
ആലപ്പുഴ : ഈർപ്പം, കറവൽ എന്നിയിലെ കിഴിവിന്റെ പേരിൽ രണ്ടാം കൃഷിയുടെ നെല്ല് സംഭരണത്തിൽ മില്ലുകാർ കർഷകരെ ചൂഷണം ചെയ്യുന്നതായി പരാതി. നൂറു കിലോ നെല്ല് സംഭരിക്കുമ്പോൾ അഞ്ചു മുതൽ 11 കിലോ വരെ കിഴിവ് നൽകണമെന്നാണ് സപ്ളൈകോ സംഭരണത്തിനായി നിയോഗിച്ച മില്ലുകാരുടെ ആവശ്യം.
കടുത്ത വെയിലുള്ളപ്പോൾ കൊയ്യുന്ന നെല്ലിനും മില്ലുകാർ കർഷകരിൽ നിന്ന് കിഴിവ് ഈടാക്കിയിരുന്നു. രണ്ടാം കൃഷിയിൽ ഏഴ് കിലോവരെ കിഴിവിലാണ് നെല്ല് സംഭരിച്ചത്. പുറക്കാട് മലയിൽ തോട് പാടശേഖരത്തിൽ 11കിലോ കിഴിവ് മില്ലുകാർ ആവശ്യപ്പെട്ടതിനാൽ സംഭരണം വൈകി. സംഭരണം വേഗത്തിലാക്കാൻ കളക്ടർ കൃഷി വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതോടെ കഴിഞ്ഞ ദിവസം പാടശേഖരസമിതിക്കാർ മില്ലുകാരുമായി നടത്തിയ ചർച്ചയിൽ എട്ട്കിലോ കിഴിവ് നൽകാമെന്ന് ധാരണയിൽ എത്തി. ഇതിനുശേഷമാണ് ഇവിടെ സംഭരണം ആരംഭിച്ചത്. തുലാവർഷം ഏത് സമയത്തും എത്താമെന്നതിനാൽ കിഴിവിലെ ചൂഷണം നോക്കാതെ കർഷകർ മില്ലുടമകളുടെ തീരുമാനത്തിന് വഴങ്ങുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴ കർഷകരെ ആശങ്കയിലാക്കിയിട്ടുണ്ട്.
മില്ലുകാരുടെ നാടകം
കിഴിവ് നൽകിയില്ലെങ്കിൽ നെല്ല് സംഭരിക്കില്ലെന്ന ഭീഷണി വർഷങ്ങളായി മില്ലുകാർ മുഴക്കുന്നതാണ്.. കൊയ്ത്തു കഴിഞ്ഞു നെല്ല് കളത്തിൽ കൂട്ടിക്കഴിയുമ്പോൾ മില്ലുകാരുടെ ഏജന്റ് എത്തി നെല്ല് പരിശോധിച്ച ശേഷം ഉണക്കില്ലെന്നും കറവലാണെന്നും കിഴിവു നൽകണമെന്നും ആവശ്യപ്പെടും. മഴ പെയ്ത് നെല്ല് നശിച്ചു പോകുമോ എന്ന ഭയമുള്ളതിനാൽ പല കർഷകരും മില്ലുകാരുടെ ഭീഷണിക്കു മുന്നിൽ വീഴും. കിഴിവ് കൊടുക്കില്ലെന്നു വാശി പിടിക്കുന്നവരുടെ നെല്ല് ഒഴിവാക്കിയാകും സംഭരണം.
ഉദ്യോഗസ്ഥർ പരിശോധന നടത്തി ഗുണനിലവാരം കുറവില്ലെന്നു കണ്ടെത്തിയാലും മില്ലുകാർ വഴങ്ങില്ല.
രണ്ടാം കൃഷിയിൽ വിളവ് കുറഞ്ഞു
രണ്ടാം കൃഷിയിൽ വിളവ് കുറഞ്ഞത് കർഷകർക്ക് തിരിച്ചടിയായി. ചെടികൾ പൂത്തതു മുതൽ വിളവെടുപ്പു വരെ അനുഭവപ്പെട്ട മഴ വിളവ് കുറയാൻ കാരണമായി. മഴക്കാലത്ത് നെല്ലിന്റെ പൂവിൽ മഴത്തുള്ളികൾ തങ്ങിനിൽക്കുന്നത് പരാഗണത്തിന് തടസമാകും. നെല്ല് നിലംപൊത്തിയതും വിളവിനെ ബാധിച്ചു. കഴിഞ്ഞ വർഷം 30ക്വിന്റൽ നെല്ല് ലഭിച്ചിടത്ത് 20മുതൽ 25വരെ ക്വിന്റലാണ് ഇത്തവണ ലഭിച്ചത്. കിലോക്ക് 27.48രൂപയാണ് കർഷകർക്കു ലഭിക്കുന്നത്.
"ജില്ലയിൽ 18മില്ലുകളുടെ നേതൃത്വത്തിലാണ് സംഭരണം. വിവിധ പാടശേഖരങ്ങളിൽ നിന്ന് 11000 മെട്രിക് ടൺ സംഭരിച്ചു. കരാർ പ്രകാരം 100കിലോ നെല്ലിന് 64.5കിലോ അരി കോർപ്പറേഷന് നൽകണം.
രാജേഷ്, പാഡി മാർക്കറ്റിംഗ് ഓഫിസർ