അണിയറയിൽ തയ്യാറെടുക്കുന്നു അനൗൺസ്മെന്റ് കലാകാരൻമാർ
ആലപ്പുഴ: കൊവിഡ് ശബ്ദമുയർത്തിയപ്പോൾ 'നാവിറങ്ങി'പ്പോയ അനൗൺസ്മെന്റ് കലാകാരൻമാർ വർദ്ധിത വീര്യത്തോടെ രംഗത്തേക്ക്. കഴിഞ്ഞ എട്ടൊമ്പതു മാസക്കാലമായി പൊടിപിടിച്ചു കിടക്കുകയായിരുന്ന റെക്കോർഡിംഗ് ഉപകരണങ്ങളും ഉച്ചഭാഷിണികളിൽ അണമുറിയാത്ത പ്രവാഹമായിരുന്ന വാക് ശരങ്ങളും, തദ്ദേശ തിരഞ്ഞെടുപ്പ് പകർന്നു നൽകിയ ആത്മവിശ്വാസത്തിന്റെ അടിത്തറയിൽ നിന്നുകൊണ്ട് പത്തരമാറ്റ് പകിട്ടോടെ പുറത്തെടുക്കാനുള്ള അണിയറ പ്രവർത്തനങ്ങളിലാണിവർ.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചൂട് പുറംലോകമറിയണമെങ്കിൽ ശബ്ദകോലാഹലങ്ങൾ നിർബന്ധമാണെന്നത് പരമ്പരാഗതമായൊരു സങ്കല്പമാണ്. ഒരു പെട്ടിഓട്ടോ റിക്ഷയിലെങ്കിലും രണ്ടു സ്പീക്കർ കെട്ടിവച്ച് സ്ഥാനാർത്ഥിയുടെ പേരും പാർട്ടിയുടെ പെരുമയും ഒപ്പം നാലു 'തള്ള'ലും വിളിച്ചുപറഞ്ഞു പോകുന്നതു കേൾക്കുന്നത്ര ആവേശം സാമൂഹ്യ മാദ്ധ്യമങ്ങളിൽ എത്രയൊക്കെ തലകുത്തിമറിഞ്ഞാലും കിട്ടില്ലെന്നുറപ്പ്. രണ്ടു മേഖലകൾക്കും അതിന്റേതായ നേട്ടവും പോരായ്മയും ഉണ്ടെങ്കിലും കൊവിഡിനെ പുച്ഛിച്ചുതള്ളിക്കൊണ്ട് ഇക്കുറിയും പ്രചാരണരംഗം ശബ്ദ കോലാഹലങ്ങളിൽ കുടുങ്ങുമെന്നുറപ്പ്.
കഴിഞ്ഞ ഉത്സവകാലം അപ്പാടെ കൊവിഡ് അപഹരിച്ചതിനാൽ നാട്ടിൽ പുറങ്ങളിലോ നഗരങ്ങളിലോ പരിപാടികളൊന്നും അരങ്ങേറിയില്ല. കോളാമ്പിയൊഴിഞ്ഞ കൊന്നത്തെങ്ങുകൾ പോലും കൊവിഡിനെ പഴിച്ചു! കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാനുള്ള ജാഗ്രതാ നിർദേശങ്ങൾ മാത്രമാണ് കേൾക്കാനുണ്ടായിരുന്നത്. തിരഞ്ഞെടുപ്പ് അടുത്തതോടെ കളം മാറുകയാണ്. അനൗൺസ്മെന്റുകൾക്ക് നടുവിലാവും ഇനി ഓരോ വാർഡും. എഴുതി തയ്യാറാക്കിയ വാചകങ്ങൾക്ക് പുറമേ, മനോധർമ്മമനുസരിച്ച് വാചകങ്ങൾ വാരിവിതറാൻ കഴിവുള്ളവർക്കാണ് തിരഞ്ഞെടുപ്പ് അനൗൺസ്മെന്റിൽ ഡിമാൻഡ്. പ്രചാരണ വാഹനങ്ങൾക്ക് ദീർഘദൂരം സഞ്ചരിക്കേണ്ടതിനാൽ പലരും റെക്കോർഡിംഗുകളെയാണ് ആശ്രയിക്കാറുള്ളത്. പൊടുന്നനെ വാചകങ്ങളിൽ മാറ്റം വരുത്താൻ സാധിക്കില്ലെന്നതൊഴിച്ചാൽ മികച്ച ഗുണനിലവാരത്തിൽ അനൗൺസ്മെന്റ് കേൾപ്പിക്കാമെന്നതാണ് റെക്കോർഡുകളുടെ മേൻമ.
ശബ്ദസംരക്ഷണം മുഖ്യം
ഭാവിയിലെ വികസന പ്രവർത്തനങ്ങൾ, പ്രകടന പത്രിക തുടങ്ങിയവയും അനൗൺസ്മെന്റുകളിൽ ഉൾപ്പെടുത്താറുണ്ട്. സ്ഥാനാർത്ഥിയും പാർട്ടി നേതൃത്വവും നൽകുന്ന പോയിന്റുകൾ കലാകാരന്മാർ അവരുടെ ശൈലി കൂടി ചേർത്ത് വികസിപ്പിക്കും. റെക്കോർഡിംഗുകളിൽ സാധാരണയായി പന്ത്രണ്ട് മിനിട്ട് ദൈർഘ്യമുള്ള ഓഡിയോ തയ്യാറാക്കി നൽകുകയാണ് പതിവ്. ഇത് ആവർത്തിച്ച് കേൾപ്പിക്കും. ചൂടുവെള്ളം മാത്രം കുടിച്ചും, അധികം ഉച്ചത്തിൽ സംസാരിക്കാതെയും, മദ്യം ഉപേക്ഷിച്ചുമാണ് പല കലാകാരന്മാരും സീസൺ കാലത്ത് ശബ്ദം സംരക്ഷിക്കുന്നത്.
പാക്കേജുകൾ പലവിധം
അനൗൺസ്മെന്റും ഗാനങ്ങളും വീഡിയോയും ഉൾപ്പെടുത്തി വിവിധ പാക്കേജുകൾ കലാകാരന്മാർ തയ്യാറാക്കി നൽകുന്നുണ്ട്. പ്രചാരണത്തിന്റെ ഭാഗമായുള്ള സമ്പർക്കത്തിന് ഇപ്രാവശ്യം നിയന്ത്രണങ്ങളുണ്ട്. അതിനാൽ സ്ഥാനാർത്ഥിയുടെ വീഡിയോ തയ്യാറാക്കി ലിങ്ക് വഴി വോട്ടർമാരുടെ സ്മാർട്ട്ഫോണുകളിലെത്തിക്കാനാണ് ആലോചന. സ്ഥാനാർത്ഥി വോട്ട് അഭ്യർത്ഥിക്കുന്ന വീഡിയോ, പാരഡി ഗാനം, അനൗൺസ്മെന്റ് എന്നിവ ഉൾപ്പടെ നാലായിരം രൂപയുടെ പാക്കേജുകളുണ്ട്.
ഓഫറുകളുമുണ്ട്
തിരഞ്ഞെടുപ്പ് കാലത്ത് അനൗൺസ്മെന്റുകൾക്ക് ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. സാധാരണ ഒരു അനൗൺസ്മെന്റിന് 1500 രൂപ ഈടാക്കുമ്പോൾ, പ്രചാരണ അനൗൺസ്മെന്റിന് 1200 രൂപയാണ് ഫീസ്. പെൺശബ്ദം വേണമെങ്കിൽ നിരക്ക് വർദ്ധിക്കും. കൂടാതെ വ്യത്യസ്ത പാക്കേജുകളും പ്രഖ്യാപിച്ചവരുണ്ട്. സത്രങ്ങൾക്കും സപ്താഹങ്ങൾക്കും വേണ്ടി ദൈർഘ്യമുള്ള സ്ക്രിപ്റ്റ് തയ്യാറാക്കുമ്പോൾ 2500 രൂപ വരെ ഈടാക്കാറുണ്ട്.
ത്രീ ഇൻ വൺ
ഗ്രാമപഞ്ചായത്തുകളിലെ അനൗൺസ്മെന്റിൽ ഓരോ പാർട്ടിക്കാർക്കും തങ്ങളുടെ മൂന്നു സ്ഥാനാർത്ഥികൾക്കു വേണ്ടി വോട്ട് അഭ്യർത്ഥിക്കേണ്ടി വരും. ഗ്രാമം, ബ്ളോക്ക്, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളുടെ പേര് ഉൾപ്പെടുത്തിയാവും അനൗൺസ്മെന്റ്. പക്ഷേ, നഗരസഭകളിൽ ഈ പ്രശ്നമില്ല.
..........................................
അനൗൺസ്മെന്റ് മേഖല പ്രൊഫഷനായി തിരഞ്ഞെടുക്കുന്നവർ കുറവാണ്. ലൈവ് അവതരണത്തിൽ മനോധർമ്മം അനുസരിച്ച് വാചകങ്ങൾ പ്രയോഗിക്കണം. ഓരോ അനൗൺസ്മെന്റും വ്യത്യസ്തമാണ്. പ്രചാരണ ഓഡിയോയ്ക്ക് ഇണങ്ങുന്ന തരത്തിൽ ശബ്ദം ക്രമീകരിക്കാൻ സാധിക്കണം. അല്ലാത്തപക്ഷം അനൗൺസ്മെന്റ് കേട്ടാൽ പരസ്യം പോലെയിരിക്കും
ബിസി ഹരിദാസ്, അനൗൺസർ