ഹരിപ്പാട്: പ്രളയത്തിൽ തകർന്ന പുറംബണ്ട് പുനർനിർമ്മിക്കാത്തതിനാൽ കരുവാറ്റ ചാലുങ്കൽ പാടശേഖരത്തിൽ രണ്ടാം കൃഷിക്ക് ഒരുക്കമല്ലെന്ന് കർഷകർ. 450 ഏക്കർ ഭൂവിസ്തൃതിയുള്ള കരുവാറ്റ ചാലുങ്കൽ പാടശേഖരത്തിലെ നൂറ്റി അറുപത്തിരണ്ടര ഏക്കർ സ്ഥലത്താണ് നൂറ്റി പന്ത്രണ്ടോളം കർഷകർ തങ്ങളുടെ ജീവിത മാർഗത്തിനായി വർഷം തോറും കൃഷിയിറക്കുന്നത്.കഴിഞ്ഞ മഹാപ്രളയത്തിൽ കരുവാറ്റ ലീഡിംഗ് ചാനലിന് സമീപത്തുള്ള പുറംബണ്ട് തകർന്നതാണ് ഇവിടുത്തെ കർഷകരെ ഇപ്പോൾ ദുരിതതത്തിലാക്കിയിരിക്കുന്നത്. കൈക്കാശു മുടക്കി മണൽചാക്കുകളും ചെളിയും നിരത്തി താത്ക്കാലിക ബണ്ട് നിർമ്മിച്ചാണ് നിലവിൽ ഇവിടെ കർഷകർ കൃഷിയിറക്കിയിരിക്കുന്നത്. എന്നാൽ ഇത് കർഷകർക്കു അധിക കടബാധ്യതയാണ് വരുത്തിയിരിക്കുന്നത്. മോട്ടോർ തറ തടിയിൽ ഒരുക്കിയിരിക്കുന്നതിനാൽ അതും ഇടിഞ്ഞ് വെള്ളത്തിലേക്ക് പോകാറായ അവസ്ഥയിലാണ്. വെള്ളപ്പൊക്ക സമയത്ത് കിഴക്കൻ വെള്ളത്തിന്റെ ശക്തമായ വരവും കൂടിയായാൽ കൃഷി നശിക്കുമെന്ന് മാത്രമല്ല പ്രദേശത്തെ 50 ഓളം വീടുകളും വെള്ളത്തിലാകുമെന്നതാണ് നിലവിലെ അവസ്ഥ. കൃഷിമന്ത്രിക്കും സ്ഥലം എം. എൽ. എ യ്ക്കും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർക്കും ബണ്ട് പുനർനിർമ്മിയ്ക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നൽകിയിട്ടും വാക്കാൽ അനുകൂല മറുപടി ലഭിക്കുന്നതല്ലാതെ ഫലത്തിൽ നടന്നു കാണുന്നില്ലെന്നാണ് കർഷകരുടെ പരാതി. നിലവിൽ ഇവിടെ കൊയ്ത്ത് നടക്കുകയാണ്. നല്ല വിളവ് ലഭിച്ചിട്ടുണ്ടെങ്കിലും ബാദ്ധ്യതയ്ക്ക് നടുവിലാണ് കർഷകർ.
കരുവാറ്റ ചാലുങ്കൽ പാടശേഖരം
450
കരുവാറ്റ ചാലുങ്കൽ പാടശേഖരത്തിന്റെ വിസ്തൃതി 450 ഏക്കറാണ്
162.5
പാടശേഖരത്തിലെ നൂറ്റി അറുപത്തിരണ്ടര ഏക്കർ സ്ഥലത്താണ് കൃഷിയിറക്കുന്നത്
രണ്ടാം കൃഷിയ്ക്ക് ഇറങ്ങണമെങ്കിൽ കൽക്കെട്ട് കെട്ടി പുറംബണ്ട് നിർമ്മിക്കാൻ അധികാരികൾ തയ്യാറാകണം. ഇനിയും കടബാദ്ധ്യത ഏറ്റെടുത്താൽ ആത്മഹത്യയല്ലാതെ മറ്റു മാർഗ്ഗമില്ല.
കർഷകർ