fg

കൊടിതോരണങ്ങളുടെ തുന്നൽ സ്പെഷ്യലിസ്റ്റ്

ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിയതോടെ, കൊവിഡ് ആലസ്യത്തിൽ നിന്ന് തിരക്കിന്റെ സൂചിമുനയിൽ കുടുങ്ങിയിരിക്കുകയാണ് ആലപ്പുഴ ന്യൂ ബസാർ ഫാഷൻ സ്റ്റിച്ചിംഗ് സെന്റർ ഉടമ എച്ച്.എം. റഷീദ്. പത്തു വർഷമായി മുന്നണി ഭേദമില്ലാതെ രാഷ്ട്രീയ പാർട്ടികളുടെ കൊടി തോരണങ്ങൾ തയ്ച്ചു കൊടുക്കുന്ന വെള്ളക്കിണൽ അത്തിപ്പറമ്പ് വീട്ടിൽ റഷീദിന് (70) കൊവിഡ് അവശേഷിപ്പിക്കുന്ന തൊഴിൽരഹിത നാളുകളിൽ നിന്നുള്ള മോചനം കൂടിയാണ് കൊടിതോരണങ്ങൾ.

പിതാവിന്റേതായിരുന്നു തയ്യൽക്കട. 70 വർഷത്തെ 'തുന്നൽക്കഥ'യുണ്ട് ഈ കടയ്ക്ക്. പ്രവാസിയായിരുന്ന റഷീദ്, പിതാവിന്റെ മരണത്തോടെ നാട്ടിലെത്തി കട ഏറ്റെടുക്കുകയായിരുന്നു. തൊഴിൽ പൊതുവേ കുറവുള്ള കാലം. ഈ സമയത്താണ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകർ കൊടിതോരണങ്ങൾ തയ്പ്പിക്കാനായി റഷീദിനെ സമീപിച്ചത്. രണ്ടും കല്പിച്ച് വെല്ലുവിളി ഏറ്റെടുത്തു.

തുന്നൽ ഇഷ്ടപ്പെട്ട മറ്റു പാർട്ടിക്കാരും കടയിലേക്കെത്തിയതോടെ കൊടിതോരണ സ്പെഷ്യലിസ്റ്റായി മാറുകയായിരുന്നു റഷീദ്. 35 രൂപയ്ക്കാണ് ഒരു കൊടി തുന്നുന്നത്. പോളിയെസ്റ്റർ തുണിയിലാണ് നിർമ്മാണം. തിരഞ്ഞെടുപ്പ് കാലത്തു മാത്രമല്ല, രാഷ്ട്രീയ പാർട്ടികളുടെ മറ്റു പരിപാടികൾക്കു വേണ്ടിയും റഷീദിന്റെ തുന്നൽ മെഷീൻ ചലിക്കാറുണ്ട്. പുന്നപ്ര വയലാർ വാർഷിക വാരാചരണത്തെ ചുവപ്പിൽ മുക്കുന്നതിനു മുഖ്യ പങ്കുവഹിക്കുന്നതും റഷീദിന്റെ തുന്നൽക്കടയാണ്.

രാഷ്ട്രീയ പാർട്ടികളുടെ ഓർഡർ സ്വീകരിച്ച് ചെയ്യുന്നതിനൊപ്പം വില്പനയ്ക്കായി കൊടികളും തോരണങ്ങളും തുന്നി സ്റ്റോക്ക് ചെയ്യാറുണ്ട്. കൊവിഡിൽ പാർട്ടി പരിപാടികൾ കുറഞ്ഞതോടെ വല്ലപ്പോഴുമെത്തുന്ന മറ്റു തുന്നലുകളായിരുന്നു വരുമാനമാർഗം. തിരഞ്ഞെടുപ്പ് അടുത്തതോടെ കളം കൊഴുക്കുമെന്നാണ് റഷീദിന്റെ വിലയിരുത്തൽ.