s

സ്ഥാനാർത്ഥികളാകാൻ വനിതകളുടെ വലിയ നിര

ആലപ്പുഴ : വീട്ടുകാരുടെ കാലു പിടിച്ചും മോഹിപ്പിക്കുന്ന വാഗ്ദാനങ്ങൾ വാരിക്കോരി നൽകിയും വനിതാ സ്ഥാനാർത്ഥികളെ തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ആനയിച്ചിറക്കിയിരുന്ന കാലം ഓർമ്മയിലേക്ക് മറയുന്നു. മത്സരിക്കാൻ തയ്യാറെത്തുന്ന സ്ത്രീകളുടെ എണ്ണം തന്നെ കാരണം. കുറേ വർഷങ്ങൾക്ക് മുമ്പ് മഷിയിട്ടു നോക്കി വേണമായിരുന്നു ഒരു വനിതാ സ്ഥാനാർത്ഥിയെ കണ്ടെത്താൻ. വനിതാ സംവരണ വാർഡുകളിലേക്ക് ശരിക്കും പണിപ്പെട്ടാണ് മുന്നണികൾ സ്ഥാനാർത്ഥികളെ കണ്ടെത്തിയിരുന്നത്.

പൊതുകാര്യങ്ങളിൽ താത്പര്യം വർദ്ധിച്ചതോടെ ഇപ്പോൾ സ്ത്രീകൾ സ്വയം മത്സരരംഗത്തേക്ക് എത്തുകയാണ്. കുടുംബശ്രീ ഉൾപ്പെടെയുള്ളവയിൽ പ്രവർത്തിച്ച പരിചയവും മുതൽക്കൂട്ടാണ്. മുന്നണികളിൽ വർഷങ്ങളുടെ പാരമ്പര്യമുള്ള വനിതകളുടെ സ്ഥാനാർത്ഥിത്വത്തിനു കൂടി ഭീഷണിയായി മാറിക്കഴിഞ്ഞു നവാഗതരുടെ കടന്നുവരവ്.

രാഷ്ട്രീയ നോട്ടമൊന്നുമില്ലാതെ, സീറ്റു നൽകുന്ന പാർട്ടിക്കു വേണ്ടി മത്സരിക്കാൻ തയ്യാറെടുത്തു നിൽക്കുന്നവരുമുണ്ട്. പ്രായം,ഗ്ളാമർ, ബന്ധുബലം തുടങ്ങിയവ നോക്കിയാണ് പഞ്ചായത്തുകളിൽ മുന്നണികൾ വനിതാ സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുന്നതെന്നത് പരസ്യമായ രഹസ്യമാണ്. ജനറൽ സീറ്റിൽ സ്ത്രീകൾ മത്സരിക്കുന്നതിനോട് പുരുഷ നേതാക്കൾക്ക് വലിയ താത്പര്യമില്ല. എന്നാൽ കഴിഞ്ഞ തവണ കഴിവു തെളിയിച്ച വനിതാ ജനപ്രതിനിധികൾ അതേ വാർഡുകളിൽ വീണ്ടുമൊരങ്കത്തിനു തയ്യാറെടുക്കുന്നത് പുരുഷ സ്ഥാനാർത്ഥികൾക്കും ഭീഷണിയാണ്.

പലേടത്തും പാർട്ടികൾക്കുള്ളിൽ നിന്ന് മികച്ച വനിതാ സ്ഥാനാർത്ഥികളെ കിട്ടാനില്ലാത്തതിനാൽ ആ വാർഡുകളിലെ വീട്ടമ്മമാർക്ക് നറുക്ക് വീഴുന്നുണ്ട്. ജോലിക്ക് അപേക്ഷിക്കുന്നത് പോലെയാണു പല വനിതകളും സീറ്റിനായി ബയോ ഡാറ്റ നൽകുന്നത്. രാഷ്ട്രീയ പാരമ്പര്യം അവകാശപ്പെടാനില്ലാത്തവരാണ് മിക്കവരും. പാർട്ടികളിലെ യഥാർത്ഥ വനിതാ പ്രവർത്തകർ അവസാന ലാപ്പിൽ സ്ഥാനാർത്ഥി ലിസ്റ്റിൽ നിന്ന് ഔട്ടാകുന്ന സ്ഥിതിയും ഉണ്ട്.

അങ്കക്കലി കൊണ്ടാൽ!

കഴിഞ്ഞ തവണ കാല് പിടിച്ച് മത്സരരംഗത്തേക്കു കൊണ്ടുവന്ന പല വനിത സ്ഥാനാർത്ഥികളും ഇത്തവണയും സീറ്റിന് വേണ്ടി ഇടിച്ചു നിൽക്കുകയാണ് . തുടർച്ചയായി മത്സരിക്കുന്ന പലരെയും മാറ്റി നിറുത്തി പുതു മുഖങ്ങൾക്ക് അവസരം നൽകാനാണ് പാർട്ടികൾക്ക് താത്പര്യം. എന്നാൽ മത്സരാവകാശം കുത്തക പോലെ കരുതുന്ന ചില വനിതാ നേതാക്കൾ അരങ്ങൊഴിയാനും തയ്യാറല്ല. കൊറോണക്കാലത്ത് തൊഴിൽ നഷ്ടപ്പെട്ട യുവതികളും പൊതു പ്രവർത്തനത്തിൽ താത്പര്യവുമായെത്തിയിട്ടുണ്ട്.

കെട്ടു കണക്കിന് ബയോഡാറ്റ

പാർട്ടി നേതാക്കളുടെ കൈയിൽ ഇപ്പോൾ കെട്ടു കണക്കിനു ബയോഡാറ്റയാണ് വനിതകളുടേതായിട്ടുള്ളത്. സംവരണ സീറ്റുകളിലേക്കാണു കൂടുതൽ അപേക്ഷകർ. തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് കിട്ടുന്ന പ്രതിഫലം ഒന്നിനും തികയില്ലെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അംഗങ്ങളായിരുന്നവർ ആവർത്തിക്കുന്നുണ്ട്. എന്നാൽ പല അംഗങ്ങളും വൻ തോതിൽ പണമുണ്ടാക്കിയെന്ന വ്യാജപ്രചരണമാണു ഇപ്പോഴത്തെ സ്ഥാനാർത്ഥി മോഹികളുടെ തള്ളിക്കയറ്റത്തിനു പിന്നിൽ.

ഓണറേറിയം (രൂപയിൽ)

ജില്ലാ പഞ്ചായത്ത്............ 8800

ബ്ലോക്ക് പഞ്ചായത്ത്.......7600

ഗ്രാമ പഞ്ചായത്ത്........... 7000

മുനിസിപ്പാലിറ്റി............... 7600