അമ്പലപ്പുഴ: പൊട്ടിപ്പൊളിഞ്ഞു കിടന്ന റോഡ് പുനർനിർമ്മിച്ചിട്ടും ആലപ്പുഴ- പടഹാരം കെ.എസ്.ആർ.ടി.സി സർവ്വീസ് പുനരാരംഭിക്കാത്തതിൽ പ്രതിഷേധം.

പത്തു വർഷത്തിന് മുൻപ് ആറു സർവ്വീസുകളാണ് ഈ റൂട്ടിൽ ഉണ്ടായിരുന്നത്. റോഡ് തകർന്നു തുടങ്ങിയതോടെ ഓരോന്നായി നിറുത്തി. റോഡ് പൂർണമായും തകർന്നതോടെ സർവ്വീസുകൾ സമ്പൂർണ്ണമായും നിറുത്തലാക്കി കെ.എസ്.ആർ.ടി.സി തലയൂരി. പക്ഷേ റോഡ് ആധുനിക രീതിയിൽ പുനർ നിർമിച്ച് മാസങ്ങൾ പിന്നിട്ടിട്ടും സർവീസ് പുനരാരംഭിക്കാൻ കെ.എസ്.ആർ.ടി.സി തയ്യാറാകാതെ വന്നതോടെ പ്രദേശവാസികളുടെ യാത്രാദുരിതം അറുതിയില്ലാതെ തുടരുന്നു.

ആലപ്പുഴ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് സ്ഥിരമായി യാത്ര ചെയ്തിരുന്ന സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ, വിദ്യാർത്ഥികൾ എന്നിവരടക്കം നൂറുകണക്കിന് പേർക്ക് ആശ്രയമായിരുന്നു കെ.എസ്.ആർ.ടി.സി സർവീസുകൾ.യാത്രാ ദുരിതം ഏറെയുള്ള പ്രദേശത്ത് അനുഗ്രഹമായിരുന്ന സർവീസ് പുന:സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്നു ആവശ്യപ്പെട്ട് മന്ത്രി ജി.സുധാകരന് പരാതി നൽകിയതായി കരുമാടിയിലെ കലാ സാംസ്കാരിക സംഘടനയായ കരുമാടിക്കുട്ടൻസ് സെക്രട്ടറി ഷാജി കരുമാടി പറഞ്ഞു.ബസ് സർവീസില്ലാത്തതിനാൽ ഓട്ടോറിക്ഷ പിടിച്ച് അമ്പലപ്പുഴയിലോ കരുമാടിയിലോ എത്തേണ്ട അവസ്ഥയിലാണ് നാട്ടുകാർ. നിറുത്തലാക്കിയ സർവീസുകൾ അടിയന്തിരമായി പുന:സ്ഥാപിക്കാൻ കെ.എസ്.ആർ.ടി.സി തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.