അമ്പലപ്പുഴ: ആലപ്പുഴ മെഡി. ആശുപത്രിയിലെ കൊവിഡ് വാർഡുകളിൽ കഴിയുന്ന രോഗികൾക്ക് ശ്വാസതടസമുണ്ടായാൽ രക്ഷാ ദൗത്യവുമായി വിളിപ്പുറത്തുള്ള ഓക്സിജൻ പ്ളാന്റ് ജീവനക്കാരായ അഞ്ചംഗ സംഘത്തിന് അഭിനന്ദനവുമായി ആശുപത്രി അധികൃതർ.
സുജിത്, മഞ്ചേഷ്, രാജേഷ്,അഭിലാഷ്, രാഗേഷ് എന്നിവരുടെ ആത്മാർത്ഥ സേവനത്തെയാണ് ആശുപത്രി സൂപ്രണ്ട് ഡോ. ആർ.വി. രാംലാൽ അഭിനന്ദിച്ചത്. ആശുപത്രിയിൽ സ്ഥാപിച്ചിട്ടുള്ള ലിക്വിഡ് ഓക്സിജൻ പ്ലാന്റിലേക്ക് ടാങ്കർ ലോറിയിൽ ലിക്വിഡ് മെഡിക്കൽ ഓക്സിജൻ (എൽ.എം.ഒ) എത്തിക്കും. ബൾക്ക് സിലിണ്ടറിലേക്കും അവിടെ നിന്ന് ബി ടൈപ്പ് സിലിണ്ടറിലേക്കു പകരണം. കൊവിഡ് രോഗികൾക്ക് ശ്വാസതടസം നേരിട്ടാൽ ഉയർന്ന മർദ്ദത്തിൽ ഓക്സിജൻ ലഭ്യമാക്കേണ്ടതുണ്ട്. ഓക്സിജൻ പ്ളാന്റ് ജീവനക്കാരുടെ ചെറിയൊരു അനാസ്ഥ പോലും വിലപ്പെട്ടൊരു ജീവൻ നഷ്ടപ്പെടുത്തിയേക്കാം. എന്നാൽ ഇതുവരെ പരാതികൾക്കൊന്നും ഇടവരുത്താതെയാണ് ഇവർ അഹോരാത്രം പണിയെടുത്തത് എന്നതാണ് അംഗീകാരത്തിന് അർഹരാക്കിയത്.