ആലപ്പുഴ:തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഓരോ സ്ഥാനാർത്ഥിക്കും ചെലവാക്കാവുന്ന തുകയെ സംബന്ധിച്ച് നിർദ്ദേശമായി. ഒരു സ്ഥാനാർത്ഥിക്ക് ഗ്രാമപഞ്ചായത്തിലേക്ക് പരമാവധി 25,000 രൂപയും ബ്ലോക്ക് പഞ്ചായത്ത്/ മുനിസിപ്പാലിറ്റിയിലേക്ക് 75,000 രൂപയും ജില്ലാ പഞ്ചായത്തിലേക്ക് 1,50,000 രൂപയുമാണ് ചെലവാക്കാൻ അനുവദിച്ചിട്ടുള്ളത്.

തിരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ ആദ്യ ഘട്ട ജില്ലാതല സ്റ്റാന്റഡിംഗ് കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജില്ല കളക്ടർ എ. അലക്‌സാണ്ടറുടെ അധ്യക്ഷതയിലായിരുന്നു യോഗം.

കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് വേണം തിരഞ്ഞെടുപ്പ് പ്രചാരണം ഉള്‍പ്പടെയുള്ളവ നടത്താനെന്ന് ജില്ല കളക്ടര്‍ നിര്‍ദ്ദേശിച്ചു. ജില്ലയില്‍ ആറ് മുനിസിപ്പാലിറ്റികളിലായി 282 പോളിംഗ് സ്റ്റേഷനുകളും 72 ഗ്രാമപഞ്ചായത്തുകളിലായി 1989 പോളിംഗ് സ്റ്റേഷനുകളുമാണ് നിലവിലുള്ളത്. ഗ്രാമപഞ്ചായത്തുകളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ 1000 രൂപയും ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റിയിലേക്ക് 2000 രൂപയും, ജില്ലാ പഞ്ചായത്തിലേക്ക് 3000 രൂപയും നാമനിർദ്ദേശ പത്രികയിക്കൊപ്പം കെട്ടിവയ്ക്കണം. പട്ടികജാതി/ പട്ടികവർഗ വിഭാഗക്കാർക്ക് നിശ്ചിത തുകയുടെ 50ശതമാനം നൽകിയാൽ മതി. വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് ഡിസംബർ രണ്ടിന് നടത്തും.