കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കണം
ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നാമനിർദ്ദേശ പത്രികകൾ ഇന്ന് മുതൽ സമർപ്പിക്കാം. 19 ആണ് അവസാന തീയതി.
കൊവിഡ് നിയന്ത്രണങ്ങളെത്തുടർന്ന്, സ്ഥാനാർത്ഥിയും നിർദ്ദേശകരും ഉൾപ്പെടെ മൂന്നുപേർ മാത്രമേ പത്രികാ സമർപ്പണത്തിനായി വരണാധികാരിക്ക് മുൻപിൽ എത്താവൂ. ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥി ജില്ലാ തിരഞ്ഞെടുപ്പ് വരണാധികാരിയായ കളക്ടർക്ക് മുമ്പാകെയോ ഉപ വരണാധികാരിയായ എ.ഡി.എം മുമ്പാകെയോ നാമനിർദ്ദേശ പത്രിക സമർപ്പിക്കണം. ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിക്കുന്നവർ ബ്ലോക്ക് തലത്തിലെ വരണാധികാരിയായ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കോ, ഉപവരണാധികാരിയായി നിയമിക്കപ്പെട്ടവർക്കോ പത്രികകൾ സമർപ്പിക്കണം. ഗ്രാമപഞ്ചായത്ത് തലത്തിൽ മത്സരിക്കുന്നവർ വരണാധികാരിയായ ഗ്രാമപഞ്ചായത്ത് സെക്രട്ടറി മുമ്പാകെയോ, ഉപ വരണാധികാരിക്ക് മുമ്പാകെയോ ആണ് നാമനിർദ്ദേശ പത്രികകൾ സമർപ്പിക്കേണ്ടത്.
രാവിലെ 11 മുതൽ വൈകിട്ട് 3 വരെയാണ് പത്രികാ സമർപ്പണത്തിനുള്ള സമയം . ഗ്രാമപഞ്ചായത്ത് തലത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ 1000 രൂപയും ബ്ലോക്ക്, നഗരസഭ തലങ്ങളിൽ 2000 രൂപയും, ജില്ലാ പഞ്ചായത്തിലേക്ക് 3000 രൂപയും നാമനിർദ്ദേശ പത്രികയ്ക്കൊപ്പം കെട്ടിവയ്ക്കണം. പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന സ്ഥാനാർത്ഥികൾ നിശ്ചിത തുകയുടെ 50 ശതമാനം മാത്രം കെട്ടിവച്ചാൽ മതിയാകും. ഒരു സ്ഥാനാർത്ഥി ഒന്നിലധികം പത്രികകൾ സമർപ്പിച്ചാൽ കൂടുതൽ തുക കെട്ടിവയ്ക്കേണ്ടതില്ല. 19 വരെയാണ് നാമനിർദ്ദേശ പത്രികകകൾ സ്വീകരിക്കുക.