ആലപ്പുഴ: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിലെ ഒന്നു മുതൽ നാലു വരെയുള്ള പ്രതികൾ ആലപ്പുഴ അഡിഷണൽ സെഷൻസ് കോടതി മൂന്നിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് പന്ത്രണ്ടാം തീയതിയിലേക്ക് മാറ്റി. പ്രതിഭാഗം ജാമ്യത്തിനായി കോടതിയിൽ ഉന്നയിച്ച രേഖ ഹാജരാക്കുന്നതിനു വേണ്ടിയാണ് നടപടി. കേസിലെ അഞ്ചാം പ്രതി ഡോ. റിയ നൽകിയ മുൻകൂർ ജാമ്യാപേക്ഷയും പന്ത്രണ്ടിലേക്ക് മാറ്റി. പോപ്പുലർ ഫിനാൻസ് ഉടമ റോയ് ഡാനിയേൽ, ഭാര്യ പ്രഭ ഡാനിയേൽ, മക്കളായ റിനു മറിയം തോമസ്, റീബ മറിയം തോമസ് എന്നിവരാണ് അഭിഭാഷകനായ മനു മുഖേന കോടതിയെ സമീപിച്ചത്. പ്രോസിക്യൂഷന് വേണ്ടി പി.പി.ഗീത കോടതിയിൽ ഹാജരായി.