ആലപ്പുഴ നിലച്ചാൽ മൊത്തത്തിൽ പ്രക്ഷേപണത്തെ ബാധിക്കും
ആലപ്പുഴ: ആകാശവാണിയുടെ പ്രധാന റിലേ സ്റ്റേഷനുകളിൽ ഒന്നായ ആലപ്പുഴയിൽ നിന്നുള്ള മീഡിയം വേവ് പ്രക്ഷേപണം അവസാനിപ്പിച്ചാൽ അത് ദക്ഷിണേന്ത്യ ആകെയുള്ള ആകാശവാണി
പ്രക്ഷേപണത്തെ ബാധിക്കുമെന്ന് വിദഗ്ദ്ധർ. തിരുവനന്തപുരം മുതൽ തൃശൂർ വരെയും ലക്ഷദ്വീപിലെ കവറത്തി മുതൽ തമിഴ്നാട്ടിലെ തിരുനെൽവേലി വരെയും പരിപാടികൾ എത്തിക്കുന്നത് ആലപ്പുഴ ആകാശവാണി വഴിയാണ്. കാപ്പിറ്റൽ സ്റ്റേഷനായ തിരുവനന്തപുരത്തിന്റെ റിലേ സ്റ്റേഷൻ കൂടിയാണ് ആലപ്പുഴ. സമ്പൂർണ ഡിജിറ്റലൈസേഷന്റെ ഭാഗമായി ആലപ്പുഴ നിലയത്തിൽ നിന്നുള്ള ഉപകരണങ്ങൾ മാറ്റുന്നു എന്നായിരുന്നു ഉത്തരവ്. എന്നാൽ ഡിജിറ്റലൈസേഷൻ നടപ്പാക്കിയ കർണാടകയിലsക്കം പുത്തൻ സാങ്കേതിക വിദ്യയിലുള്ള ഉപകരണങ്ങൾ എത്തിച്ച ശേഷമാണ് പഴയവ നീക്കം ചെയ്തത്. എന്നാൽ ആലപ്പുഴയിൽ ഇത്തരം നീക്കം നടക്കാതിരുന്നത് എന്തുകൊണ്ടെന്ന് വ്യക്തമല്ല. ഹൈ കോർ ട്രാൻസ്മിറ്റർ പ്രവർത്തിക്കുന്ന ആലപ്പുഴയിൽ നിന്ന് പ്രക്ഷേപണം നിലയ്ക്കുന്ന നിമിഷം ദക്ഷിണേന്ത്യയിലെ ഭൂരിഭാഗം ശ്രോതാക്കൾക്കും തടസം നേരിടുമെന്ന് ഉദ്യോഗസ്ഥർക്ക് അറിവുള്ളതാണ്. എ.എം. ആരിഫ് എം.പിയുടെ ഇടപെടൽ മൂലം പ്രസാർ ഭാരതിയുടെ ഉത്തരവ് ഒരാഴ്ച്ചത്തേക്ക് മരവിപ്പിച്ചിട്ടുണ്ട്. അമ്പതോളം ജീവനക്കാർ ജോലി ചെയ്യുന്ന ആലപ്പുഴ റിലേ സ്റ്റേഷനിൽ ആരുടെയും ജോലി പുതിയ ഉത്തരവ് മൂലം നഷ്ടമാകില്ല. റേഡിയോ നിലയം പ്രവർത്തിക്കുന്നതിന് ഏറെ സ്ഥലം ആവശ്യമാണ്. ആലപ്പുഴയിൽ 40 ഏക്കറോളം സ്ഥലമാണ് ട്രാൻസ്മിഷൻ സുഗമമാക്കുന്നതിന് ആകാശവാണിക്കുള്ളത്. പ്രധാനമന്ത്രിയുടെ മൻ കി ബാത് അടക്കമുള്ള റേഡിയോ പരിപാടികൾ സാധാരണക്കാരിൽ എത്തിക്കാനുള്ള സംവിധാനം നിർത്തലാക്കാൻ പ്രധാന മന്ത്രിയും കേന്ദ്ര സർക്കാരും കൂട്ടു നിൽക്കില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വിശ്വാസം. ആലപ്പുഴ റിലേ സ്റ്റേഷനുമായി ബന്ധമില്ലാത്തതിനാൽ തൃശൂർ, കോഴിക്കോട് നിലയങ്ങളുടെ പ്രവർത്തനത്തെ ബാധിക്കാനിടയില്ല. വർഷങ്ങൾക്ക് മുമ്പ് ആലപ്പുഴയിൽ നിന്ന് നേരിട്ട് വാർത്താ പ്രക്ഷേേപണമുണ്ടായിരുന്നതാണ്. ഏറെ സ്ഥല സൗകര്യമുള്ള ആലപ്പുഴ ആകാശവാണിയിൽ വാർത്താാ പ്രക്ഷേപണം പുനരാരംഭിക്കുന്നതടക്കം വികസനത്തിനുള്ള നടപടികളാണ് സർക്കാർ കൈക്കൊള്ളേണ്ടതെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നു.
എത്രയും പെട്ടെന്ന് പ്രസാർ ഭാരതിയുടെ തീരുമാനം പുനഃപരിശോധിക്കണം. ആലപ്പുഴ റിലേ സ്റ്റേഷൻ വഴിയുള്ള പരിപാടികൾ തുടരണം. ഇവിടുത്തെ എഫ്.എം സ്റ്റേഷന്റെ പവർ വർദ്ധിപ്പിക്കാനും ഇടപെടൽ ആവശ്യമാണ്. ഏറെ സാദ്ധ്യതകളുള്ള കേന്ദ്രമാണ് ആലപ്പുഴ ആകാശവാണി
- ജയകൃഷ്ണൻ, അസോസിയേഷൻ ഓഫ് റേഡിയോ ആൻഡ് ടെലിവിഷൻ എൻജിനീയറിംഗ് എംപ്ലോയീസ് (ബി.എം.എസ്)