വിപണനം നടത്തും.
ഉത്പന്നങ്ങൾക്ക് സ്ഥിരമായ ഒരു വിപണന സംവിധാനവും ഹോം ഷോപ്പർമാരായി തിരഞ്ഞെടുക്കുന്ന കുടുംബശ്രീ അംഗങ്ങൾക്ക് തൊഴിലും വരുമാനവും ലഭിക്കും. സംരംഭകരിൽ നിന്നു ഉത്പന്നങ്ങൾ ശേഖരിച്ച് ഹോം ഷോപ്പർമാരുടെ പക്കൽ എത്തിക്കുന്നതും സമയ ബന്ധിതമായി വിപണനത്തിന് സഹായിക്കുന്നതും മാനേജ്മെന്റ് ടീമായിരിക്കും. ഉത്പന്നത്തിന്റെ വിറ്റുവരവിൽ നിന്നാണ് സംരംഭകർ, ഹോം ഷോപ്പർ, മാനേജ്മെന്റ് ടീം എന്നിവർക്ക് വരുമാനം ലഭിക്കുന്നത്.
.........................
ചൂഷണം തടയും
ഇടനിലക്കാരുടെ ചൂഷണത്തിൽ നിന്നും കുത്തക കമ്പനികളുടെ മത്സരത്തിൽനിന്നും കുടുംബശ്രീ ഉത്പന്നങ്ങളെ സംരക്ഷിച്ച് കുടുംബശ്രീ പ്രവർത്തകരെ സഹായിക്കുക എന്നതാണ് ഹോം ഷോപ്പ് മാർക്കറ്റിംഗ് സംവിധാനത്തിന്റെ ലക്ഷ്യം. സൂക്ഷ്മ-ചെറുകിട സംരംഭകർ, ഉത്പന്നങ്ങൾ വീട്ടുപടിക്കൽ എത്തിക്കുന്ന ഹോംഷോപ്പ് ഓണർമാർ, ഹോം ഷോപ്പ് സംവിധാനത്തെ ഏകോപിപ്പിക്കുന്ന മാനേജ്മെന്റ് ടീം എന്ന വിധത്തിലാണ് ഘടന.
.........................
രണ്ടു ടീമുകൾ
ജില്ലയിൽ 12 ബ്ലോക്കിലായി ഹോം ഷോപ്പിനെ രണ്ടായാണ് വിഭജിച്ചിരിക്കുന്നത്. ആറ് ബ്ലോക്ക് അംഗങ്ങൾ അടങ്ങുന്നതാണ് ഒരു ടീം. ആദ്യ ടീമിന് ഏക് സാത് എന്നും രണ്ടാമത്തെ ടീമിനെ സ്മാർട്ട് മാനേജ്മെന്റ് എന്നുമാണ് അറിയപ്പെടുന്നത്. ജില്ലയിൽ 500ൽ അലധികം ഹോംഷോപ്പ് ഓണർമാരുണ്ട്. ഇവർക്ക് യൂണിഫോം, ക്യാരി ബാഗ്, തിരിച്ചറിയൽ കാർഡ് എന്നിവ നൽകിയിട്ടുണ്ട്.
.............................................
ജില്ലയിൽ ഹോം ഷോപ്പിന്റെ പ്രവർത്തനം വഴി നല്ലൊരു വരുമാനമാർഗമാണ് കുടുംബശ്രീ അംഗങ്ങൾക്ക് ലഭ്യമാകുന്നത്. കലർപ്പില്ലാത്ത ഉത്പന്നങ്ങൾ വീട്ടുപടിക്കൽ ഈ പദ്ധതിയിലൂടെ ലഭ്യമാകും. എച്ച്.എസ്.ഒമാർ നേരിട്ട് വീട്ടിൽ വന്ന് ഓർഡറുകൾ സ്വീകരിക്കും. കൂടാതെ ആവശ്യക്കാർക്ക് അവരുടെ മൊബൈലിൽ ബന്ധപ്പെട്ട് ഉത്പന്നങ്ങൾ ഓർഡർ ചെയ്യാം
(സാഹിൽ, കുടുംബശ്രീ മാർക്കറ്റിംഗ് കോ-ഓർഡിനേറ്റർ)