family

ആലപ്പുഴ: പുറംലോകവുമായി ബന്ധപ്പെടാൻ പാടത്തിനു നടുവിലൂടെയുള്ള വരമ്പ് മാത്രം ആശ്രയമായ രണ്ടു ദളിത് കുടുംബങ്ങൾ അധികൃതരുടെ കനിവുകാത്ത് കഴിയാൻ തുടങ്ങിയിട്ട് വർഷങ്ങൾ. ഒരു അത്യാഹിതമുണ്ടായാൽ പോലും വേഗം രക്ഷപ്പെടാനാവാത്ത ദുരവസ്ഥയിൽ കഴിയുന്ന ഇവർക്കൊരു കൈത്താങ്ങാവാൻ ആരുമില്ല.

ചേർത്തല കോടംതുരുത്ത് പഞ്ചായത്ത് 9-ാം വാർഡ് മുട്ടുങ്കൽത്തറ വീട്ടിൽ മാധവി പപ്പനെന്ന എഴുപത്തിമൂന്നുകാരിയുടെ ഒൻപതംഗ കുടുംബാംഗങ്ങളാണ് വർഷങ്ങളായി ദുരിതത്തിൽ കഴിയുന്നത്. പാടശേഖരത്തിന് നടുവിലെ 150 മീറ്റർ വരമ്പാണ് ഇവർക്ക് വീട്ടിൽ നിന്ന് റോഡിലെത്താനുള്ള ഏക ആശ്രയം. ഒറ്റ മഴയിൽ തന്നെ വരമ്പ് മുങ്ങും. ഇന്നേവരെ യാതൊരു വികസന പ്രവർത്തനവും ഇവിടെ നടന്നിട്ടില്ല. മാധവിയമ്മയുടെ രണ്ട് പെൺമക്കൾ കുടുംബമായാണ് ഇവിടെ കഴിയുന്നത്. കാൻസർ, ഹൃദ്രോഗ ബാധിതരായ രണ്ട് വയോധികർ, അഞ്ച് വയസുള്ള ഭിന്ന ശേഷിക്കാരിയടക്കം മൂന്ന കുട്ടികൾ എന്നിവരാണ് അംഗങ്ങൾ. കഴിഞ്ഞ ഒൻപത് വർഷമായി രണ്ട് അമ്മമാരെയും മരുമക്കൾ തോളിലേറ്റിയാണ് ഈ വഴി കടന്ന് ആശുപത്രിയിൽ എത്തിക്കുന്നത്. ദുരിതങ്ങൾ വ്യക്തമാക്കി 2007ൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് അപേക്ഷ സമർപ്പിച്ചിരുന്നു. അപേക്ഷ പ്രകാരം നാല് വശത്തും കൽക്കെട്ട് കെട്ടി നടവഴി അനുവദിക്കാൻ അദ്ദേഹം ഉത്തരവിട്ടു. ഇതിനായി പഞ്ചായത്ത് അധികൃതരെ നിരന്തരം സമീപിച്ചെങ്കിലും പണം വക മാറ്റി ചെലവഴിച്ചെന്നാണ് മറുപടി ലഭിച്ചതെന്ന് മാധവിയമ്മയുടെ മൂത്ത മകൾ ലിജി പറയുന്നു.

കളക്ടറുടെ അദാലത്തിലും നടവഴി അനുവദിക്കാൻ ഉത്തരവായിരുന്നു. വരമ്പിന് ഇരു വശത്തുമുള്ള ഭൂ ഉടമകളുടെ സമ്മതപത്രം ലഭിച്ചാൽ വഴി അനുവദിക്കാമെന്ന് ആധികൃതർ അറിയിച്ചതോടെ അതിനുള്ള ശ്രമമായി. ഒരു ഭാഗത്തുള്ള ഉടമ സമ്മതപത്രം നൽകി. എന്നാൽ വർഷങ്ങൾക്ക് മുമ്പ് വിൽപ്പന നടന്ന മറുവശത്തെ സ്ഥലത്തിന്റെ ഉടമയെ കണ്ടെത്താൻ സാധിച്ചിട്ടില്ല. തങ്ങളുടെ പ്രശ്നത്തിന് ശാശ്വത പരിഹാരം നൽകാൻ അധികൃതർ കനിയണമെന്നാണ് കുടുംബത്തിന്റെ അപേക്ഷ.