ആലപ്പുഴ നഗരസഭയിൽ അവസാന കൗൺസിൽ യോഗം ചേർന്നു
പുതിയ മന്ദിരത്തിലെ ആദ്യയോഗം യാത്രയയപ്പ് യോഗമായി
ആലപ്പുഴ: പരാതികളും പരിഭവങ്ങളും രാഷ്ട്രീയ വൈരങ്ങളും മറന്ന്, പുതുമണം നിറഞ്ഞു നിൽക്കുന്ന പുത്തൻ നഗരസഭാമന്ദിരത്തിൽ അവസാന കൗൺസിൽ യോഗത്തിനായി അവരിന്നലെ ഒത്തുകൂടി. വ്യക്തിപരമായ കാരണങ്ങളാൽ മൂന്നു പേർക്ക് എത്താനായില്ലെങ്കിലും, വ്യക്തിബന്ധം തുടരുമെന്നും വീണ്ടും കാണാമെന്നും പരസ്പരം ആത്മവിശ്വാസം പകർന്നു പിരിയാൻ നേരം ചിലരുടെ മുഖത്തെങ്കിലും കാണാനായി, നേരിയ ഒരു വിഷാദ ഭാവം.
തദ്ദേശ ഭരണ സമിതികളുടെ കാലാവധി നാളെ തീരാനിരിക്കെയാണ്, ഇന്നലെ ആലപ്പുഴ നഗരസഭയുടെ അവസാന കൗൺസിൽ യോഗം ചേർന്നത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ രാഷ്ട്രീയത്തിനുപരിയായി പടുത്തുയർത്തിയ സ്നേഹബന്ധത്തിന്റ തീവ്രത, ഇനിയുള്ള കാലവും കെടാതെ സൂക്ഷിക്കുമെന്ന് അവർ വാക്കുകളിലൂടെ ഊട്ടിയുറപ്പിച്ചു. ഫലത്തിൽ, പുതിയ നഗരസഭാ മന്ദിരത്തിലെ ആദ്യ കൗൺസിൽ യോഗം യാത്രയയപ്പ് യോഗമായി മാറുകയായിരുന്നു. കഴിഞ്ഞ 23ന് ആയിരുന്നു മന്ദിരത്തിന്റെ ഉദ്ഘാടനം.
നഗരസഭാ മുൻ ചെയർമാൻ തോമസ് ജോസഫ്, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മോളി ജേക്കബ്, സി.പി.എമ്മിലെ എം.ആർ.പ്രേം എന്നിവരാണ് അവസാന യോഗത്തിൽ അസാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയരായത്. മൂവർക്കും വ്യക്തിപരമായിരുന്നു കാരണങ്ങൾ.
രാവിലെ 11ന് ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോന്റെ അദ്ധ്യക്ഷതയിൽ യോഗം ആരംഭിച്ചു. കൗൺസിൽ അംഗങ്ങൾക്ക് വ്യത്യസ്ത രാഷ്ട്രീയ നിലപാടുകൾ ഉണ്ടായിരുന്നെങ്കിലും നഗരസഭയുടെ പൊതു വികസനത്തിൽ അംഗങ്ങളുടെ കൂട്ടായ്മയും പദ്ധതി നിർവഹണത്തിൽ ഉദ്യോഗസ്ഥരുടെ ആത്മാർത്ഥമായ ഇടപെടലുകളും കരുത്ത് പകർന്നതായി ചെയർമാൻ പറഞ്ഞു. പുതിയ കൗൺസിൽ അധികാരത്തിൽ എത്തുംവരെ നിലവിലെ കൗൺസിലർമാർ തങ്ങളുടെ വാർഡിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നിട്ടു നിൽക്കുമെന്ന് ഉറപ്പുനൽകി. ജനങ്ങളുടെ ആരോഗ്യ സംരക്ഷണം കണക്കിലെടുത്ത് നിലവിലുള്ള വാർഡ് ജാഗ്രതാ സമിതികൾ അടുത്ത കൗൺസിൽ വരുന്നതു വരെ നിലനിറുത്താനും യോഗത്തിൽ ധാരണയായി.
ഭക്ഷണം കഴിച്ചു പിരിഞ്ഞു
യോഗത്തിനു ശേഷം കൗൺസിലർമാർ ഹസ്തദാനം നൽകി സ്നേഹം പങ്കുവച്ചു. ഉച്ചഭക്ഷണവും ഗ്രൂപ്പ് ഫോട്ടോ എടുക്കലും കഴിഞ്ഞ് വൈകിട്ട് മൂന്ന് മണിയോടെയാണ് അംഗങ്ങൾ പിരിഞ്ഞത്. യോഗത്തിൽ വൈസ് ചെയർപേഴ്സൺ സി. ജ്യോതിമോൾ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ബഷീർ കോയാപറമ്പിൽ, അഡ്വ. എ.എ.റസാഖ്, അഡ്വ. ജി.മനോജ്കുമാർ, ബിന്ദുതോമസ്, പ്രതിപക്ഷ നേതാവ് ഡി.ലക്ഷ്മണൻ, കൗൺസിൽ അംഗങ്ങളായ ഷോളി സിദ്ധകുമാർ, വിജയകുമാർ, എ.എം.നൗഫൽ, എം.ആർ.ഹരികുമാർ, സജിതാ ഫൈസൽ തുടങ്ങിയവർ സംസാരിച്ചു.