മാവേലിക്കര : ദേവസ്വം എംപ്ലോയീസ് ഫ്രണ്ടിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം സെക്രട്ടേറിയേറ്റ് പടിക്കൽ നടന്ന ഉപവാസത്തിന് പിന്തുണ പ്രഖ്യാപിച്ചു മാവേലിക്കര ഗ്രൂപ്പ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാവേലിക്കര താലൂക്ക് ഓഫീസിന് മുന്നിൽ ഐക്യദാർഢ്യ കൂട്ടായ്മ നടന്നു. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന് സർക്കാർ 250 കോടി രൂപ അനുവദിക്കുക, ശബരിമലയിൽ കൊവിഡ് നിയമങ്ങൾ പാലിച്ചുകൊണ്ട് കൂടുതൽ ഭക്തരെ ദർശനത്തിന് അനുവദിക്കുക, ശബരിമല മുന്നൊരുക്കങ്ങളിൽ സർക്കാർ കാണിക്കുന്ന അനാസ്ഥ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ഐക്യദാർഢ്യ കൂട്ടായ്മ ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.കെ.ആർ മുരളീധരൻ ഉദ്ഘാടനം ചെയ്തു. ഗ്രൂപ്പ് പ്രസിഡന്റ് പി.സുനിൽ അദ്ധ്യക്ഷനായി. ഡി.സി.സി സെക്രട്ടറി ചെങ്കളിൽ രാജൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് കണ്ടിയൂർ മുരളി, ഗ്രൂപ്പ് സെക്രട്ടറി അജിത് താമല്ലാക്കൽ, വിനീത് കുമാർ, ജയചന്ദ്രൻ മനായി തുടങ്ങിയവർ നേതൃത്വം നൽകി.