ഔദ്യോഗിക പ്രഖ്യാപനത്തിനു മുമ്പേ പ്രചാരണത്തുടക്കം
ആലപ്പുഴ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മുന്നണികളുടെ സീറ്ര് വിഭജന ചർച്ച ഔദ്യോഗികമായി പൂർത്തിയായിട്ടില്ലെങ്കിലും സ്ഥാനാർത്ഥിത്വം ഉറപ്പായവർ പ്രചാരണപ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു, പ്രത്യേകിച്ച് ഗ്രാമപഞ്ചായത്തുകളിൽ. ഫേസ്ബുക്ക് പോസ്റ്രുകളും ചുവരെഴുത്തുകളും സജീവമാണ്.
ഇടതുമുന്നണി സ്ഥാനാർത്ഥികളാണ് ഇക്കാര്യത്തിൽ ഏറെ മുന്നിൽ.പാർട്ടി പ്രാദേശിക നേതൃത്വങ്ങൾ ധാരണയിലെത്തിയതിനാൽ പ്രചാരണത്തിന് തടസമില്ല. പക്ഷേ, ഔദ്യോഗിക പ്രഖ്യാപനം വരാനിരിക്കുന്നതേയുള്ളൂ.സി.പി.എം സ്ഥാനാർത്ഥികൾ 12 മുതൽ നാമനിർദ്ദേശ പത്രിക നൽകാനുള്ള തയ്യാറെടുപ്പിലാണ്. എങ്കിലും മുന്നണി ജില്ലാ നേതൃത്വത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം വരണം.
യു.ഡി.എഫിൽ സ്ഥാനാർത്ഥിത്വം ഉറപ്പാക്കിയവർ പ്രചാരണത്തിന് ഇറങ്ങിത്തുടങ്ങിയെങ്കിലും പലേടത്തും റിബൽ ഭീഷണിയുണ്ട്. റിബലായി മത്സരിക്കുന്നവർക്കെതിരെ കർശന അച്ചടക്ക നടപടിയെടുക്കുമെന്ന് കഴിഞ്ഞ ദിവസം യു.ഡി.എഫ് ജില്ലാ നേതൃയോഗത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുന്നറിയിപ്പ് നൽകിയെങ്കിലും 'ഇതു കുറേ കേട്ടതാണ്' എന്ന മട്ടിലാണ് പ്രാദേശിക നേതാക്കളുടെ ഭാവം. എങ്കിലും പ്രശ്നങ്ങൾ സങ്കീർണ്ണമാക്കാതെ ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ശ്രമത്തിലാണ് യു.ഡി.എഫ് നേതൃത്വം.
ബി.ജെ.പിയും പ്രധാന ഘടകകക്ഷിയായ ബി.ഡി.ജെ.എസും തമ്മിലുള്ള ധാരണയാണ് എൻ.ഡി.എയിലെ പ്രധാന വിഷയം. ജില്ലാ പഞ്ചായത്ത് സീറ്റ് വിഭജനം രണ്ടു ദിവസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് രണ്ട് പാർട്ടികളുടെയും നേതാക്കൾ വ്യക്തമാക്കുന്നു.ചുരുക്കം സീറ്റുകളുടെ കാര്യത്തിലാണ് ചെറിയ ആശയക്കുഴപ്പം. എന്നാൽ ഗ്രാമപഞ്ചായത്തു തലത്തിൽ പലേടത്തും തർക്കങ്ങളുണ്ട്. കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ സീറ്റുകളിൽ മത്സരിക്കാൻ സ്വാഭാവികമായും ബി.ഡി.ജെ.എസ് താത്പര്യം കാട്ടിയിട്ടുണ്ട്. പ്രശ്നങ്ങളെല്ലാം പരിഹരിക്കുമെന്നാണ് എൻ.ഡി.എ നേതൃത്വം പറയുന്നത്. സി.പി.എമ്മിന് നല്ല സ്വാധീനമുള്ള ജില്ലയുടെ തെക്കൻ മേഖലയിലെ ചില പഞ്ചായത്തുകളിൽ സ്ഥാനാർത്ഥിത്വത്തെ ചൊല്ലി പാർട്ടിക്കുള്ളിൽ തന്നെ ഉയർന്നിട്ടുള്ള അഭിപ്രായ വ്യത്യാസം തലവേദനയാവുന്നുണ്ട്.
ആകെ 1169 വാർഡുകൾ
ജില്ലയിൽ 72 ഗ്രാമപഞ്ചായത്തുകളിലായി 1169 വാർഡുകളിലാണ് മത്സരം നടക്കുന്നത്. ഇതിൽ 487 ജനറൽ സീറ്റുകളും 558 സ്ത്രീസംവരണവുമാണ്. പട്ടികജാതി (73), പട്ടികജാതി സ്ത്രീ (51) എന്നിങ്ങനെയാണ് മറ്റ് സംവരണങ്ങൾ.
ജില്ലാ പഞ്ചായത്ത്
ആകെ ഡിവിഷൻ 23. ജനറൽ (10), സ്ത്രീ (11), പട്ടികജാതി, പട്ടികജാതി സ്ത്രീ സംവരണം (ഒന്നുവീതം)
നഗരസഭ
ആറുനഗരസഭകളിലായി 215 വാർഡുകൾ. ജനറൽ (99), സ്ത്രീ (102), പട്ടികജാതി,പട്ടികജാതി സ്ത്രീ സംവരണം (7 വീതം)
ബ്ളോക്ക് പഞ്ചായത്ത്
ആകെ 158 ഡിവിഷൻ. ജനറൽ (62), സ്ത്രീ (80), പട്ടികജാതി (12), പട്ടികജാതി സ്ത്രീ (4)
കൂടുതൽ വാർഡുകൾ മണ്ണഞ്ചേരിയിലും മാരാരിക്കുളം തെക്കും
ജില്ലയിൽ ഏറ്റവുമധികം വാർഡുകളുള്ളത് മണ്ണഞ്ചേരി, മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തുകളിൽ. 23 വാർഡുകൾ വീതം. വാർഡുകൾ ഏറ്റവും കുറവുള്ള 15 പഞ്ചായത്തുകളുണ്ട്. 13 വാർഡുകൾ വീതം.
ജില്ലയിലെ ആറു മുനിസിപ്പാലിറ്റികളിൽ കൂടുതൽ ഡിവിഷനുകളുള്ളത് ആലപ്പുഴയിലാണ് - 52 . ഏറ്റവും കുറവ് ചെങ്ങന്നൂരിൽ - 27 .
പോളിംഗ് ബൂത്തുകൾ
ജില്ലയിൽ ആകെ പോളിംഗ് ബൂത്തുകൾ : 2278
ജില്ല, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് എന്നിവിടങ്ങളിൽ : 1989
മുനിസിപ്പാലിറ്റികളിൽ : 282
ഏറ്റവുമധികം ബൂത്തുകൾ: മാരാരിക്കുളം തെക്ക് ( 53 ബൂത്തുകൾ)
ഏറ്റവും കുറവ് ബൂത്തുകൾ : പെരുമ്പളം (13 ബൂത്തുകൾ)