ആലപ്പുഴ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ജെ.എസ്.എസ് ഇടതുപക്ഷത്തിനൊപ്പം
ഉറച്ചുനിൽക്കുമെന്ന് ജനറൽ സെക്രട്ടറി കെ.ആർ.ഗൗരിഅമ്മ പറഞ്ഞു. ഗൗരിഅമ്മയുടെ ചാത്തനാട്ടെ വീട്ടിൽ ഇന്നലെ ചേർന്ന പാർട്ടി സെന്റർ യോഗത്തിന് ശേഷമാണ് നിലപാട് വ്യക്തമാക്കിയത്. സംഘടനാ കാര്യങ്ങൾ സംബന്ധിച്ചുള്ള നടപടികൾ ആലോചിച്ച് തീരുമാനിക്കുമെന്നും അവർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
സംഘടനാകാര്യങ്ങളെക്കുറിച്ച് ഗൗരിഅമ്മ പറഞ്ഞതായി കഴിഞ്ഞ ദിവസം പ്രചരിച്ച വാർത്തകൾ വസ്തുതാപരമല്ലെന്ന് സംസ്ഥാന പ്രസിഡന്റ് അഡ്വ.എ.എൻ.രാജൻബാബു അറിയിച്ചു. തെറ്റായ വാർത്ത പ്രചരിച്ചതിന്റെ അടിസ്ഥാനത്തിലാണ് പാർട്ടി സെന്റർ അടിയന്തരയോഗം ചേർന്നത്. ലെറ്റർ ഹെഡ് ചിലർ ദുരുപയോഗപ്പെടുത്തുകയായിരുന്നു. എൽ.ഡി.എഫുമായി സീറ്റ് ചർച്ചയടക്കം നടത്തിവരികയാണ്. എൽ.ഡി.എഫിനൊപ്പമെന്ന ഗൗരിഅമ്മയുടെ തീരുമാനത്തിൽ നിന്ന് വ്യത്യസ്തമായ നിലപാടുകളില്ല. ലെറ്റർഹെഡ് ദുരുപയോഗം ചെയ്തവർക്കെതിരെ ഭരണഘടനാപരമായ നടപടിയെടുക്കുമെന്നും രാജൻബാബു പറഞ്ഞു.
ഇതിന് നേതൃത്വം നൽകിയ പിന്നാക്ക വികസന കോർപ്പറേഷൻ ചെയർമാൻ ടി.കെ. സുരേഷിനെ പാർട്ടിയിൽ നിന്നും പുറത്താക്കി. സംസ്ഥാന കമ്മറ്റി അംഗങ്ങളായ വി. കെ .ഗൗരീശൻ, സി .എം. അനിൽകുമാർ , പി.സി.സന്തോഷ് എന്നി
വർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും തീരുമാനിച്ചു.
പിന്നാക്ക വികസന കോർപ്പറേഷൻ ചെയർമാൻ സംസ്ഥാനത്തു നിന്നും സുരേഷിനെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഇടതു മുന്നണിയെ സമീപിക്കാൻ ഗൗരിഅമ്മ
നിർദ്ദേശിച്ചു.
എ. എൻ. രാജൻബാബുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി സഞ്ജീവ് സോമരാജൻ റിപ്പോർട്ട് അവതരിപ്പിച്ചു. ആർ.പൊന്നപ്പൻ ,ബാലരാമപുരം സുരേന്ദ്രൻ ,കാട്ടുകുളം സലിം, പ്രൊഫ.ബീനകുമാരി , പി.ആർ. പവിത്രൻ, സുരേഷ്കൈനടി, വി. കെ. പ്രസാദ്,പാലക്കാട് ശിവാനന്ദൻ എന്നിവർ സംസാരിച്ചു.