കോൺഗ്രസ് 20 സീറ്റുകളിൽ
ആലപ്പുഴ : ജില്ലാ പഞ്ചായത്തിലേക്കുള്ള സീറ്റുവിഭജനം തർക്കങ്ങളില്ലാതെ പൂർത്തിയാക്കിയതിന് പുറമെ, സി.പി.ഐ സ്ഥാനാർത്ഥികളെ നിശ്ചയിക്കുക കൂടി ചെയ്തതോടെ ഇടതു മുന്നണി തിരഞ്ഞെടുപ്പ് രംഗത്ത് ഒരു പടി മുന്നിലെത്തി. യു.ഡി.എഫിന്റെ സീറ്റുവിഭജനം ഏറെക്കുറെ പൂർത്തിയായെങ്കിലും കോൺഗ്രസ് സ്ഥാനാർത്ഥികളെ സംബന്ധിച്ച ചർച്ച ഇന്നേ നടക്കൂ. സ്ഥാനാർത്ഥി നിർണ്ണയം ഒരു പക്ഷെ അല്പം സങ്കീർണമായേക്കും.കെ.പി.സി സി സെക്രട്ടറി കെ.പി. ശ്രീകുമാർ, എക്സിക്യൂട്ടീവ് അംഗം എ.കെ.രാജൻ, ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് ജോൺ തോമസ് തുടങ്ങിയ സീനിയർ നേതാക്കൾ മത്സരത്തിനുണ്ടാവും.
എൽ.ഡി.എഫ് സീറ്റ് വിഭജനം
സി.പി.എം: 16 ഡിവിഷനുകളിൽ മത്സരിക്കും. അരൂർ, പൂച്ചാക്കൽ പള്ളിപ്പുറം, കഞ്ഞിക്കുഴി, ആര്യാട്, വെളിയനാട്, മുതുകുളം , മാന്നാർ, മുളക്കുഴ, വെണ്മണി, നൂറനാട്, ഭരണിക്കാവ്, കൃഷ്ണപുരം, കരുവാറ്റ, പുന്നപ്ര,മാരാരിക്കുളം.
സി.പി.ഐ: അഞ്ച് ഡിവിഷനുകളിൽ.വയലാർ മനക്കോടം, അമ്പലപ്പുഴ, പത്തിയൂർ, പള്ളിപ്പാട്
കേരള കോൺഗ്രസ് (ജോസ്):ചമ്പക്കുളം
ജനതാദൾ: ചെന്നിത്തല
സി.പി.ഐ സ്ഥാനാർത്ഥികൾ
എൻ.എസ്.ശിവപ്രസാദ് (വയലാർ), എ.ഐ.എസ്.എഫ് മണ്ഡലം സെക്രട്ടറി അഞ്ജു(അമ്പലപ്പുഴ), ഇസബെല്ല (മനക്കോടം), എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി അംഗം ശോഭ (പള്ളിപ്പാട്), കെ.ജി.സന്തോഷ് (പത്തിയൂർ).
യു.ഡി.എഫ് സീറ്റ് വിഭജനം
യു.ഡി.എഫിൽ കോൺഗ്രസ് 20 സീറ്റുകളിൽ മത്സരിക്കാനാണ് ധാരണ. ആർ.എസ്.പി (നൂറനാട്), കേരളകോൺഗ്രസ് -ജോസഫ് (ചെന്നിത്തല), മുസ്ലീം ലീഗ് ( പുന്നപ്ര) എന്നിങ്ങനെയാണ് ഘടക കക്ഷികൾക്ക് സീറ്റ് നിശ്ചയിച്ചിട്ടുള്ളത്. കഴിഞ്ഞതവണ ജനതാദൾ മത്സരിച്ച പള്ളിപ്പുറം ഡിവിഷൻ കോൺഗ്രസ് ഏറ്റെടുക്കും. എന്നാൽ പുന്നപ്രയ്ക്ക് പുറമെ അമ്പലപ്പുഴ ഡിവിഷനിൽ കൂടി മത്സരിക്കണമെന്ന് ലീഗ് നിർബ്ബന്ധം കാട്ടുന്നുണ്ടെങ്കിലും കോൺഗ്രസ് നേതൃത്വം വഴങ്ങാൻ സാദ്ധ്യതയില്ല.