ആലപ്പുഴ: കളർകോട് മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. കൊവിഡ് പശ്ചാത്തലത്തിൽ ആഘോഷവും കലാപരിപാടികളും ഒഴിവാക്കി ക്ഷേത്രച്ചടങ്ങുകൾ മാത്രമാണ് നടത്തുന്നത്.

സർപ്പ പുന:പ്രതിഷ്ഠാ വാർഷികത്തിന്റെ ഭാഗമായി വിശേഷാൽ തളിച്ചുകൊട നടത്തി. 14ന് പള്ളിവേട്ട, 15ന് ആറാട്ട് എന്നിവയോടെ ഉത്സവം കൊടിയിറങ്ങും. ഭദ്രകാളി പ്രതിഷ്ഠാവാർഷികത്തിന്റെ ഭാഗമായി 15ന് ഒൻപതിന് കലശം, ഗുരുതി എന്നീ ചടങ്ങുകൾ നടക്കും. പത്തിനും 65നും മദ്ധ്യേ പ്രായമുള്ളവർക്ക് മാത്രമാണ് പ്രവേശനം. ദീപാരാധന, പ്രദോഷം, ഉത്സവബലി, അകത്താറാട്ട് എന്നിവ നടക്കുമ്പോൾ നാലമ്പലത്തിൽ പ്രവേശനമുണ്ടാകില്ല. കൊടിമരച്ചുവട്ടിൽ പറ സമർപ്പിക്കാം. എഴുന്നള്ളത്ത് സമയത്തോ, പ്രദോഷം, ആറാട്ട് സമയങ്ങളിലോ പറ സ്വീകരിക്കില്ല. കൊടിയിറക്ക് കഴിഞ്ഞ് ആറാട്ടുകടവിൽ ആറാട്ടുനടത്തി രാത്രി ഒൻപതിനു മുൻപായി ചടങ്ങുകൾ പൂർത്തിയാക്കും. ക്ഷേത്രത്തിൽ 20 പേരിൽ കൂടുതൽ പാടില്ലെന്ന കളക്ടറുടെ നിർദേശമുള്ളതിനാൽ തിരക്ക് ഉണ്ടാവാനിടയുള്ള സമയങ്ങളിൽ ഭക്തർക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.