photo

മാരാരിക്കുളം:മണ്ണഞ്ചേരിയെ കാർഷിക മുന്നേറ്റത്തോടൊപ്പം മികവിന്റെ കേന്ദ്രമാക്കിയ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്.സന്തോഷ് ഇന്ന് അഭിമാനത്തോടെ പടിയിറങ്ങും.ഗ്രാമപഞ്ചായത്ത് ഓഫീസ് പുതുക്കി പണിത് ഹൈടെക് നിലവാരത്തിലേക്ക് മാറ്റിയതും ഐ.എസ്.ഒ. 9001-2015 പദവി നേടാനായതും ശ്രദ്ധംയ നേട്ടമായി.

2015ൽ നിലവിൽ വന്ന എൽ.ഡി.എഫ് ഭരണ സമിതിയിൽ ആദ്യ രണ്ട് വർഷം സി.പി.ഐയിലെ തങ്കമണി ഗോപിനാഥായിരുന്നു പ്രസിഡന്റ്. തുടർന്നാണ് സന്തോഷ് പ്രസിഡന്റായി ചുമതലയേൽക്കുന്നത്.ഡിവൈ.എഫ്.ഐയിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ സന്തോഷ് ആര്യാട് നോർത്ത് ഏരിയ ഭാരവാഹിയായി 14 വർഷം തുടർന്നു.സി.പി.എം ലോക്കൽ കമ്മിറ്റി അംഗമായും,അമ്പനാകുളങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറിയായും പ്രവർത്തിച്ചു.നിലവിൽ മാരാരിക്കുളം ഏരിയ കമ്മിറ്റി അംഗമാണ്.

സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികൾ

റീബിൽഡ് കേരളയിലൂടെ 10 കോടിയിലധികം രൂപയാണ് അർഹരായവർക്ക് വിതരണം ചെയ്തത്.കൊവിഡ് 19 മഹാമാരിയുടെ രൂക്ഷതയിലും ആയിരങ്ങൾക്ക് സൗജന്യമായി കമ്മ്യൂണി​റ്റി കിച്ചണനിലൂടെ ഭക്ഷണവും, ഭക്ഷണകി​റ്റും നൽകി. കൊവിഡ് രോഗികളെ താമസിപ്പിക്കുന്നതിന് കൊവിഡ് കെയർ സെന്ററുകളും,സി.എഫ്.എൽ.ടി.സിയുമൊരുക്കി.

മണ്ണഞ്ചേരിയുടെ ചരിത്രവും പൈതൃകവുമടങ്ങുന്ന ഡോക്യുമെന്ററി 'എന്റെ ഗ്രാമം മണ്ണഞ്ചേരി" എന്ന പേരിൽ തയ്യാറാക്കി.

436 കുടുംബങ്ങൾക്ക് ലൈഫ് ഭവന പദ്ധതിയിൽ വീട് നൽകിയതോടെ സംസ്ഥാന സർക്കാരിന്റെ അവാർഡും നേടാനായി.

പഞ്ചായത്തിലെ പത്തോളം വിദ്യാലയങ്ങളെ ഹൈടെക് സ്‌കൂളുകളാക്കി. സ്മാർട് ക്ലാസുകളുമൊരുക്കി.

120 ടണ്ണോളം പ്ലാസ്​റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്ത് സീറോ വേസ്​റ്റാക്കാൻ സാധിച്ചതിലൂടെ ജില്ലയിലെ നാലാമത്തെ സമ്പൂർണ്ണ ശുചിത്വപഞ്ചായത്തായി മാറി.

ഹരിതകേരള മിഷന്റെ പച്ചത്തുരുത്ത് അവാർഡും കരസ്ഥമാക്കി.

 2017-18 വർഷം പദ്ധതിചെലവ്,നികുതിപിരിവ് എന്നിവ 100 ശതമാനം ആക്കിയതിലൂടെ സർക്കാരിന്റെ അംഗീകാരം നേടാനായി.

ജലജീവൻ മിഷനിലൂടെ സമ്പൂർണ്ണ കുടിവെള്ള പദ്ധതിക്ക് തുടക്കം കുറിച്ചു.

കാർഷിക മുന്നേറ്റം മുഖമുദ്ര

2015ന് മുന്നേ തരിശ് രഹിത പഞ്ചായത്തായി പ്രഖ്യാപിച്ചിരുന്നെന്നിലും ഭരണത്തിൽ വരുന്ന സമയം 5 കരിപ്പാടങ്ങളിലും കൃഷിയില്ലായിരുന്നു.175 ഏക്കർ രുന്ന പെരുന്തുരുത്ത്കരി,32 ഏക്കർ വരുന്ന തെക്കേക്കരി പാടശേഖരങ്ങൾ കൂടാതെ പറവയ്ക്കൽ കരി,ചിരട്ടക്കാട്ടുകരി, മാങ്കരി എന്നീ പാടശേഖരങ്ങൾ കൃഷിക്ക് ഉപയുക്തമാക്കി. എ.എസ്.കനാൽ തീരത്തുള്ള 7 വാർഡുകളെ ഉൾക്കൊള്ളിച്ച് തളിർപ്പാടം എന്ന പദ്ധതിയിലൂടെ കരപ്പാടം കൃഷി വ്യാപകമാക്കി.ക്ഷീരമേഖലയിലെ പ്രവർത്തന മികവിന് ക്ഷീരസമൃദ്ധി അവാർഡ് നേടി.

കുട്ടികർഷകർക്ക് 'വയൽപച്ച"

സ്കൂൾ കുട്ടികളിൽ നെല്ല് കൃഷിയിൽ അവബോധം ഉണ്ടാക്കുന്നതിനായി സംസ്ഥാനത്ത് ആദ്യമായി വയൽപച്ച പദ്ധതി ആവിഷ്ക്കരിച്ചു നടപ്പാക്കി.നിലം ഒരുക്കൽ,നടീൽ,വളം ഇടൽ,കൊയ്ത്ത്,മെതി എന്നിവ പരിശീലിപ്പിച്ച് വിദ്യാർത്ഥികളെ കാർഷമേഖലയിലേക്ക് ആകർഷിക്കുവാൻ സാധിച്ചു.

വിദ്യാർത്ഥികൾക്ക് 'തെളിച്ചം"

കണക്ക്,ഇംഗ്ലീഷ്,മലയാളം വിഷയങ്ങളിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തി അവർക്കായി പ്രത്യേക പരിശീലനം നൽകുന്ന പദ്ധതി സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കി.ഇത് പിന്നീട് സംസ്ഥാന സർക്കാർ തിളക്കം എന്ന പേരിൽ സംസ്ഥാനത്ത് ആകെ നടപ്പാക്കി.