ആലപ്പുഴ: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് നിലവിലുള്ളതെന്നും മുന്നണി ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആലപ്പുഴയിൽ യു.ഡി.എഫ് നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ നാലുവർഷം വൻ കൊള്ളയാണ് സർക്കാർ നടത്തിയത്. കൊവിഡിന്റെ മറവിൽ കോടികളുടെ അഴിമതി സർക്കാരും സി.പി.എമ്മും നടത്തി. മുഖ്യമന്ത്രി സർക്കാരിലെ അഴിമതിക്കാരെ സംരക്ഷിച്ചപ്പോൾ പാർട്ടി സെക്രട്ടറിയായ കോടിയേരി കള്ളക്കടത്ത് കേസിൽ പിടിയിലായ മകന്റെ സംരക്ഷകനായി നിൽക്കുകയാണ്. ഈ സാഹചര്യത്തിൽ എങ്ങനെ വീടുകളിൽക്കയറി കമ്മ്യൂണിസ്റ്റുകാർ വോട്ടുചോദിക്കും. അഴിമതി അന്വേഷിക്കുമ്പോൾ വികസനപ്രവർത്തനങ്ങൾ തടസപ്പെടുത്താൻ ഇ.ഡി ശ്രമിക്കുന്നുവെന്നാണ് പറയുന്നത്. അഴിമതി അന്വേഷിക്കാൻ പാടില്ലെന്ന് നിലപാടെടുത്ത ആദ്യസർക്കാരാണിത്.മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഇനിയും പലരും അകത്ത് പോകും. മുഖ്യമന്ത്രിയിലേക്കാണ് അന്വേഷണം നീങ്ങുന്നത്. ബി.ജെ.പിക്ക് ശക്തമായ തിരിച്ചടിയായിരിക്കും യു.ഡി.എഫിന്റെ വിജയമെന്നും ചെന്നിത്തല പറഞ്ഞു.

യു.ഡി.എഫ് ജില്ലാ ചെയർമാൻ സി.കെ. ഷാജിമോഹൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് എം.ലിജു, യു.ഡി.എഫ് നേതാക്കളായ അനൂപ് ജേക്കബ്, ജോണി നെല്ലൂർ, ഫ്രാൻസിസ് ജോർജ്ജ്, നേതാക്കളായ ഷാനിമോൾ ഉസ്മാൻ, സി.ആർ. ജയപ്രകാശ്, പി.സി. വിഷ്ണുനാഥ്, എ.എ. ഷുക്കൂർ, എം. മുരളി, അഡ്വ. ഡി. സുഗതൻ, ബി. ബാബുപ്രസാദ്, എ.എം. നസീർ, ബാബു വലിയവീടൻ, എ. നിസാർ, കെ.സണ്ണിക്കുട്ടി, കളത്തിൽ വിജയൻ, ജേക്കബ് എബ്രാഹം, ജോമി ചെറിയാൻ, കെ.പി.സി.സി ഭാരവാഹികളായ കെ.പി. ശ്രീകുമാർ, ബി. ബൈജു, ഇ. സമീർ, എം.ജെ.ജോബ്, ജ്യോതി വിജയകുമാർ, എസ്. ശരത്, മോളി ജേക്കബ്, സുനിൽ പി.ഉമ്മൻ, സുബ്രഹ്മണ്യദാസ്, ജി.സഞ്ജീവ് ഭട്ട് തുടങ്ങിയവർ പങ്കെടുത്തു.

 റിബലായാൽ പുറത്ത്

ജില്ലയിൽ പത്താം തീയതിയ്ക്കുള്ളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് നിർദ്ദേശിച്ചു. തിരഞ്ഞെടുപ്പിൽ ഘടക കക്ഷികൾക്ക് സീറ്റ് നൽകുന്നത് മത്സരിക്കുന്നതിനും വിജയിക്കുന്നതിനുമാണ്. അവരുടെ സീറ്റീൽ കോൺഗ്രസുകാർ റിബൽ നിൽക്കുന്നത് അംഗീകരിക്കില്ല. ഇത്തരത്തിൽ റിബലായി മത്സരിക്കുന്നവരെ പാർട്ടിയിൽ നിന്നു പുറത്താക്കും. നിയമസഭാ തിരഞ്ഞെടുപ്പാകുമ്പോൾ തിരിച്ചു വരാമെന്ന് ആരും കരുതേണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞ കാര്യം ചെന്നിത്തല സൂചിപ്പിച്ചു. മുന്നണി അംഗീകരിക്കുന്ന സ്ഥാനാർത്ഥിക്കു വേണ്ടി പ്രവർത്തിക്കണം. അവരെ വിജയിപ്പിച്ചിരിക്കണം- ചെന്നിത്തല പറഞ്ഞു.