രണ്ട് ദിവസത്തിനുള്ളിൽ എൻ.ഡി.എയിലും ധാരണയാകും
ആലപ്പുഴ : ജില്ലാ പഞ്ചായത്തിൽ മത്സരിക്കുന്ന സീറ്രുകൾ സംബന്ധിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ ഏറെക്കുറെ ധാരണയായി. യു.ഡി.എഫിന്റെ സീറ്റുകളിൽ ഇന്ന് വൈകിട്ട് ചേരുന്ന ജില്ലാതല നേതൃയോഗത്തിലേ തീരുമാനമാവൂ. നഗരസഭ, ബ്ളോക്ക് , ഗ്രാമപഞ്ചായത്തുകളിലെ സീറ്റുവിഭജനം രണ്ട് മുന്നണികളിലും പ്രാദേശിക തലത്തിലാണ് പൂർത്തിയാക്കുക.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും യു.ഡി.എഫ് കൺവീനർ എം.എം.ഹസനും ഇന്നത്തെ യു.ഡി.എഫ് യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. കേരളാ കോൺഗ്രസ് ജോസ് വിഭാഗം എൽ.ഡി.എഫിലേക്ക് പോയ സാഹചര്യത്തിൽ അവർ മുമ്പ് മത്സരിച്ചിരുന്ന സീറ്റുകളെക്കുറിച്ചുള്ള ധാരണയാണ് കീറാമുട്ടിയാവുക.ആ സീറ്റുകളിൽ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം അവകാശമുന്നയിച്ചേക്കാൻ സാദ്ധ്യതയുണ്ട്.തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന സ്ഥിതിക്ക് ഇനി സീറ്രുവിഭജനം എങ്ങനെയും പൂർത്തിയാക്കുകയാണ് പ്രധാനം. ഇന്നത്തെ യോഗത്തോടെ ഏറെക്കുറെ ധാരണയിലെത്തിയേക്കും.
ജില്ലാ പഞ്ചായത്തിലെ 23 ഡിവിഷനുകളിൽ 19 സീറ്റിൽ മത്സരിക്കണമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ താത്പര്യം.ബാക്കി നാല് ഡിവിഷനുകൾ ഘടകകക്ഷിക്കും. ലീഗുമായും കേരളകോൺഗ്രസുമായും ഇതിനകം ചർച്ചകൾ നടത്തിക്കഴിഞ്ഞു. ചിലപ്പോൾ ചില വിട്ടുവീഴ്ച വേണ്ടിവന്നേക്കും.
ജില്ലാ പഞ്ചായത്തിലേക്കുള്ള എൽ.ഡി.എഫ് സീറ്റുവിഭജനം തർക്കങ്ങളില്ലാതെ പൂർത്തിയാക്കി.
എൻ.ഡി.എയുടെ സീറ്റുവിഭജനത്തിലും അന്തിമതീരുമാനമായിട്ടില്ല.ബി.ജെ.പിയും പ്രധാന ഘടകക്ഷിയായ ബി.ഡി.ജെ.എസും തമ്മിൽ ചില സീറ്രുകളുടെ കാര്യത്തിൽ ധാരണയാവാനുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ എൻ.ഡി.എയും സീറ്റുവിഭജനം പൂർത്തിയാക്കും.
ജില്ലാപഞ്ചായത്ത് സീറ്റ് വിഭജനം (എൽ.ഡി.എഫ്)
സി.പി.എം : 16
സി.പി.ഐ:5
ജനതാദൾ: 1
കേരള കോൺഗ്രസ് (ജോസ്):1
നഗരസഭ,ബ്ളോക്ക്. ഗ്രാമപഞ്ചായത്തുകൾ
നഗരസഭ, ബ്ളോക്ക്, ഗ്രാമപഞ്ചായത്തുകളിലെ സീറ്റുവിഭാജനം പ്രാദേശിക തലത്തിൽ തന്നെ പൂർത്തിയാക്കാനാണ് മൂന്ന് മുന്നണികളുടെയും തീരുമാനം. യു.ഡി.എഫിന് പഞ്ചായത്ത് , ബ്ലോക്ക് തലങ്ങളിൽ ഇതിന് പ്രത്യേക കമ്മിറ്റിയുണ്ട്. സീറ്റുകളും സ്ഥാനാർത്ഥികളും അവിടെയാവും തീരുമാനിക്കുക. അവിടെ തീരുമാനമാവാതെ വരികയാണെങ്കിൽ മേൽതട്ടിൽ ഉഭയകക്ഷി ചർച്ചകളിലൂടെ പരിഹാരം കാണും.താഴെത്തട്ടിൽ ഇപ്പോഴത്തെ സ്ഥിതി നിലനിർത്തുകയെന്നതാണ് കോൺഗ്രസിന്റെ തീരുമാനം.കഴിഞ്ഞതവണ ജയിച്ചതും മത്സരിച്ചതുമായ സീറ്റുകൾ വിട്ടുകൊടുക്കില്ല. കേരള കോൺഗ്രസിന്റെ കാര്യത്തിലും കോൺഗ്രസ് നേതൃത്വത്തിന് വ്യക്തമായ ധാരണയുണ്ട്. കഴിഞ്ഞ തവണ മാണി വിഭാഗം മത്സരിച്ച സീറ്റിൽ , മാണി വിഭാഗത്തിൽ നിന്ന് ജോസഫ് പക്ഷത്തേക്കു വന്ന യോഗ്യരായ വ്യക്തികളുണ്ടെങ്കിൽ അവരെ സ്ഥാനാർത്ഥികളാക്കും. അല്ലെങ്കിൽ ആ സീറ്റുകൾ കോൺഗ്രസ് ഏറ്റെടുക്കും.
എൽ.ഡി.എഫിന്റെ കാര്യത്തിൽ ഗ്രാമപഞ്ചായത്തിലേക്ക് വാർഡ് കമ്മിറ്റികളും ലോക്കൽ കമ്മിറ്റികളുമാണ് സീറ്റുവിഭജനവും സ്ഥാനാർത്ഥി നിർണയവും നടത്തേണ്ടത്. ബ്ളോക്ക് പഞ്ചായത്തിലേക്ക് ബ്ളോക്ക് തലത്തിൽ പ്രത്യേക കമ്മിറ്റിയാവും ഈ കാര്യത്തിൽ തീരുമാനമെടുക്കുക. എന്തെങ്കിലും തർക്കങ്ങൾ ഉണ്ടായാൽ മാത്രം ഉപരി കമ്മിറ്റി ഇടപെടും. രണ്ട് ദിവസത്തിനുള്ളിൽ ഈ കാര്യങ്ങളിലും തീരുമാനമായേക്കും.