ആലപ്പുഴ ജില്ലാപഞ്ചായത്തിലേക്ക് യു.ഡി.എഫ് സീറ്റുവിഭജനം ഇന്നലെയും പൂർത്തിയായില്ല.ഘടക കക്ഷികളുടെ സീറ്രുകളുമായി ബന്ധപ്പെട്ടാണ് ചർച്ച വഴി മുട്ടിനിൽക്കുന്നത്. ഇന്നലെ കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ സാന്നിദ്ധ്യത്തിൽ ജില്ലയിലെ കെ.പി.സി.സി ഭാരവാികളുടെയും ഡി.സി.സി , ബ്ളോക്ക് ഭാരവാഹികളുടെയും യോഗം നടന്നിരുന്നു. യോഗം പ്രതീക്ഷിച്ചതിലും നീണ്ടുപോയതിനാലാണ് ഘടക കക്ഷികളുമായുള്ള ചർച്ച നടക്കാതിരുന്നത്. ഇന്ന് രാവിലെ ബ്ലോക്ക്തല സമിതികളുടെ യോഗം നടക്കുന്നുണ്ട്. ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലെ സീറ്ര് വിഭജനവുമായി ബന്ധപ്പെട്ട ചർച്ചകളാവും നടക്കുക. ഉച്ചയ്ക്ക് ശേഷം ജില്ലാ പഞ്ചായത്ത് സീറ്റ് വിഭജന ചർച്ച നടക്കും.
മുസ്ലീം ലീഗുമായാണ് മുഖ്യമായും ഇനി ചർച്ച നടക്കേണ്ടത്.ഇപ്പോൾ അവർക്കു വാഗ്ദാനം ചെയ്തിട്ടുള്ള സീറ്രിന് പുറമെ ഒരു സീറ്രുകൂടി ആവശ്യപ്പെട്ടിട്ടുണ്ട്. അത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് കോൺഗ്രസ് ജില്ലാ നേതൃത്വം.
എൻ.ഡി.എ യുടെ സീറ്റ് വിഭജനവും മിക്കവാറും നാളെ പൂർത്തിയായേക്കും. ഇന്നലെ ബി.ഡി.ജെ.എസ് ജില്ലാ കമ്മിറ്രിയോഗം ചേർന്ന് സീറ്റ് വിഭജനമടക്കമുള്ള കാര്യങ്ങൾ ചർച്ചചെയ്തിരുന്നു. കമ്മിറ്രിക്കു ശേഷം ബി.ജെ.പി ജില്ലാ പ്രസിഡന്റ് അടക്കമുള്ള നേതാക്കളുമായും അവർ ആശയവിനിമയം നടത്തി. ഇന്ന് ജില്ലാ പഞ്ചായത്ത് സീറ്റ് വിഭജനത്തിൽ ധാരണയാക്കാമെന്ന നിലപാടാണ് രണ്ട് പാർട്ടികളുടെയും ജില്ലാ നേതൃത്വത്തിനുള്ളത്. ബ്ളോക്ക്, ഗ്രാമപഞ്ചായത്തുകളിലെ സീറ്രുവിഭജനം പ്രാദേശിക തലത്തിൽ പുരോഗമിക്കുകയാണ്.