raju

രാജുവിന്റെ ശേഖരത്തിൽ മുന്നൂറോളം പ്രമുഖരുടെ കത്തുകൾ

ആലപ്പുഴ: 'മനോഹരമായ കൈപ്പടയിലുള്ള താങ്കളുടെ കത്ത് കിട്ടി...'- തെക്കനാര്യാട് ഗീതാഞ്ജലിയിൽ കെ.കെ. രാജുവിന് (61) എം.ടി.വാസുദേവൻ നായർ അയച്ച മറുപടിക്കത്തിന്റെ തുടക്കം ഇങ്ങനെയായിരുന്നു. അച്ചടി വടിവൊത്ത കൈപ്പടയിലൂടെ ആരുടെയും മനംകവരുന്ന രാജുവിന്റെ ശേഖരത്തിൽ മുന്നൂറോളം പ്രമുഖരുടെ കത്തുകളുണ്ട്.

സാഹിത്യ, സാംസ്കാരിക മേഖലകളിലെ പ്രമുഖർക്ക് ഭംഗിയുള്ള കൈയക്ഷരത്തിൽ അയയ്ക്കുന്ന കത്തുകൾക്കെല്ലാം മറുപടി ലഭിച്ചിരുന്നു.

ഹൈസ്കൂൾ പഠനകാലത്ത് സ്കൂൾ ആവശ്യത്തിനായി അദ്ധ്യാപകർ പ്രശസ്ത വ്യക്തികൾക്ക് കത്ത് എഴുതിച്ചിരുന്നത് രാജുവിനെ കൊണ്ടാണ്. വീട്ടിലെ ബുദ്ധിമുട്ടുകൾ കാരണം പഠനം പ്രീഡിഗ്രിയുടെ പാതിവഴിയിൽ ഉപേക്ഷിച്ചു. അച്ഛന് താങ്ങായി ആലയിൽ പണിക്കുപോയി. രാത്രിയിൽ അടുത്തുള്ള ലൈബ്രറിയിലെത്തി വായന തുടങ്ങിയതോടെ സാഹിത്യ ലോകത്തേക്കുള്ള യാത്ര ആരംഭിച്ചു. വൈക്കം മുഹമ്മദ് ബഷീർ, തകഴി, സുകുമാർ അഴീക്കോട്, കുഞ്ഞുണ്ണി മാഷ്, ലളിതാംബിക അന്തർജനം,കെ.ജെ. യേശുദാസ്‌ തുടങ്ങിയവർക്കൊക്കെ അയച്ച കത്തുകളുടെ മറുപടി രാജുവിന്റെ ശേഖരത്തിലുണ്ട്. സാഹിത്യവായനയ്ക്കൊപ്പം പൊതുവിജ്ഞാനം ആർജിച്ച് പി.എസ്.സിയിലൂടെ പട്ടികവർഗ വികസനവകുപ്പിൽ ഹോസ്റ്റൽ വാർഡനായി ജോലി ലഭിച്ചു. ഇൗരാറ്റുപേട്ട ഗവ.മോഡൽ റസിഡൻഷ്യൽ സ്കൂൾ മാനേജരായാണ് വിരമിച്ചത്.

സ്കൂൾ മലയാള അദ്ധ്യാപകനായിരുന്ന ശ്രീധരൻ ആചാരിയാണ് കത്തെഴുതാനുള്ള പ്രോത്സാഹനം നൽകിയത്. കൈപ്പട ഇഷ്ടപ്പെട്ട ഗുരു നിത്യചൈതന്യയതി കാലിയോഗ്രാഫിയെകുറിച്ചുള്ള ചെറുവിവരണം നൽകി. ഇതേപ്പറ്റി പുതുതലമുറയ്ക്ക് പകർന്നു കൊടുക്കാനുള്ള തയ്യാറെടുപ്പിലാണ് രാജു. ഒപ്പം കത്തുകളുടെ പിന്നാമ്പുറങ്ങളെപ്പറ്റിയുള്ള പുസ്തക രചനയിലുമാണ്. രാജുവിന്റെ ഹോബിക്ക് പിന്തുണയുമായി ഭാര്യ ജയശ്രീയും മകൾ അഞ്ജലിയുമുണ്ട്.

ആദ്യം കിട്ടിയ മറുപടി

വൈക്കം മുഹമ്മദ് ബഷീറിൽ നിന്നാണ് രാജുവിന് ആദ്യമായി മറുപടിക്കത്ത് ലഭിക്കുന്നത്.1984 ൽ രചനയെന്ന പേരിൽ സ്വന്തമായി കൈയെഴുത്തു മാസിക തയ്യാറാക്കുന്നതിനുവേണ്ടി ബഷീറിന്റെ ഒരു ആർട്ടിക്കിളിനായി കത്തെഴുതി. മറുപടി ഉടൻ ലഭ്യമായി. പ്രിയപ്പെട്ട കെ.കെ.രാജു, വർണ ചിത്രീകരണങ്ങളോടു കൂടി പരിപൂർണമായ അച്ചടിവടിവുള്ള കൈപ്പട എന്നീ പ്രത്യേകതയുള്ള -രചന ജയിക്കട്ടെ, മംഗളം. ഇൗ മറുപടിയാണ് രാജുവിന് മറ്റുള്ളവർക്കെല്ലാം കത്തെഴുതാൻ പ്രേരണയായത്.

''36 വർഷമായി കത്തെഴുതാൻ തുടങ്ങിയിട്ട്. ജോലി കിട്ടിയശേഷമാണ് ഇഷ്ടപ്പെട്ട പുസ്തകങ്ങളെക്കുറിച്ച് എഴുത്തുകാർക്ക് കത്തെഴുതാൻ തുടങ്ങിയത്. ഇതുവരെ ആരും മറുപടി തരാതിരുന്നിട്ടില്ല.

-കെ.കെ. രാജു