photo

ചേർത്തല: സംയുക്ത വേമ്പനാട് കായൽ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ വേമ്പനാട്ടു കായലിൽ മത്സ്യത്തൊഴിലാളികൾ നെൽവിത്ത് സമർപ്പണം നടത്തി.

തൃക്കുന്നപ്പുഴ ധർമ്മശാസ്താ ക്ഷേത്രത്തിൽ പൂജിച്ച നെൽവിത്ത് മുഹമ്മ റിസോർട്ട് കടവിനു സമീപം എത്തിച്ച് പൂജാകർമ്മങ്ങൾക്ക് ശേഷം വള്ളങ്ങളിൽ എത്തി കായലിൽ നിക്ഷേപിക്കുകയായിരുന്നു. ഇങ്ങനെ ചെയ്താൽ മത്സ്യസമ്പത്ത് വർദ്ധിക്കുമെന്നാണ് വിശ്വാസം. രാജഭരണകാലത്ത് തൃക്കുന്നപ്പുഴ ശ്രീ ധർമ്മശാസ്താ ക്ഷേത്രം ഇടപ്പള്ളി സ്വരൂപത്തിന്റെ കീഴിലായിരുന്നു. തുലാമാസത്തിലെ ആയില്യം നാളിൽ, കായൽതീരത്ത് വസിച്ചിരുന്ന മത്സ്യത്തൊഴിലാളികളുടെ അകമ്പടിയോടെ രാജാവ് തൃക്കുന്നപ്പുഴ ക്ഷേത്രം സന്ദർശിക്കുക പതിവായിരുന്നു.ക്ഷേത്രം സന്ദർശിക്കുന്ന രാജാവിനെ ഇടക്കൊച്ചി, ചെമ്പ്,മുഹമ്മ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികൾ ഓടിവള്ളങ്ങളിൽ അനുഗമിക്കും. ക്ഷേത്ര ദർശനത്തിനു ശേഷം തൃക്കുന്നപ്പുഴയാ​റ്റിൽ ഓടിവള്ളങ്ങളുടെ മത്സരവും നടത്തും. ഇതിൽ വിജയികളാകുന്ന കരക്കാർക്ക് വിലയേറിയ സമ്മാനങ്ങളം ലഭിക്കും. തിരിച്ചു പോരുന്ന ഓരോ കരക്കാർക്കും ക്ഷേത്രം പൂജാരി ഭഗവാന് നേദിച്ച നെൽവിത്ത് ഓരോ കിഴികളിലാക്കി നൽകിയിരുന്നു .ഈ ആചാരത്തിന്റെ തുടർച്ചയായാണ് ചടങ്ങ് നടന്നത്.

തണ്ണീർമുക്കം,മുഹമ്മ,മണ്ണഞ്ചേരി,ആര്യാട് എന്നിവിടങ്ങളിലും പരിപാടികൾ സംഘടിപ്പിച്ചു.വി.പി.മനോഹരൻ,എ.പി.ദിനേശൻ,കെ.എം.പൂവ്,സി.ടി.പ്രകാശൻ,വി. എൻ.സുരേഷ്, ടി.വി.കമലാസനൻ,രാജേന്ദ്രൻ അമ്പലക്കടവ്,കൈലാസ് ഷണ്മുഖം എന്നിവർ നേതൃത്വം നൽകി.