പോത്തു വളർത്തലിലേക്ക് കൂടുതൽ പേർ
ആലപ്പുഴ: പോത്തിറച്ചി പലരുടെയും ഇഷ്ടവിഭവമാണെങ്കിലും പോത്തിനെ 'ഇറച്ചിപ്പരുവ'മാകും വരെയൊന്നു വളർത്തിയടുത്ത് വിറ്റാലുണ്ടാവുന്ന ലാഭത്തെപ്പറ്റി ചിന്തിക്കുന്നവർ വിരളം. കൊവിഡ് കാലത്ത് തൊഴിൽ നഷ്ടപ്പെട്ട പലരും ദുരഭിമാനം പരണത്തുവച്ച് പോത്ത് വളർത്തലിലേക്ക് ഇറങ്ങിയപ്പോൾ, തരക്കേടില്ലാത്ത ലാഭത്തിലേക്കുള്ള വാതിലാണ് മലർക്കെ തുറക്കപ്പെട്ടത്.
ജില്ലയിൽ പോത്തിനെ വളർത്തുന്നവരുടെ എണ്ണം കൊവിഡ് കാലത്ത് കൂടിയിട്ടുണ്ടെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറയുന്നു. വയലുകളും വെള്ളവുമുള്ള പ്രദേശങ്ങളിൽ പോത്ത് വളർത്തലിന് ചെലവും കുറയും. കുറഞ്ഞ ചെലവിൽ കൂടുതൽ വരുമാനം ലഭിക്കുന്ന സംരംഭമാണിത് എന്നാണ് തുടക്കക്കാരുടെ അഭിപ്രായം. ജില്ലയുടെ തെക്ക്, കിഴക്കൻ മേഖലകളിലാണ് പോത്ത് വളർത്തൽ കൂടുതലുള്ളത്. ഓണാട്ടുകര വികസന സമിതി 1000 പോത്തുകളെയാണ് സബ്‌സിഡിയോടെ വളർത്താൻ നൽകിയത്. പോത്ത് വളർത്തൽ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി താത്പര്യമുള്ളവർക്ക് പരിശീലനവും നൽകുന്നുണ്ട്.
കൊവിഡ് പ്രതിസന്ധിക്ക് മുമ്പും ഓണാട്ടുകരക്കാർക്ക് വരുമാന മാർഗമായിരുന്നു പോത്ത് വളർത്തൽ. നിലവിൽ പോത്തിറച്ചി കിലോയ്ക്ക് 340 രൂപയാണ്. പരിമിത സൗകര്യം, കുറഞ്ഞ തീറ്റച്ചെലവ്, രോഗസാദ്ധ്യത കുറവ് എന്നിവയാണ് കൂടുതൽ ആളുകളെ പോത്ത് കൃഷിയിലേക്ക് ആകർഷിച്ചത്.
.........................
ഇനി നാടൻ പോത്തുകൾ
പരിശോധനയില്ലാതെ കണ്ടെയ്നറിൽ നിരവധി പോത്തുകളെയാണ് തമിഴ്നാട്ടിൽ നിന്ന് ചെക്ക് പോസ്റ്റ് കടന്ന് കേരളത്തിലെത്തിച്ചിരുന്നത്. പോത്ത് വളർത്തൽ വ്യാപകമായാൽ ഇറച്ചിവെട്ടുകാർക്കുള്ള പോത്തുകൾ കേരളത്തിൽ നിന്നുതന്നെ ലഭ്യമാവും. വിശ്വസിച്ച് ഇറച്ചി കഴിക്കുകയും ചെയ്യാം!
മികച്ച നേട്ടം
പോത്തുകൾ ഒരു വർഷംകൊണ്ട് 150 കിലോവരെ തൂക്കത്തിലെത്തും. പൂർണ്ണ വളർച്ചെയെത്തിയ പോത്തിന് 400 മുതൽ 800 കിലോ വരെ ഭാരമുണ്ടാകും. നീലിരവി (പഞ്ചാബ്), ജാഫറാബാദി (ഗുജറാത്ത്), ഗോദാവരി (ആന്ധ്ര) തുടങ്ങിയ പോത്തിനങ്ങളാണ് സുലഭം. ഹരിയാനയിൽ നിന്നുള്ള 'മുറ' ഇനം പോത്തിന്റേത് ഗുണനിലവാരമുള്ള മാംസമാണ്. പോത്ത് വളർത്തലിലൂടെ നാല് മാസം കൊണ്ട് മൂന്നിരട്ടി ലാഭം ഉണ്ടാക്കാം. 1000 മുതൽ 20,000 വരെയാണ് പോത്ത് കുട്ടികളുടെ വില. വളർത്തി വിറ്റാൽ ഒന്നിന് ശരാശരി 60,000 രൂപ വരെ ലഭിക്കും. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് ജില്ലയിലേക്ക് പോത്തുകുട്ടികളെ ഏജൻസികൾ എത്തിക്കുന്നത്.
...........................
കൊവിഡ് കാലത്ത് ധാരാളം പേർ പോത്ത് വളർത്തലിലേക്ക് തിരിഞ്ഞിട്ടുണ്ട്. കർഷകർക്ക് പോത്ത് വളർത്തലിനെക്കുറിച്ചും കുത്തിവയ്പ്പുകളെക്കുറിച്ചും ഡോക്ടർമാർ നിർദ്ദേശം നൽകുന്നുണ്ട്. ആധുനിക തൊഴുത്തുകളൊന്നും പോത്ത് വളർത്തലിന് ആവശ്യമില്ല. ശുദ്ധജലം ലഭ്യമാകുന്ന സ്ഥലം വേണം
(മൃഗസംരക്ഷണ വകുപ്പ് അധികൃതർ)
..................................
ലോക്ഡൗൺ കാലത്ത് തുടങ്ങിയതാണ് പോത്ത് വളർത്തൽ. കഴിഞ്ഞ ദിവസം ഒരു പോത്തിനെ വിറ്റപ്പോൾ നല്ല ലാഭം കിട്ടി
(സലീം,കർഷകൻ)