ആലപ്പുഴ: കൊവിഡ് പശ്ചാത്തലത്തിൽ മണ്ണാറശാല ശ്രീനാഗരാജ​ക്ഷേത്രത്തിലെ ആയില്യം നാളെ പരമ്പരാഗത ചടങ്ങ്​ മാത്രമായി നടത്തുമെന്ന്​ ക്ഷേത്രഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മുഖ്യപൂജാരിണി ഉമാദേവി അന്തർജനത്തി​ന്റെ അനാരോഗ്യം കാരണം ഇക്കുറി എഴുന്നള്ളത്തും വിശേഷാൽ പൂജകളും ഉണ്ടായിരിക്കില്ല. മറ്റ്​ പൂജകൾ കുടുംബ കാരണവരുടെ നേതൃത്വത്തിൽ നടക്കും. പൂയം, ആയില്യം ദിവസങ്ങളിൽ തിരുവാഭരണം ചാർത്തി പൂജകൾ നടത്തും. ആയില്യ മഹോത്സവത്തിന്റെ ഭാഗമായ മഹാദീപക്കാഴ്​ച, കലാപരിപാടികൾ എന്നിവയും ഒഴിവാക്കി. ജില്ലാ ഭരണകൂടത്തിൻ്റെ നിർദേശാനുസരണം ക്ഷേത്രവളപ്പിൽ 50ലധികം ആളുകളെ അനുവദിക്കാത്ത സാഹചര്യത്തിൽ ഭക്തർ ആയില്യദർശനം മറ്റ്​ ദിവസങ്ങളിലേക്ക്​ മാറ്റിവെക്കണം. അന്ന് ഭവനങ്ങളിൽ ദീപം തെളിയിച്ച്​ പ്രാർത്ഥിക്കണം. കൊവിഡ്​ വ്യാപനം കണക്കിലെടുത്ത്​ വെള്ളിയാഴ്​ച മുതൽ തിങ്കളാഴ്​ച വരെ പൊതുദർശനം ഉണ്ടായിരിക്കില്ല. വാർത്താസമ്മേനത്തിൽ എസ്​.നാഗദാസ്​, എൻ.ജയദേവൻ എന്നിവർ പങ്കെടുത്തു.