ആലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയിൽ കോടികളുടെ അഴിമതി നടന്നതായി വിജിലൻസ് റിപ്പോർട്ട്. വാട്ടർ അതോറിട്ടിയിലെ മൂന്ന് ഉയർന്ന ഉദ്യോഗസ്ഥർക്കും മേൽനോട്ട ഏജൻസിക്കുമെതിരെ നടപടിക്ക് ശുപാർശയുണ്ട്. റിപ്പോർട്ട് അടുത്ത ദിവസം സർക്കാരിനു സമർപ്പിക്കും.

പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ നൽകിയ പരാതിയെ തുടർന്നാണ് നടപടി. പൈപ്പുകൾക്ക് ഗുണനിലവാരമില്ലാത്തതിനാൽ മൂന്ന് വർഷത്തിനിടെ 50 തവണയാണ് പൊട്ടിയത് . മികച്ച നിലവാരത്തിലുള്ള റോഡ് തകരുകയും ചെയ്തു. ആലപ്പുഴ നഗരസഭയ്ക്കും പരിസരത്തെ 8 പഞ്ചായത്തുകൾക്കും കുടിവെള്ളം എത്തിക്കാനുള്ള 193.35 കോടിയുടെ സമ്പൂർണ്ണ കുടിവെള്ള പദ്ധതിയുടെ നടത്തിപ്പിലാണ് പ്രാഥമിക അന്വേഷണത്തിൽ അഴിമതി കണ്ടെത്തിയിരിക്കുന്നത്. വാട്ടർ അതോറിട്ടിയിലെ ഉയർന്ന ഉദ്യോഗസ്ഥരുടെ അറിവോടെ ഗുണനിലവാരം കുറഞ്ഞ പൈപ്പുകൾ സ്ഥാപിച്ചെന്നാണ് പരാതി. കടപ്രയിൽ നിന്നു കരുമാടിയിലേക്ക് ഇട്ട പൈപ്പുകളിലാണ് ഗുണനിലവാരം കുറഞ്ഞ പൈപ്പുകൾ ഉപയോഗിച്ചിരിക്കുന്നത്. ആകെ 350 കിലോമീറ്ററിലധികമാണ് പദ്ധതിയുമായി ബന്ധപ്പെട്ട് പൈപ്പുകൾ സ്ഥാപിച്ചിരിക്കുന്നത്.