ആലപ്പുഴ: ആകാശവാണി ആലപ്പുഴ പ്രസരണ നിലയത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധം വ്യാപകം. തീരുമാനം സർക്കാർ അടിയന്തിരമായി പുന:പരിശോധിക്കണമെന്ന് കേന്ദ്ര വാർത്താവിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കർക്ക് നൽകിയ കത്തിൽ ബിനോയ് വിശ്വം എം.പി ആവശ്യപ്പെട്ടു.
യാതൊരു വിധ മുന്നറിയിപ്പും ആലോചനയുമില്ലാതെയാണ് നിലയം അടച്ചുപൂട്ടാൻ തീരുമാനിച്ചത്. കാരണം വ്യക്തമാക്കിയിട്ടില്ല. ഇത് ജനങ്ങളുടെ അറിയാനുള്ള അവകാശത്തിന് നേരെയുള്ള കൈയേറ്റമാണ്. തിരുവനന്തപുരം മുതൽ തൃശൂർ വരെയും ലക്ഷദ്വീപ് കവറത്തി മുതൽ തമിഴ്നാട് തിരുനെൽവേലി വരെയുമുള്ള ലക്ഷക്കണക്കിന് ശ്രോതാക്കളാണ് ആലപ്പുഴ നിലയത്തിനുള്ളത്. തീരുമാനം റദ്ദാക്കി നിലയം പതിവുപോലെ പ്രവർത്തനസജജമാക്കാൻ പ്രസാർ ഭാരതി വകുപ്പിന് നിർദ്ദേശം നൽകണമെന്നും എം.പി കത്തിൽ ആവശ്യപ്പെട്ടു. പ്രസാർ ഭാരതിയുടെ ഉത്തരവ് പിൻവലിക്കണമെന്ന് ജനതാദൾ (എസ്) ജില്ലാ സെക്രട്ടറി പി.ജെ. കുര്യൻ ആവശ്യപ്പെട്ടു. കപ്പലുകൾക്കും കടലിൽ മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികൾക്കും കാലാവസ്ഥാ പ്രവചനങ്ങളും മുന്നറിയിപ്പുകളും ലഭിക്കാതെ വരും. പ്രക്ഷേപണം അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഒതുക്കാനുള്ള തീരുമാനത്തിനെതിരെ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും പി.ജെ.കുര്യൻ പറഞ്ഞു.