കൂനിന്മേൽക്കുരുവായി ഓട നിർമാണവും ട്രാഫിക് സിഗ്നൽ പ്രശ്നവും
മാവേലിക്കര: തട്ടാരമ്പലം ജംഗ്ഷനിൽ ഗതാഗതക്കുരുക്ക് ഒരു പുതുമയല്ല. എന്നാൽ അടുത്തകാലത്തായി ഇവിടെ ഉടലെടുത്ത പതിവിൽ കവിഞ്ഞ ഗതാഗത പ്രശ്നങ്ങൾ ഈ മേഖലയെ ആകെ വീർപ്പുമുട്ടിക്കുകയാണ്.
ഒരു മിനിറ്റിൽ അമ്പതിലധികം വാഹനങ്ങൾ കടന്നുപോകുന്ന നാൽക്കവലയാണ്, കായംകുളം തിരുവല്ല സംസ്ഥാന പാതയും ഹരിപ്പാട് മാവേലിക്കര റോഡും സംഗമിക്കുന്ന തട്ടാരമ്പലം ജംഗ്ഷൻ.
രണ്ട് പ്രധാന സ്വകാര്യ ആശുപത്രികളും ക്ഷേത്രവും നിരവധി വ്യാപാരസ്ഥപനങ്ങളും സർക്കാർ ഓഫീസുകളുമുള്ള തട്ടാരമ്പലത്തിലേക്ക് എത്തുന്നവരുടെ എണ്ണത്തേക്കാൾ കൂടുതലാണ് സംസ്ഥാന പാതയിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ എണ്ണം. ജംഗ്ഷനോട് ചേർന്നുള്ള ബസ് സ്റ്റോപ്പുകളാണ് ഇവിടുത്തെ ഗതാഗത കുരുക്കിന് പ്രധാന കാരണം. ജംഗ്ഷന് കിഴക്ക് ഭാഗത്ത് നടന്നുവരുന്ന ഓട നിർമ്മാണവും ഇടക്കുവച്ച് പണിമുടക്കുന്ന ട്രാഫിക് സിഗ്നൽ ലൈറ്റുമാണ് തട്ടാരമ്പലം ജംഗ്ഷനിൽ അടുത്ത കാലത്തായുള്ള കടുത്ത ഗതാഗത കുരുക്കിന് കാരണം.
അശാസ്ത്രീയ ബസ് സ്റ്റോപ്പുകൾ
ഹരിപ്പാട് ഭാഗത്തേക്ക് പോകുന്ന ബസുകൾ നിർത്തുന്നത് സിഗ്നലിന് തൊട്ടടുത്ത്. മുന്നിൽ പോകുന്ന ബസ് സിഗ്നൽ കഴിഞ്ഞ് സ്റ്റോപ്പിൽ നിർത്തുമ്പോൾ പിന്നാലെയെത്തുന്ന വാനങ്ങൾ നാൽകവലയിൽ കുടുങ്ങും. സിഗ്നൽ സമയം കഴിഞ്ഞാലും ചലിക്കാൻ കഴിയാതെ വാഹനങ്ങൾ നിൽക്കുമ്പോൾ എതിർദിശയിൽ നിന്നുള്ള വാഹനങ്ങൾക്ക് സിഗ്നൽ വീണാലും മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥ. ഇതോടെ ജംഗ്ഷനിൽ കുരുക്കാവും. പലപ്പോഴും സിഗ്നൽ അടുത്ത ടേൺ എത്തിയാലും ഗതാഗത കുരുക്ക് മാറില്ല. ഹരിപ്പാട് നിന്നും കായംകുളത്ത് നിന്നും മാവേലിക്കര ഭാഗത്തേക്ക് വരുന്ന ബസുകളുടെ സ്റ്റോപ്പും ജംഗ്ഷനോട് ചേർന്നായതിനാൽ ഇവിടെയും ഗതാഗത തടസം പതിവ്. ബസ് സ്റ്റോപ്പുകൾ ജംഗ്ഷനിൽ നിന്ന് മുന്നോട്ട് നീക്കിയാൽ പ്രശ്നം പരിഹരിക്കാം.
മിഴിയടച്ച് സിഗ്നൽ ലൈറ്റ്
തട്ടാരമ്പലം ജംഗ്ഷനിൽ സരസ്വതി ക്ഷേത്രത്തിന് മുന്നിലായി സ്ഥാപിച്ചിരിക്കുന്ന ട്രാഫിക് സിഗ്നൽ ലൈറ്റ് ഇടക്കിടയ്ക്ക് പണിമുടക്കും. ദിവസങ്ങൾ കഴിഞ്ഞാവും പ്രവർത്തനം പുന:സ്ഥാപിക്കുന്നത്. ഇത് ഗതാഗത കുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്നു. കായംകുളം-മാവേലിക്കര റോഡിൽ തട്ടാരമ്പലം ജംഗ്ഷനിൽ സി വളവാണുള്ളത്. ഹരിപ്പാട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾക്ക് ഇവിടെ നിന്ന് വരുന്ന വാഹനങ്ങളെ കാണാൻ കഴിയില്ല. ഇത് പലപ്പോഴും അപകടമുണ്ടാക്കുന്നു. ഇതിലും അപകടമുണ്ടാക്കുന്നത് കായംകുളം മാന്നാർ റോഡിലേക്കുള്ള വഴിയാണ്. കായംകുളം ഭാഗത്ത് നിന്ന് എത്തുന്ന വാഹനങ്ങൾ ഹരിപ്പാട് മാവേലിക്കര റോഡിൽ പ്രവേശിച്ച ശേഷം മാത്രമേ ഹരിപ്പാട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ കാണാൻ കഴിയുകയുള്ളു. സിഗ്നൽ പ്രവർത്തിക്കാത്ത അവസരങ്ങളിൽ ട്രാഫിക് പൊലീസിന്റെ സേവനം ഇവിടെ അത്യാവശ്യമാണ്.
സൂചനാ ബോർഡുകൾ ഇല്ലാതെ ഓടനിർമ്മാണം
ജംഗ്ഷന് കിഴക്ക് റോഡിന്റെ വശങ്ങളിൽ നടന്നു വരുന്ന ഓട നിർമ്മാണം വലിയ അപകട ഭീഷണിയാണ് ഉണ്ടാക്കുന്നത്.
അപായ സൂചനാ ബോർഡുകൾ സ്ഥാപിക്കാതെയാണ് നിർമ്മാണം. ഓട കെട്ടുന്നതിനായി എടുത്ത കുഴിയിലെ മണ്ണ് റോഡിലേക്ക് ഇറക്കിയിട്ടിരിക്കുകയായിരുന്നു. ഇപ്പോൾ സ്ലാബ് അടക്കം റോഡിലാണ് വാർത്ത് ഇട്ടിരിക്കുന്നത്. വലിയ പാറ കഷണങ്ങളും യന്ത്രസാമഗ്രികളും റോഡിൽ ഇറക്കി വച്ചിരിക്കുന്നു. ഇത് അപകടങ്ങൾക്ക് കാരണമായിട്ടുണ്ട്. നിർമ്മാണ ജോലികൾ നടക്കുന്നതിന് എതിർവശം ഓട്ടോസ്റ്റാൻഡ് കൂടി ഉള്ളത് സ്ഥിതി ഗുരുതരമാക്കുന്നു.