ആലപ്പുഴ: കൊവിഡ് കാലത്തെ ആയുർവേദ ചികിത്സാ രീതികൾ ജനങ്ങളിൽ എത്തിക്കുന്നതിൽ ജില്ലയിലെ ആയുർവേദ ആരോഗ്യസംവിധാനം ഏറെ പിന്നിലാണെന്ന് കേരള സ്റ്റേറ്റ് ആയുർവേദ മെഡിസിൻ ഡീലേഴ്സ് അസോസിയേഷൻ ആരോപിച്ചു. ചില ആയുർവേദ ഡോക്ടർമാർ രോഗികളെ അലോപ്പതി ചികിത്സയ്ക്ക് പ്രേരിപ്പിക്കുന്നതായി അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പി.ജെ.കുര്യൻ കുറ്റപ്പെടുത്തി.

ഉത്തരവാദിത്തപ്പെട്ടവരുടെ ഒഴിഞ്ഞുമാറലിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ സംസ്ഥാന ആരോഗ്യ വകുപ്പ് തയാറാകണം. കൊവിഡ് പ്രതിരോധത്തിനും, രോഗിക്ക് ചികിത്സയ്ക്കും, രോഗ മുക്തിക്കു ശേഷം ആരോഗ്യം വീണ്ടെടുക്കുന്നതിനും ആവശ്യമായ ആയുർവേദ ചികിത്സാ രീതികൾ ജനങ്ങൾക്ക് പൂർണമായി ലഭ്യമാകുന്നില്ലെന്നും പി.ജെ.കുര്യൻ പറഞ്ഞു. പുനർജനി ഉൾപ്പടെ കൊവിഡ് രോഗികൾക്കുള്ള ആരോഗ്യ വകുപ്പിന്റെ പദ്ധതികൾ മികച്ച രീതിയിൽ മുന്നേറുകയാണ്. തുടക്ക കാലവുമായി താരതമ്യം ചെയ്യുമ്പോൾ, കൂടുതൽ ആളുകൾ ആയുർവേദത്തിലേക്ക് എത്തുന്നുണ്ടെന്ന് നോഡൽ ഓഫീസർ പറഞ്ഞു.