ആലപ്പുഴ: ആര്യാട് ജില്ലാപഞ്ചായത്ത് ഡിവിഷനിലെ സി.പി.എം സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്നതിൽ തർക്കമുണ്ടെന്ന് വ്യാഖ്യാനിച്ച് തന്റെയും മന്ത്രി ഡോ. തോമസ് ഐസക്കിന്റെയും പേരുകൾ ഉൾപ്പെടുത്തി ഒരു പത്രത്തിൽ വന്ന വാർത്ത സത്യവിരുദ്ധമാണെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു.

പ്രസ്താവനയിൽ നിന്ന്: സ്ഥാനാർത്ഥികളെ പറ്റിയുള്ള ചർച്ചകൾ ബന്ധപ്പെട്ട പാർട്ടി കമ്മിറ്റികളിലാണ് നടത്തുന്നത്. പിന്നീടാണ് ഉപരികമ്മിറ്റികൾ അടക്കം തീരുമാനം എടുക്കുന്നത്. സ്ഥാനാർത്ഥികളിൽ ചിലരെ നിശ്ചയിക്കുന്നത് ചില നേതാക്കളാണെന്ന രീതിയിൽ വാർത്തകൾ മുമ്പും വന്നിട്ടുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം സ്വന്തമായി സ്ഥാനാർത്ഥികളില്ല. പാർട്ടി തീരുമാനിക്കുന്ന എല്ലാ സ്ഥാനാർത്ഥികളും എന്റെയും സ്ഥാനാർത്ഥികളാണ്. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ജില്ലയുടെ ചുമതല സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ഡോ. ടി.എം.തോമസ് ഐസക്കിനും, എം.വി. ഗോവിന്ദൻ മാസറ്റർക്കുമാണ്. ജില്ലാ കമ്മിറ്റിയാണ് അന്തിമമായി സ്ഥാനാർത്ഥിപ്പട്ടിക അംഗീകരിക്കുന്നത്. ഞാൻ സംസ്ഥാന സെക്രട്ടേറിയറ്റിലോ, ജില്ലാ കമ്മിറ്റിയിലോ അംഗമല്ല. ജില്ലയിലെ 5 സംസ്ഥാന കമ്മിറ്റി അംഗങ്ങളിൽ ഒരാൾ മാത്രമാണ് ഞാൻ. എനിക്ക് മാത്രമായി തീരുമാനം എടുക്കാൻ കഴിയില്ല.

ഇന്ന് ആലപ്പുഴ ജില്ലയിൽ ജീവിച്ചിരിക്കുന്ന സി.പി.എം അംഗങ്ങളിൽ വി.എസും, എസ്.ആർ.പിയും കഴിഞ്ഞാൽ ഏറ്റവും സീനിയർ അംഗമാണ് ഞാൻ. തിരഞ്ഞെടുപ്പ് കാലത്ത് എനിക്ക് ഉത്തരവാദിത്വമില്ലാത്ത കാര്യങ്ങളുമായി ബന്ധപ്പെടുത്തി എന്റെ പേരിൽ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് ശരിയല്ല. യു.ഡി.എഫിന് മുൻതൂക്കമുള്ള അമ്പലപ്പുഴ മണ്ഡലത്തിൽ നിന്ന് കഴിഞ്ഞ 15 വർഷമായി 12,000 മുതൽ 23,000 വരെ വോട്ടിന് ഞാൻ വിജയിച്ചത് രാഷ്ട്രീയ, ജാതിമത വ്യത്യാസമില്ലാതെ ജനങ്ങൾ വോട്ട് ചെയ്തതു കൊണ്ടാണ്. സർക്കാരിന്റെ ഇനിയുള്ള ഏഴ് മാസം കൂടി വികസന പ്രവർത്തനങ്ങൾ തുടരുന്നതിന് എനിക്ക് ഒരു തടസവുമില്ല. അഴിമതിയുടെ ഒരു ചെറിയ കഷ്ണം ചെളിപോലും എന്റെ രാഷ്ട്രീയ വസ്ത്രത്തിൽ പുരളാൻ അനുമതി കൊടുത്തിട്ടില്ല.

പൊതുമരാമത്ത് വകുപ്പിന്റെ ചുമതല ഏറ്റെടുത്തശേഷം ആലപ്പുഴ ജില്ലയിൽ മാത്രം 100 ലേറെ പാലങ്ങളാണ് നിർമ്മിക്കുന്നത്. ആലപ്പുഴയുടെ മുഖച്ഛായ തന്നെ മാറുന്ന ആലപ്പുഴ ബൈപ്പാസ് ഉടൻ പൂർത്തീകരിച്ച് ജനങ്ങൾക്ക് കൈമാറാൻ സാധിക്കും. പതിനായിരം കോടി രൂപയുടെ വികസനമാണ് ജില്ലയിൽ പൊതുമരാമത്ത് വകുപ്പ് നടത്തുന്നത്. വികസന പ്രവർത്തനങ്ങളെയും എന്റെ രാഷ്ട്രീയ നിലപാടുകളെയും വ്യാജ വാർത്തകളിലൂടെ താറടിക്കാൻ ആർക്കും കഴിയില്ല'- ജി. സുധാകരൻ പറഞ്ഞു.