ജലഗതാഗത വകുപ്പിന്റെ ബോട്ടുകളിലെ ബയോടാങ്കുകൾ പ്രവർത്തനരഹിതം
ആലപ്പുഴ : യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതിനാൽ ജലഗതാഗത വകുപ്പിന്റെ യാത്രാബോട്ടുകളിലെ മാലിന്യ ശേഖരണ ബയോടാങ്കുകൾ പ്രവർത്തന രഹിതമായി. ആകെയുള്ള 51 ബോട്ടുകളിൽ അഞ്ചെണ്ണത്തിലെ ടാങ്കുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്.
ബോട്ടുകളിൽ ടാങ്ക് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മലിനീകരണ നിയന്ത്രണ ബോർഡ് നോട്ടീസ് നൽകി ഒരു വർഷം പിന്നിട്ടിട്ടും ജലഗതാഗത വകുപ്പ് അധികാരികൾ ഒരു നടപടിയും എടുത്തിട്ടില്ലെന്നാണ് ആരോപണം. മലിനീകരണ നിയന്ത്രണ ചട്ടങ്ങൾ പാലിച്ചുള്ള പ്‌ളാന്റ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജലഗതാഗത വകുപ്പ് ഡയറക്ടർക്ക് മലിനീകരണ നിയന്ത്രണ ബോർഡ് കത്ത് നൽകിയെങ്കിലും മറുപടി നൽകിയിട്ടില്ലെന്ന് പറയപ്പെടുന്നു. എല്ലാ ബോട്ടുകളിലും മാലിന്യ ശേഖരണ ടാങ്ക് സ്ഥാപിക്കണമെന്നാണ് മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദ്ദേശം.
മുഹമ്മ സ്റ്റേഷനിൽ നിന്ന് സർവീസ് നടത്തുന്ന ബോട്ടുകളിൽ പ്രാഥമികാവശ്യങ്ങൾക്കുള്ള സൗകര്യങ്ങൾ പോലുമില്ല. മുഹമ്മ-കുമരകം സർവീസിന് കുറഞ്ഞത് 45മിനിട്ട് വേണ്ടിവരും. ഇതിനിടയിൽ 'ശങ്ക" തോന്നിയാൽ പെട്ടതു തന്നെ..
ഇ ടോയ്‌ലെറ്റും ഫലം കണ്ടില്ല
യാത്രക്കാർക്കും ജീവനക്കാർക്കും വേണ്ടി ആലപ്പുഴ, കാവാലം ബോട്ട് സ്റ്റേഷനുകളിൽ രണ്ടു ലക്ഷത്തിലധികം രൂപ ചെലവഴിച്ച് ഇ ടോയ്ലറ്റ് സ്ഥാപിച്ചെങ്കിലും ഇവ തുറന്ന് കൊടുക്കുന്നതിൽ വീഴ്ച വരുത്തി. ഒടുവിൽ കാവാലത്ത് ജീവനക്കാർ മുൻകൈയ്യെടുത്ത് പ്രവർത്തനം ആരംഭിച്ചു. ആലപ്പുഴ സ്റ്റേഷനിൽ തുറന്നുമില്ല. നെടുമുടി, എടത്വ, പുളിങ്കുന്ന്, മുഹമ്മ സ്റ്റേഷനുകളിൽ ഇ ടോയ്ലറ്റ് സംവിധാനം ഒരുക്കിയിട്ടില്ല.
"ഹൗസ് ബോട്ടുകളിലേതു പോലെ സർക്കാർ ബോട്ടുകളിലും ബോർഡിന്റെ ചട്ടം കർശനമായി നടപ്പാക്കും. ജലഗതാഗതവകുപ്പിന്റെ ബോട്ടുകളിൽ ടാങ്ക് ഘടിപ്പിക്കാൻ
ഒരുവർഷം മുമ്പ് നോട്ടീസ് നൽകി. സർക്കാർ ബോട്ടുകളിൽ ഇത്തരം ടാങ്കിന്റെ ആവശ്യമില്ലെന്ന് ലഭിച്ച മറുപടി തുടർ നടപടിക്കായി അയച്ചു കൊടുത്തു.
മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതർ
"സർക്കാർ ബോട്ടിൽ മാലിന്യ സംഭരണ ടാങ്ക് ഘടിപ്പിക്കുന്നത് സംബന്ധിച്ച് മലിനീകരണ നിയന്ത്രണ ബോർഡിന്റെ കത്ത് കിട്ടിയിട്ടില്ല
ഡയറക്ടർ, ജലഗതാഗത വകുപ്പ്.