s

പ്രകൃതിസൗഹൃദ പ്രചാരണത്തിനൊരുങ്ങി സ്ഥാനാർത്ഥികൾ

ആലപ്പുഴ: ഇക്കുറി തദ്ദേശ തിരഞ്ഞെടുപ്പ് പ്രകൃതിസൗഹൃദമാക്കാനുള്ള പരിശ്രമത്തിലാണ് സ്ഥാനാർത്ഥികളും പാർട്ടി നേതാക്കളും. സ്ഥാനാർത്ഥിയുടെ പേരും ഫോട്ടോയും പതിച്ച മാസ്കുകൾ, തുണിയിലെ പ്രിന്റിംഗ്, പച്ചക്കറി വിത്തുള്ള പേപ്പർ പേന (വിത്ത് പേന) തുടങ്ങി വിവിധ ഇനങ്ങളാണ് വോട്ട് സ്വാധീനിക്കാൻ അണിയറയിൽ തയ്യാറാവുന്നത്.

ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും ഫ്ളക്സുകൾ അടക്കം ടൺ കണക്കിന് മാലിന്യങ്ങളാണ് ഗ്രാമ, നഗര ഭേദമില്ലാതെ തെരുവോരങ്ങളിലും മറ്റുമായി നിക്ഷേപിക്കപ്പെടുന്നത്. പ്രിന്റിംഗ് തുണിയിലാക്കിയതോടെ ആ ഭീഷണി ഒഴിഞ്ഞിട്ടുണ്ട്. ജില്ലയിലെ പ്രിന്റിംഗ് യൂണിറ്റുകളിൽ പ്രചാരണ സാമഗ്രികളുടെ നിർമാണം തുടങ്ങി. ചേർത്തലയിലാണ് പ്രകൃതിദത്ത പ്രിന്റിംഗ് പ്രസുകൾ കൂടുതൽ. വിലക്കുറവ് മുന്നിൽക്കണ്ട് എറണാകുളത്തെ പ്രസുകളിലേക്കും ഓർഡറുകൾ പോകുന്നുണ്ട്.

കടലാസ് കൊണ്ടു നിർമിച്ച വിത്തുപേനയാണ് മറ്റൊരു ആകർഷണം. പേനയുടെ അറ്റത്ത് പിടിപ്പിച്ചിട്ടുള്ള വിത്ത്, പേന മണ്ണിൽ അടിയുന്നതോടെ മുളയ്ക്കും. ചീര,മുളക്,തക്കാളി,പയർ എന്നിവയുടെ വിത്തുകളാണ് പേനയിലുള്ളത്. കടലാസിലാണ് പേനയുടെ നിർമ്മാണം. വിത്ത് പേനയ്ക്കായി കുടുംബശ്രീ നിർമ്മാണ യൂണിറ്റുകളെ പല സ്ഥാനാർത്ഥികളും സമീപിച്ചുകഴിഞ്ഞു. പ്രചാരണ രംഗത്തിറങ്ങുന്നവർക്കെല്ലാം മാസ്കുകൾ സംഘടിപ്പിച്ചു കൊടുക്കുകയെന്നത് സ്ഥാനാർത്ഥികളുടെയും പ്രചാരണത്തിന് നേതൃത്വം കൊടുക്കുന്ന നേതാക്കളുടെയും ബാദ്ധ്യതയായി മാറും.

ഇനി 'ഇ' പോര്

തിരഞ്ഞെടുപ്പ് കഴിയും വരെ 'വാട്ട്സാപ്പി'നും 'ഫേസ്ബുക്കി'നും ഇരിക്കപ്പൊറുതി ഉണ്ടാവില്ലെന്നുറപ്പ്. പ്രചാരണ രംഗത്തെ കൊവിഡ് നിയന്ത്രണങ്ങളെ മറികടക്കാൻ സ്ഥാനാർത്ഥികൾക്ക് ആശ്രയം ഇവ രണ്ടുമാണ്. ഇതിനോടകം തന്നെ ഈ രണ്ടിടങ്ങളിലും സ്ഥാനാർത്ഥികളുടെ 'തലപ്പടം' പതിഞ്ഞുകഴിഞ്ഞു. ഓരോ സ്ഥാനാർത്ഥിക്കു വേണ്ടിയും വാട്ട്സാപ്പ് ഗ്രൂപ്പുകളും ഫേസ്ബുക്ക് പേജുകളും തയ്യാറാക്കുന്ന തിരക്കിലാണ് നാട്ടിലെ 'ഇ- വിദഗ്ദ്ധർ'. ആടി നിൽക്കുന്ന വോട്ടർമാരെ തെരഞ്ഞു പിടിച്ച് ഗ്രൂപ്പിൽ അംഗമാക്കി 'മസ്തിഷ്ക പ്രക്ഷാളനം' നടത്തി വോട്ട് ഉറപ്പിക്കാനുള്ള നീക്കങ്ങളും അണിയറയിൽ തയ്യാറാവുന്നുണ്ട്. ഇതിനായി പഞ്ചായത്ത് തലത്തിലുൾപ്പെടെ പ്രത്യേകം ടീമിനെത്തന്നെ നിയോഗിക്കാനുള്ള പരിശ്രമത്തിലാണ് പാർട്ടിക്കാർ.

ഡെമോക്ളസിന്റെ വാൾ!

പ്രചാരണ രംഗത്ത് സാമൂഹിക അകലം പാലിക്കാത്ത സ്ഥാനാർത്ഥികളുടെ തലയ്ക്കുമീതേ 'ക്വാറന്റൈൻ' എന്ന കൊവിഡ് പദം ഡെമോക്ളസിന്റെ വാൾ പോലെ തൂങ്ങിനിൽപ്പുണ്ട്. വോട്ട് പിടിത്തത്തിനിടെ സ്ഥാനാർത്ഥി അടുത്ത സമ്പർക്കം പുലർത്തിയ ആൾക്ക് പിന്നീട് കൊവിഡ് സ്ഥിരീകരിച്ചാൽ, സ്ഥാനാർത്ഥിയും പാർട്ടിക്കാരും ആ വീട്ടിൽ പോയകാര്യം മൂടിവയ്ക്കാൻ ശ്രമിച്ചാലും എതിർ വിഭാഗം കുത്തിപ്പൊക്കുമെന്നുറപ്പ്. വിവാദമായാൽ സ്ഥാനാർത്ഥിയുടെ തുടർ പ്രചാരണം കയ്യാലപ്പുറത്തെ തേങ്ങപോലെയാവും! അതുകൊണ്ടുതന്നെ തികഞ്ഞ സൂക്ഷ്മതയോടെ നീങ്ങിയില്ലെങ്കിൽ വീട്ടിലിരുന്ന് വോട്ടുപിടിക്കേണ്ട അവസ്ഥയിലാവും സ്ഥാനാർത്ഥികൾ.