ഹരിപ്പാട്: കൊവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് ഭക്തർ അകന്നു നിന്നതിനാൽ, തിരക്കൊഴിഞ്ഞ അന്തരീക്ഷത്തിൽ
മണ്ണാറശാല ശ്രീനാഗരാജ ക്ഷേത്രത്തിലെ പ്രസിദ്ധമായ ആയില്യം മഹോത്സവം ക്ഷേത്രച്ചടങ്ങുകൾ മാത്രമായി സമാപിച്ചു.
ഇന്നലെ പുലർച്ചെ 4ന് നടതുറന്നു. എം.കെ. പരമേശ്വരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നാഗരാജാവിനും സർപ്പയക്ഷിക്കും തിരുവാഭരണങ്ങൾ ചാർത്തി വിശേഷാൽ പൂജകൾ നടന്നു. മുഖ്യപൂജാരിണിയായ മണ്ണാറശാല അമ്മ ഉമാദേവി അന്തർജനത്തിന്റെ അനാരോഗ്യം കാരണം ആയില്യം എഴുന്നള്ളത്തും അമ്മ മാത്രം നടത്തുന്ന വിശേഷാൽ പൂജകളും ഈ വർഷവും ഉണ്ടായിരുന്നില്ല. കുടുംബ കാരണവരുടെ നേതൃത്വത്തിലാണ് മറ്റു പൂജകളും ചടങ്ങുകളും നടന്നത്. തിരുവാഭരണം ചാർത്തിയായിരുന്നു പൂജകൾ. കൊവിഡ് സാഹചര്യത്തിൽ അമ്മയുടെ പതിവു ദർശനവും നടന്നില്ല.
നിയന്ത്രണങ്ങൾ കാരണം ഭക്തജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. ആയില്യം മഹോത്സവത്തോട് അനുബന്ധിച്ചു എല്ലാവർഷവും നടത്തി വരുന്ന ഇതര കലാപരിപാടികളും ഉപേക്ഷിച്ചിരുന്നു. ഭക്തജനങ്ങൾക്ക് പ്രത്യേക വഴിപാടുകൾ നടത്താവുന്നതാണ്. വിവരങ്ങൾക്ക് 04792413214, 04792410200.