ആലപ്പുഴ : കുട്ടനാട് - അപ്പർ കുട്ടനാട് പാടശേഖരങ്ങളിൽ പുഞ്ച കൃഷിയിറക്കിയ കർഷകർക്ക് തിരിച്ചടിയായി നെൽച്ചെടികളിലെ കീടാക്രമണം. തണ്ടുതുരപ്പന്റെയും ഓലചുരുട്ടിപ്പുഴുവിന്റെയും ആക്രമണമാണ് വ്യാപകം.
നെടുമുടി, ചമ്പക്കുളം, അമ്പലപ്പുഴ, വീയപുരം, രാമങ്കരി, കൈനകരി പഞ്ചായത്തുകളിലും ആലപ്പുഴ നഗരസഭയിലെ പാടശേഖരങ്ങളിലും 4000ഹെക്ടറിൽ വിതകഴിഞ്ഞു. വിതച്ച് രണ്ടാഴ്ചയ്ക്ക് മുകളിൽ പ്രായമായ ചില പാടശേഖരങ്ങളിൽ തണ്ടുതുരപ്പൻ, ഓലചുരുട്ടി കീടങ്ങളുടെ സാന്നിദ്ധ്യം ചെറിയതോതിൽ കാണുന്നുണ്ട്. തണ്ടുതുരപ്പന്റെ മുട്ടക്കൂട്ടങ്ങളും തണ്ടുതുരപ്പന്റേയും ഓലചുരുട്ടിയുടേയും ശലഭങ്ങളുമാണുള്ളത്. വിളയുടെ ആദ്യവളർച്ചാഘട്ടങ്ങളിലുള്ള കീടബാധ മിത്രപ്രാണികളാൽ നിയന്ത്രണ വിധേയമാക്കാൻ കഴിയും. ഈ കാലയളവിൽ നല്ല മഴ ആവശ്യമാണ്. ഇത്തവണ തുലാമഴ മഴ കുറഞ്ഞതാണ് തിരിച്ചടിയായത്. മഴ ശക്തിയോടെ ലഭിച്ചാലേ കീടരോഗം മാറുകയുള്ളൂവെന്ന് കർഷകർ പറയുന്നു.
രോഗബാധ കാണപ്പെട്ടതോടെ കർഷകർ മുൻകരുതൽ ആരംഭിച്ചു. കീടനാശിനി പ്രയോഗമാണ് പുഴുവിനെ നശിപ്പിക്കാനുള്ള മാർഗമെങ്കിലും തണ്ടുതുരപ്പനേയും ഓലചുരുട്ടിയേയും പ്രകൃതി സൗഹൃദമായ ട്രൈക്കോകാർഡുകൾ ഉപയോഗിച്ചാണ് പ്രതിരോധിക്കുന്നത്. കീടനാശിനി ഇപ്പോൾ ഉപയോഗിച്ചാൽ 45ദിവസം വരെ നെൽച്ചെടികളുടെ സംരക്ഷണത്തിന് ആവശ്യമായ മറ്റ് മിത്രപ്രാണികൾ നശിക്കും. പാടങ്ങളിൽ പുകയില കഷായം തളിക്കാമെങ്കിലും വലിയ പാടശേഖരങ്ങളിൽ ജൈവമാർഗത്തിലുള്ള മരുന്ന് പ്രയോഗം പ്രായോഗികമല്ല.
ലക്ഷണങ്ങൾ
ഓലചുരുട്ടിപ്പുഴു നെൽച്ചെടിയുടെ നാമ്പിൽ മുട്ടയിട്ട് ആഹാരത്തിന് വേണ്ടി നീര് വലിച്ചെടുക്കും ഓല മുറിക്കുകയും ചെയ്യും. നെൽച്ചെടിക്ക് വേണ്ട അന്നജം തയ്യാറാക്കുന്നത് ഇലകളാണ്. ഓലചുരുട്ടിപ്പുഴുവിന്റെ ആക്രമണം നേരിട്ട നെൽച്ചെടികൾക്ക് വെളുത്ത നിറമാകും. ഇലകളിലെ ഹരിതകം ഇല്ലാതായാൽ ചെടിയുടെ കരുത്ത് കുറയും. കുട്ടനാട്ടിലെ ചെറിയ മഞ്ഞും വെയിലും പുഴുവിന് വളരാൻ അനുയോജ്യമാണ്. ഒരു ചെടിയിൽ 10 മുതൽ 100 മുട്ട വരെ ഓലചുരുട്ടിപ്പുഴു നിക്ഷേപിക്കും. തണ്ട് തുരപ്പൻ ചെടിയുടെ നീരുവലിച്ചെടുത്ത് നശിപ്പിക്കും.
(ട്രൈക്കോഗ്രാമ ചീലോണിസ് 2സി.സി.) ...... Read more at: https://www.mathrubhumi.com/palakkad/news/article-1.3004573
മങ്കൊമ്പ് നെല്ലുഗവേഷണ കേന്ദ്രം
ഓലചുരുട്ടിപ്പുഴുവിന്റെ ആക്രമണമുണ്ടായ പാടശേഖരങ്ങളിലെ കർഷകർ അടിയന്തരമായി മങ്കൊമ്പ് നെല്ലുഗവേഷണ കേന്ദ്രത്തിൽ സഹായം തേടണം. രണ്ടു കീടങ്ങൾക്കുമെതിരേ ഒരേക്കറിൽ വയ്ക്കുന്നതിനുള്ള മുട്ടക്കാർഡുകളുടെ (ട്രൈക്കോ ഗ്രാമ ചീലോണീസ് 2 സി.സി) വില 140 രൂപയാണ്. വിതച്ച് 15-ാം ദിവസം മുതൽ 15 ദിവസം ഇടവേളകളിൽ നാലു തവണ കാർഡുകൾപാടശേഖരം മുഴുവനും വയ്ക്കുകയാണ് കീടനിയന്ത്രണത്തിന് അനുയോജ്യം. ഫോൺ 9383470715, 9383472019, 8089638349.
തണ്ടുതുരപ്പനേയും ഓലചുരുട്ടിയേയും തുരത്താൻ മിത്രകീടങ്ങളെ നശിപ്പിക്കാത്ത ട്രൈക്കോകാർഡുകൾ ഉപയോഗിക്കാനാണ് ഉദേശിക്കുന്നത്. ഇപ്പോൾ ഒന്നാം വളം കഴിഞ്ഞതിനാൽ ഏക്കറിന് 10,000ൽ അധികം രൂപയാണ് കർഷകർ ചെലവഴിച്ചത്.
അനിരുദ്ധൻ, സെക്രട്ടറി കന്നിട്ട എ ബ്ളോക്ക് പാടശേഖര സമിതി