വ്യാപക കൃഷിനാശം വൈദ്യുതി ബന്ധം തകരാറിലായി
ചാരുംമൂട് : ഞായറാഴ്ച വൈകിട്ടുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും ചാരുംമൂട് മേഖലയിൽ ലക്ഷങ്ങളുടെ നാശനഷ്ടം. നൂറനാട് ഗ്രാമപഞ്ചായത്തിൽ മാത്രം 10 ലക്ഷത്തോളം രൂപയുടെ കൃഷി നാശമുണ്ടായി.മരങ്ങൾ വീണ് 20 ഓളം വൈദ്യുതി പോസ്റ്റുകളാണ് ഒടിഞ്ഞു വീണത്. വൈദ്യുതിക്കമ്പികളും പൊട്ടിവീണു. നൂറനാട് പഞ്ചായത്തിലെ തത്തംമുന്ന, ഇടക്കുന്നം, പുലിമേൽ എന്നിവിടങ്ങളിലാണ് കൂടുതൽ കൃഷിനാശം.
പാലമേൽ പഞ്ചായത്തിൽ 6 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് കണക്ക്. കുലച്ചതും, വിളവായതുമായ വാഴ, വെറ്റക്കൊടി, മരച്ചീനി തുടങ്ങിയവയാണ് വ്യാപകമായി നശിച്ചത്. ടാപ്പിംഗ് നടത്തിവരുന്ന റബ്ബർ, തെങ്ങ് തുടങ്ങിയവയും നിലം പതിച്ചു. താമരക്കുളം, ചുനക്കര , വള്ളികുന്നം പഞ്ചായത്തുകളിലും വ്യാപക കൃഷി നാശമുണ്ടായി. ചുനക്കര , വടക്കേ കടമ്പാട്ട്, താമരക്കുളം നാലുമുക്ക് , നെടിയാണിക്കൽ , നൂറനാട് തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു വീണു. ചാരുംമൂട് മേഖലയിൽ തടസപ്പെട്ട വൈദ്യുതി വിതരണം ഇന്നലെ വൈകിട്ടോടെയാണ് പുനഃസ്ഥാപിച്ചത്. ചാരുംമൂട് വൈദ്യുതി ഓഫീസിലെ ചില ജീവനക്കാർക്ക് കൊവിഡ് ബാധിച്ചതിനാൽ മറ്റ് സെക്ഷനുകളിലെ ജീവനക്കാരെത്തിയാണ് ജോലികൾ പൂർത്തിയാക്കിയത്.