s

കുട്ടനാട് : രണ്ടാം കൃഷിയുടെ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് നിലനിന്ന ആശങ്ക ഒഴിഞ്ഞു മാറിയ ആശ്വാസത്തോടെ മറ്റൊരു പുഞ്ചക്കൃഷി സീസണിലേക്ക് നീങ്ങി കുട്ടനാട്. 500 ഏക്കർ തരിശു നിലമടക്കം 25500 ഹെക്ടർ സ്ഥലത്താണ് ഇക്കുറി പുഞ്ചകൃഷി ഇറക്കുന്നതെന്നാണ് കൃഷി വകുപ്പിന്റെ കണക്ക് .

ഒക്‌ടോബർ പകുതി മുതൽ നവംബർ പകുതിവരെ വരുന്ന കാലയളവിലാണ് സാധാരണ പുഞ്ചകൃഷിക്ക് തുടക്കം കുറിക്കുക. ഇത് മുന്നിൽ കണ്ട് പാടശേഖരങ്ങളിലെ പമ്പിംഗ് ലേല നടപടികൾ നേരത്തേ തന്നെ പൂർത്തിയാക്കുകയും വെള്ളം വറ്റിച്ച് നിലമൊരുക്കൽ ജോലികൾക്ക് ആരംഭം കുറിക്കുകയും ചെയ്തിരുന്നു. ഇതിനായി കെ.എസ്.ഇ.ബി ഒക്‌ടോബർ ആദ്യവാരം തന്നെ പമ്പിംഗ് കണക്ഷൻ ജോലികൾ പൂർത്തിയാക്കി. കൂടാതെ,ഒരേക്കറിന് 40 കിലോ എന്ന കണക്കിൽ 2550ടൺ വിത്ത് കേരളാ സ്വീഡ് കോർപ്പറേഷനിൽ നിന്നും കാലേകൂട്ടി അനുവദിച്ചത് കർകർക്ക് വലിയൊരാശ്വാസമായി. വിത്തിന് വേണ്ടിയുള്ള പരക്കം പാച്ചിൽ ഒഴിവാക്കാനും കഴിഞ്ഞു. സബ്സിഡി നിരക്കിലായിരുന്നു വിത്ത് വിതരണം.

അധിക വിത്ത് ആവശ്യമായി വരുന്ന കർഷകർ സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കണം. ഇത് കർഷകർക്ക് അധിക ബാദ്ധ്യത വരുത്തിവയ്ക്കുമെന്ന് ആക്ഷേപമുണ്ട്.

ഓരുവെള്ളം

കൃഷിയുടെ തുടക്കത്തിൽ ഓരുവെള്ള ഭീഷണിയുണ്ടായാൽ അത് കൃഷിയാകെ നശിക്കുന്നതിന് ഇടയാക്കുമെന്നതിനാൽ, ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ജലസേചന വകുപ്പിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്

റോയൽറ്റി

സർക്കാർ റോയൽറ്റി ഏർപ്പെടുത്തിയത് നെൽകൃഷി കൂടുതൽ വ്യാപകമാക്കാൻ സഹായിക്കുമെന്നാണ് കൃഷി വകുപ്പിന്റെ വിലയിരുത്തൽ. രേക്കറിന് രണ്ടായിരം രൂപ എന്ന നിരക്കിലാണ് റോയൽറ്റി ഏർപ്പെടുത്തിയിരിക്കുന്നത് പുഞ്ചകൃഷിയിൽ ഇക്കുറി ഇത് വൻ മുന്നേറ്റത്തിന് വഴിതെളിച്ചേക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.

പുഞ്ചകൃഷി ഇറക്കുന്നത് : 25500 ഹെക്ടറിൽ

കേരളാ സീഡ് കോർപ്പറേഷൻ നൽകിയത് : 2550 ടൺ വിത്ത്

ഉമ, ജ്യോതി വിത്തിനങ്ങൾക്കൊപ്പം പ്രത്യാശ അടക്കമുള്ള
പുതിയ വിത്തിനങ്ങളും പ്രോത്സാഹിപ്പി ക്കും