s

ഫ്ളക്സിന് ബദലായി ഫ്ളക്സ് മെഷീനിൽ തുണി ബാനർ പ്രിന്റിംഗ്

ആലപ്പുഴ: തിരഞ്ഞെടുപ്പുകൾക്ക് തിളക്കം കൂട്ടുംവിധം ഫ്ളക്സുകളിൽ നിറഞ്ഞു നിന്നിരുന്ന പുഞ്ചിരിപ്പൊലിമ, ഫ്ളക്സ് നിരോധിച്ചതോടെ മങ്ങുമോയെന്ന നിരാശയിലായിരുന്നു സ്ഥാനാർത്ഥികളും പാർട്ടി നേതാക്കളും. ഇതിനു പരിഹാരമെന്നോണം ഫ്ളക്സുകളോടു കിടപിടിക്കുന്ന പുതുതലമുറ തുണി ബാനറുകളാവും ഇക്കുറി തദ്ദേശ തിരഞ്ഞെടുപ്പിന്റെ മുഖച്ഛായയാവുന്നത്.

ഫ്ലക്സുകളെക്കാൾ ഫിനിഷിംഗ് തുണി ബാനറുകൾക്ക് ലഭിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ. ചെലവ് അല്പം കൂടുമെന്ന് മാത്രം. ബാനറുകൾ മാത്രമല്ല, ചിഹ്നം പതിച്ച കോട്ടൺ മാസ്കുകളും ഇത്തവണ രംഗത്തുണ്ട്. ഫ്ലക്സിന് ഹൈക്കോടതിയുടെ നിരോധന ഉത്തരവ് വന്നപ്പോൾ തന്നെ തുണി ബാനറുകളിലേക്ക് പ്രിന്റിംഗ് മേഖല മാറിയിരുന്നു. തുണിയിൽ കൈകൊണ്ട് എഴുതി ബാനർ തയ്യാറാക്കുന്നവരുണ്ടെങ്കിലും, സമയ ലാഭവും ഗുണനിലവാരവും കണക്കിലെടുത്ത് പ്രിന്റിംഗ് ഉത്പന്നത്തിനു തന്നെയാണ് ഡിമാൻഡുള്ളത്. പോളിംഗ് ദിനം അടുക്കുന്നതോടെ സ്ഥാനാർത്ഥിയുടെ പടം പതിച്ച ടീ ഷർട്ടുകളും രംഗത്തുണ്ടാവും. തുണി ബാനർ മഴയത്ത് നശിക്കുമെന്ന ആശങ്ക പലരും പങ്കുവെച്ചിരുന്നെങ്കിലും പേടി വേണ്ടെന്ന്
പ്രിന്റിംഗ് സ്ഥാപനങ്ങൾ ഉറപ്പ് പറയുന്നു. മഴയേറ്റാലും വെയിലേറ്റാലും തിളക്കമൊട്ടും ചോരാതെ തുണി ബാനറുകൾ നിലനിൽക്കും.

ഫോട്ടോയും മാറ്ററും സ്ഥാനാർത്ഥിയോ പാർട്ടിക്കാരോ നൽകും. ഡിസൈനിംഗ് ഉൾപ്പടെയുള്ള ജോലികൾ പ്രിന്റിംഗ് സ്ഥാപനങ്ങൾ തന്നെയാണ് നിർവഹിക്കുന്നത്. കൊവിഡിന് മുമ്പ് പത്ത് ജീവനക്കാർ വരെയുണ്ടായിരുന്ന സ്ഥാപനങ്ങൾ പ്രതിസന്ധിമൂലം നാലു പേരിലേക്ക് ചുരുങ്ങിയിരുന്നു. തിരഞ്ഞെടുപ്പ് കാഹളം മുഴങ്ങിയതോടെ പ്രിന്റിംഗ് സ്ഥാപനങ്ങളിലെല്ലാം താത്കാലിക ജീവനക്കാരെ നിയമിക്കുകയാണിപ്പോൾ. സമയബന്ധിതമായി എല്ലാ പാർട്ടികൾക്കും ബാനറുകൾ എത്തിച്ചു നൽകുകയെന്നതാണ് വെല്ലുവിളി.

ചെലവല്പം കഠിനം

ഫ്ലക്സ് പ്രിന്റ് ചെയ്യാൻ ചതുരശ്ര അടിക്ക് 15 രൂപ ചെലവായിരുന്ന സ്ഥാനത്ത് കോട്ടൺ തുണിക്ക് 25 രൂപ മുടക്കണം. വില കൂടിയതോടെ സൈസ് വെട്ടിക്കുറച്ചാണ് സ്ഥാപനങ്ങൾക്കും ഉപഭോക്താക്കൾക്കും നഷ്ടമില്ലാത്ത രീതിയിൽ തുണി ബാനറുകൾ ഇറക്കുന്നത്. പൊതുവേ 6*4 സൈസിലാണ് ഫ്ലക്സുകൾ അടിച്ചിരുന്നതെങ്കിൽ, തുണി ബാനറുകൾ 5*3 സൈസിനപ്പുറം അടിക്കുന്നില്ല. എറണാകുളത്ത് നിന്ന് ഹോൾസെയിലായാണ് ആലപ്പുഴയിലെ പ്രിന്റിംഗ് സ്ഥാപനങ്ങൾ കോട്ടൺ തുണി വാങ്ങുന്നത്. ഫക്സ് പ്രിന്റ് ചെയ്യുന്ന അതേ മെഷീൻ തന്നെ ഉപയോഗിക്കുന്നതിനാൽ മറ്റ് അധിക ചെലവുകൾ വരുന്നില്ല.

വ്യക്തത വേണം

നൂറ് ശതമാനം കോട്ടൺ ആണെന്ന രേഖപ്പെടുത്തലും പ്രിന്റിംഗ് സ്ഥാപനത്തിന്റെ പേരും ബാനറിൽ നിർബന്ധമാണ്. ചുമതലപ്പെട്ട വ്യക്തിയുടെ പേരും സ്ഥാനപ്പേരും ബാനറിൽ ഉൾപ്പെടുത്തിയിരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാർഗനിർദ്ദേശമുണ്ട്.

ഫ്ലക്സ് നിരോധിച്ച കാലത്തുതന്നെ തുണി ബാനറുകളിലേക്ക് മാറിയിരുന്നു. സ്ഥാനാർത്ഥികൾ തീരുമാനമായ വാർഡുകളിൽ നിന്ന് ഓർഡറുകൾ ലഭിച്ചു തുടങ്ങി. ഫ്ളക്സിനോട് കിടപിടിക്കുന്ന അതേ ഗുണനിലവാരം തുണി ബാനറുകൾക്കും ഉറപ്പാക്കാൻ സാധിക്കുന്നുണ്ട്

വാഹിദ്, സൂര്യ സൈൻ പ്രിന്റേഴ്സ്, ആലപ്പുഴ