ആലപ്പുഴ : മാസങ്ങളായി വേദി ലഭിക്കാതെ പരുങ്ങലിലായ ഗായക സംഘങ്ങൾക്ക് ചെറിയൊരാശ്വാസമാവുകയാണ് തിരഞ്ഞെടുപ്പ് കാലം. പാരഡി ഗാനങ്ങൾ ഒരുക്കുന്ന തിരക്കിലേക്ക് ഇനി ഇവർ നീങ്ങും.സ്ഥാനാർത്ഥികളുടെ പേരും ചിഹ്നവും ജനമനസുകളിൽ ആഴ്ന്നിറങ്ങുന്നതിൽ ഇത്തരം ഗാനങ്ങൾ വഹിക്കുന്ന പങ്ക് ചെറുതല്ല.
റെക്കോഡിംഗുകളില്ലാതെ പൂട്ടിക്കിടന്ന സ്റ്റുഡിയോകൾക്കും പ്രചാരണകാലം പ്രതീക്ഷയുടേതാണ്. അനൗൺസ്മെന്റ് വാഹനങ്ങളിലേക്കായി വോട്ട് തേടിയുള്ള ഗാനങ്ങൾ സജ്ജമാക്കാത്ത സ്ഥാനാർത്ഥികൾ കുറവാണ്. ഹിറ്റ് ഗാനങ്ങളുടെ പാരഡി ആവർത്തിച്ച് കേൾപ്പിക്കുമ്പോൾ, വോട്ടറുടെ മനസിൽ പേരും ചിഹ്നവും സ്ഥാനം പിടിക്കുമെന്നാണ് സ്ഥാനാർത്ഥികളുടെ പ്രതീക്ഷ.
മുന്നണി സ്ഥാനാർത്ഥികൾ മുതൽ സ്വതന്ത്രർ വരെ പാരഡി സജ്ജമാക്കാൻ ഗാനമേള ട്രൂപ്പുകളെ സമീപിക്കുന്നുണ്ട്. ഒരു പാട്ട് റെക്കോഡ് ചെയ്ത് കൈയിൽ കിട്ടാൻ 4000 മുതൽ 8000 രൂപ വരെ ചിലവ് വരും. വ്യത്യസ്തത ആഗ്രഹിക്കുന്ന സ്ഥാനാർത്ഥി പുതിയ ഈണത്തിൽ ഒരു പാട്ട് ചിട്ടപ്പെടുത്താൻ ആവശ്യപ്പെട്ടാൽ ചിലവ് 12,000ത്തിലേക്ക് കുതിക്കും. വരികളുടെ രചന, ഗായകരുടെയും ഓർക്കസ്ട്രാ ടീമിന്റെയും പ്രതിഫലം, സ്റ്റുഡിയോ വാടക എന്നിങ്ങനെയാണ് ചിലവുകൾ. പാട്ട് സി.ഡിയിലോ, പെൻ ഡ്രൈവിലോ ലഭിക്കും. ഗാനത്തിന്റെ ലിങ്ക് വോട്ടർമാരുടെ സ്മാർട് ഫോണിലും എത്തും.
വരികൾ മിന്നണം
സൂപ്പർ ഹിറ്റ് ഗാനത്തിന്റെ പാരഡി വരികൾ തയ്യാറാക്കുന്നത് എളുപ്പമാണെന്ന് ഈ മേഖലയിലുള്ളവർ പറയുന്നു. ഒരു പുതിയ ഗാനം ചിട്ടപ്പെടുത്താൻ ആവശ്യപ്പെട്ടാലാണ് ജോലി കൂടുന്നത്. രചന, സംഗീതം എല്ലാം വ്യത്യസ്തമായിരിക്കണം. വാർഡിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വികസന പ്രവർത്തനങ്ങൾ വരികളിലൂടെ വ്യക്തമാക്കുന്നവരുമുണ്ട്. ഉൾപ്പെടുത്തേണ്ട വിവരങ്ങൾ എന്തൊക്കെയെന്ന് ട്രൂപ്പുകളെ മുൻകൂട്ടി അറിയിക്കണം എന്നു മാത്രം. രചന മുതൽ ആലാപനം വരെ ഒറ്റയ്ക്ക് കൈകാര്യം ചെയ്യുന്നവരുമുണ്ട്. ഇവർക്ക് സ്റ്റുഡിയോ വാടക മാത്രമാണ് പുറത്ത് നൽകേണ്ടി വരിക. ഒരു സ്ഥാനാർത്ഥിക്ക് വേണ്ടി ചുരുങ്ങിയത് മൂന്ന് ഗാനങ്ങളെങ്കിലും തയാറാക്കാറുണ്ട്.
ഒരു പാരഡി ഗാനം തയ്യാറാക്കാനുള്ള ചിലവ്: 4000 മുതൽ 8000 രൂപ വരെ
പുതിയ ഗാനം ചിട്ടപ്പെടുത്താൻ ചിലവ്: 12000 രൂപ
സൂപ്പർ ഹിറ്റ് ഗാനങ്ങളുടെ പാരഡി തയ്യാറാക്കാൻ എളുപ്പമാണ്. സ്ഥാനാർത്ഥിയുടെ പേര്, ചിഹ്നം, വാർഡ് എന്നിവയാണ് വരികളിൽ ഹൈലൈറ്റ് ചെയ്യുക. പുതിയ നിർദ്ദേശങ്ങൾ വന്നാൽ അവയും ഉൾപ്പെടുത്തും. - ഹാരിസ് കാസിം, ഗായകൻ