ആലപ്പുഴ : ആചാരത്തിന്റെ പേരിൽ വിവാദങ്ങളിലേക്ക് വലിച്ചിഴക്കപ്പെട്ട വലിയചുടുകാട് ശ്മശാനം സൗന്ദര്യവത്കരണ പദ്ധതി പാതിവഴിയിൽ നിറുത്തി. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച ഒന്നര കോടി രൂപ ഉപയോഗിച്ച് 2018ൽ ആരംഭിച്ച നവീകരണ ജോലികളാണ് രണ്ട് കൗൺസിലർമാരുടെ ഇടപെടലിനെ തുടർന്ന് കഴിഞ്ഞ മൂന്ന് മാസങ്ങളായി നിലച്ചിരിക്കുന്നത്.

ആചാര പ്രകാരമുള്ള ശവസംസ്കാരത്തിന് മതിയായ സംവിധാനം ഏർപ്പെടുത്തണമെന്ന ആവശ്യവുമായി വിവിധ ഹിന്ദു സംഘടനകൾ നവീകരണ ജോലികൾ ആരംഭിച്ചപ്പോൾ തന്നെ രംഗത്ത് എത്തിയിരുന്നു. പത്ത്മാസം മുമ്പ് നഗരസഭ ചെയർമാനും വാർഡ് കൗൺസിലറും പ്രതിഷേധക്കാരുമായി നടത്തിയ ചർച്ചയിൽ, ശവസംസ്കാരത്തിന് മതിയായ സംവിധാനം ഏർപ്പെടുത്തുമെന്നും ചുടുകാട് നവീകരിക്കുമ്പോൾ പാർക്ക് വേർതിരിക്കുന്ന ഭിത്തി നിർമ്മാണം നടത്തില്ലെന്നും ധാരണയായിരുന്നു. ഇതേത്തുടർന്ന് നവീകരണ ജോലികൾ പുനരാംഭിക്കാൻ തീരുമാനിച്ചതാണ്. എന്നാൽ, തങ്ങളുടെ വാർഡിൽ ഏറ്റെടുത്ത റോഡിന്റെ നിർമ്മാണ ജോലി പൂർത്തികരിച്ച ശേഷം പാർക്കിന്റെ നിർമ്മാണം ആരംഭിച്ചാൽ മതിയെന്ന് കൗൺസിലർമാർ കരാറുകാരന് നിർദേശം നൽകിയതോടെ ചുടുകാട്ടിലെ പാർക്ക് നിർമ്മാണം നിലച്ചു. ശവസംസ്കാരത്തിന് എത്തുന്നവർ വെയിലത്ത് നിൽക്കുന്നത് ഒഴിവാക്കാനും കൂടിയാണ് പദ്ധതിക്ക് രൂപം നൽകിയത്. പാർക്കിനെ വേർതിരിക്കുന്നതിനായി ഉയർത്തി മദ്ധ്യഭാഗത്ത് കെട്ടിയചുറ്റുമതിലിന്റെ ഉയരമുള്ള ഭാഗം സ്ഥാനമൊഴിഞ്ഞ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ ഇടപെട്ട് പൊളിച്ചു നീക്കിയിരുന്നു.

2018 : നവീകരണ ജോലികൾ ആരംഭിച്ചത്

1.5കോടി : അനുവദിച്ചിട്ടുള്ള തുക

5.5 ഏക്കർ: വലിയ ചുടുകാട് ശ്മശാനത്തിന്റെ വിസ്തൃതി

ശ്മശാനം നവീകരണം

രണ്ട് നൂറ്റാണ്ട് പഴക്കമുള്ളതും അഞ്ചരക്കറിൽ അധികം ഏക്കർ വിസ്തൃതിയുള്ളതുമാണ് നഗരസഭയുടെ അധിനതയിലുള്ള വലിയചുടുകാട് ശ്മശാനം.ശ്മശാനത്തിന്റെ ഒരു ഭാഗം ശവസംസ്കാരത്തിന് നീക്കി വെച്ച ശേഷം മറ്റിടങ്ങൾ കുറ്റിക്കാടുകൾ നീക്കം ചെയ്ത് സൗന്ദര്യവത്കരിക്കുന്നതാണ് പദ്ധതി. തറയോട് പാകൽ, ഔഷധ മരങ്ങളും പൂച്ചെടികളും നട്ടു വളർത്തൽ, ചുറ്റുമതിൽ, വിശ്രമ കേന്ദ്രങ്ങൾ, ഹട്ട്, ടോയ്‌ലെറ്റുകൾ, കഫേ, അനുശോചന യോഗത്തിനുള്ള ഓപ്പൺ ആഡിറ്റോറിയം, തണൽപ്പന്തൽ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിൽ ഹട്ടും മുൻഭാഗത്തെ കെട്ടിടവും നിർമ്മിച്ചു. തറയോട് പാകൽ ഭാഗികമായതേയുള്ളൂ. ,ഗാർഡനായി നട്ട ചെടികൾ സംരക്ഷിക്കാൻ കഴിയാതെ നശിക്കുന്നു.

"സംസ്കാരത്തിന് തടസം സൃഷ്ടിക്കുന്ന തരത്തിൽ നിർമ്മിച്ച, പാർക്കിന്റെ ചുറ്റുമതിൽ വിശ്വാസികളുടെ താല്പര്യം കണക്കിലെടുത്ത് പൊളിച്ചു നീക്കി. സാങ്കേതിക തടസത്തെ തുടർന്ന് കരാറുകാരൻ പണി ഉപേക്ഷിച്ചതാണ് നിർമ്മാണം നിലക്കാൻ കാരണം.

ഇല്ലിക്കൽ കുഞ്ഞുമോൻ, ചെയർമാൻ, നഗരസഭ

ഭരണകക്ഷിയിലെ കൗൺസിർമാർ കരാറുകാരനെ ഭീഷണിപ്പെടുത്തിയതാണ് വലിയ ചുടുകാട് നവീകരിക്കുന്ന പദ്ധതി കഴിഞ്ഞ മൂന്ന് മാസമായി മുടങ്ങാൻ കാരണം.

ഇന്ദു വിനോദ്, വാർഡ് കൗൺസിലർ

......................