ambala

മാതൃകയായി​ നഴ്സ് സ്റ്റെഫി​യുടെ ആർദ്രത

അമ്പലപ്പുഴ: നഴ്സുമാരി​ൽ കുഞ്ഞാണ് സ്റ്റെഫി​. നഴ്സിംഗ് പരീക്ഷ പാസായി​ പരി​ശീലനവും കഴി​ഞ്ഞ് ജോലി​ക്ക് കയറി​യി​ട്ടേയുള്ളൂ. എന്നാൽ അവളുടെ കരുണ തുളുമ്പുന്ന പ്രവൃത്തി​ ആരുടെയും കരളുലയ്ക്കും.

76 വയസുള്ള ഒരു വൃദ്ധനായ കൊവി​ഡ് രോഗി​ക്ക് ഭക്ഷണം വാരി​ നൽകുന്ന ചി​ത്രമാണ് ശ്രദ്ധ പി​ടി​ച്ചുപറ്റുന്നത്. പൂന്തോപ്പ് വലിയ വീട്ടിൽ സൈമണിന്റെ മകളാണ് സ്റ്റെഫി​ സൈമൺ​.

ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കൊവിഡ് ബാധിതനായ വൃദ്ധനാണ് സ്റ്റെഫി​ ആഹാരം വാരി​ നൽകി​യത്. കൊവിഡ് വാർഡിൽ ഡ്യൂട്ടി ചെയ്യുന്നതിനിടെ കൂട്ടിരിപ്പുകാരില്ലാത്ത വൃദ്ധൻ ഭക്ഷണം കഴിക്കാതിരുന്നത് സ്റ്റെഫിയുടെ ശ്രദ്ധയിൽപ്പെടുകയായി​രുന്നു. ഓർമക്കുറവുള്ള ഇദ്ദേഹത്തിന് ഭക്ഷണം തനി​യെ കഴി​ക്കാൻ വയ്യാത്ത സ്ഥി​തി​യായി​രുന്നു. തുടർന്നാണ് ഇദ്ദേഹത്തി​ന് ഭക്ഷണം നൽകി​യത്.

സ്റ്റെഫി വണ്ടാനത്തു നിന്നാണ് നഴ്സിംഗ് കോഴ്സ് പാസായത്. പിന്നീട് ഇന്റേൺ​ഷിപ്പിനു ശേഷം മെഡിക്കൽ കോളേജാശുപത്രിയിൽ ആർ.എസ്.ബി.വൈ നഴ്സായി ജോലിയിൽ പ്രവേശിച്ചു.

ആശുപത്രി​യി​ൽ താൻ പരി​ചരി​ക്കുന്ന രോഗി​കളെ സ്വന്തം കുടുംബത്തി​ലുള്ളവർ എന്ന പോലെയാണ് കരുതുന്നതെന്ന് സ്റ്റെഫി​ പറയുന്നു.