
ചേർത്തല : വീട്ടിൽ ചേർന്ന തിരഞ്ഞെടുപ്പു യോഗത്തിനു ശേഷം സഹപ്രവർത്തകരുമായി സംസാരിച്ചു നിൽക്കവേ സി.പി.എം വളവനാട് ലോക്കൽ സെക്രട്ടറി ദേവസ്വം വെളി ഡി.എം.ബാബു (55) കുഴഞ്ഞു വീണു മരിച്ചു.ശനിയാഴ്ച രാവിലെ കുഴഞ്ഞു വീണ ബാബുവിനെ ഉടൻ തന്നെ തുമ്പോളിയിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ഭാര്യ:സിന്ധു (ക്ലർക്ക്,കേരള ബാങ്ക്,തുമ്പോളി ശാഖ).മക്കൾ:ആദർശ്(കലവൂർ സർവീസ് സഹകരണ ബാങ്ക്),ആദിത്യ (ബിരുദ വിദ്യാർത്ഥിനി,എം.ജി,കോളേജ് തിരുവനന്തപുരം).
ജില്ലാ പഞ്ചായത്ത്,ബ്ലോക്ക് ഡിവിഷൻ പാർട്ടി യോഗങ്ങളിലാണ് ഡി.എം.ബാബു പങ്കെടുത്തത്. തെരഞ്ഞെടുപ്പിന്റെ വളവനാട് മേഖല കമ്മിറ്റി സെക്രട്ടറിയാണ്.എസ്.എഫ്.ഐയിലൂടെ പൊതുരംഗത്തേക്ക് വന്ന ബാബു ഡി.വൈ.എഫ്.ഐ യുടെ കലവൂർ മേഖലാ ഭാരവാഹിയായും പ്രവർത്തിച്ചു.1980 ൽ പാർട്ടി അംഗമായ ഡി.എം.ബാബു കലവൂർ ലോക്കൽ കമ്മറ്റി അംഗമായും തുടർന്ന് 13 വർഷം വളവനാട് ലോക്കൽ സെക്രട്ടറിയായും പ്രവർത്തിച്ചു.കലവൂർ സഹകരണ ബാങ്ക് ഭരണസമിതി അംഗമായിരുന്നു.
ബെന്നി സ്മാരക പാലിയേറ്റീവ് സൊസൈറ്റി രക്ഷാധികാരി,സി.ഐ.ടി.യു ഏരിയ കമ്മറ്റി അംഗം,വ്യാപാരി വ്യവസായി സമിതി ഏരിയ കമ്മറ്റി അംഗം,കൺസ്ട്രക്ഷൻ വർക്കേഴ്‌സ് യൂണിയൻ മേഖല സെക്രട്ടറി,വളവനാട് സംയോജിത കയർ വ്യവസായ സഹകരണ സംഘം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.
പാർട്ടി നേതാക്കളായ സി.എസ്.സുജാത,സജി ചെറിയാൻ എം.എൽ.എ,ജി.വേണുഗോപാൽ,കെ.ആർ.ഭഗീരഥൻ,ആർ. റിയാസ്,കെ.ടി.മാത്യു,സി.എൽ.രാജ് മോഹൻ,വി.ഡി.അംബുജാക്ഷൻ,ആർ.രാഹുൽ എന്നിവർ ചേർന്ന് മൃതദേഹത്തിൽ പാർട്ടി പതാക പുതപ്പിച്ചു.
സി.പി.എം ജില്ലാ സെക്രട്ടറി ആർ നാസർ,മാരാരിക്കുളം ഏരിയ സെക്രട്ടറി കെ.ഡി.മഹീന്ദ്രൻ,സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ്,എ.എം.ആരിഫ് എം.പി തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു.വളവനാട് ലോക്കൽ കമ്മറ്റി ഓഫീസിന് മുന്നിൽ പൊതുദർശനത്തിന് വച്ച ശേഷം മൃതദേഹം വൈകിട്ട് വീട്ടുവളപ്പിൽ സംസ്‌കരിച്ചു.അനുശോചന യോഗവും ചേർന്നു.ഡി.എം.ബാബുവിന്റെ നിര്യാണത്തിൽ മന്ത്റി ടി.എം.തോമസ് ഐസക് അനുശോചിച്ചു.